സര്‍ഗാലയയില്‍ കലാ മാമാങ്കത്തിന് നാളെ തിരശ്ശീല വീഴും
പയ്യോളി: അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ സര്‍ഗാലയയില്‍ നാളെ സമാപനം. തിങ്കളാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കുന്ന സമാപന സമ്മേളനം മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ കെ. ദാസന്‍ അധ്യക്ഷനാകും. ചരിത്രകാരന്‍ കെ.കെ.എന്‍ കുറുപ്പ്, ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു, ഇ. ഇസ്മായില്‍ സംബന്ധിക്കും.
250ല്‍പരം കരകൗശല സ്റ്റാളുകളും ഭൂട്ടാന്‍, നേപ്പാള്‍, ഉസ്‌ബെക്കിസ്ഥാന്‍, ഉഗാണ്ട തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയ കരകൗശല വിദഗ്ധരുടെ പ്രദര്‍ശന സ്റ്റാളുകളും മേളയുടെ മാറ്റുകൂട്ടി. മേളയില്‍ ഏറെ ആകര്‍ഷണീയമായത് പൈതൃകഗ്രാമങ്ങളാണ്. കേരള ഗോത്രഗ്രാമം, കളരി വില്ലേജ്, കരകൗശല കൈത്തറി ഗ്രാമം എന്നിവ കൗതുകത്തോടൊപ്പം കേരളത്തിന്റെ ഗ്രാമീണ കരകൗശല കലാപാരമ്പര്യം വിളിച്ചോതുന്നതുമായി.
നിരവധി പവലിയനിയനുകളിലായി 500ല്‍ പരം ആര്‍ടിസാന്‍മാരാണ് സന്ദര്‍ശകര്‍ക്ക് തങ്ങളുടെ കരവിരുതുകളുടെ മാസ്മരികതയിലൂടെ അവിസ്മരണീയാനുഭവം സൃഷ്ടിച്ചത്. കൂടാതെ മാമാങ്ക സന്ധ്യകളില്‍ സംസ്ഥാനത്തെ മികച്ച കലാകാരന്‍മാര്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മേളയുടെ കൊഴുപ്പേകി.
മേളയില്‍ ഇന്ന് വൈകിട്ട് 6.30 മുതല്‍ കലാപരിപാടികള്‍, കേരള സ്‌കൂള്‍ കലോത്സവ വിജയികള്‍ അവതരിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. നാളെ സമാപന സമ്മേളന ശേഷം കെ.പി.എ.സിയുടെ 'മുടിയനായ പുത്രന്‍' എന്ന നാടകത്തോടെ 20 ദിനങ്ങളിലായി നീണ്ടുനിന്ന കലാകരകൗശല മാമാങ്കത്തിനു തിരശ്ശീല വീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."