സ്‌നേഹഗായകന്‍
എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാര്‍ക്കും ശേഷം മലയാളത്തിന് കിട്ടിയ മഹാഭാഗ്യങ്ങളാണ് ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവര്‍. ഇടക്കാലത്ത് തളര്‍ന്നുപോയ മലയാളകവിതയ്ക്ക് അടിത്തറപാകിയ കവിത്രയത്തിലെ പ്രമുഖനാണ് കുമാരനാശാന്‍.
വള്ളത്തോള്‍ സൗന്ദര്യഗായകനായും ഉള്ളൂര്‍ ധര്‍മ്മ ഗായകനായും പരിലസിച്ചപ്പോള്‍ കുമാരനാശാന്‍ സ്‌നേഹഗായകനായി പ്രശോഭിച്ചു. മഹാകാവ്യം എഴുതാതെ മഹാകവിയായ ആശാന്റെ കാവ്യജീവിതത്തിലൂടെ
കവിതകളുടെ സവിശേഷതകള്‍
വഴിമുട്ടിനിന്ന മലയാള കവിതയ്ക്ക് പുതുവഴി തുറന്ന് മോചനം നല്‍കിയ മഹാകവിയാണ് കുമാരനാശാന്‍. ആശാന്‍ കവികളുടെ മഹാകവിയായിരുന്നു. കാവ്യകലയുടെ അസാധാരണമായ വ്യാപ്തിയും മഹത്വവും കുമാരനാശാന്‍ തിരിച്ചറിഞ്ഞിരുന്നു. കൊടുംവിഷത്തെ അത് അമൃതാക്കി മാറ്റുന്നു. ഉന്നത പര്‍വ്വതശിഖരങ്ങള്‍, ഉയര്‍ന്ന തിരമാലകളടിക്കുന്ന സമുദ്രം, പൂത്തുനില്‍ക്കുന്ന വനഭൂമി, താരാമണ്ഡലം, സൗരയൂഥം എല്ലാം കാവ്യസ്പര്‍ശത്താല്‍ ധന്യമാകുന്നു. മലയാളകവിതയിലെ ഉണര്‍ത്തുപാട്ടുകാരനായിരുന്നു ആശാന്‍.
ആശാന്റെ കവിതകളുടെ അടിസ്ഥാനം സ്‌നേഹമാണ്. നളിനി, ലീല, സീത, സാവിത്രി, പ്രേമലത, മാതംഗി, ഉപഗുപ്തന്‍, മദനന്‍, ആനന്ദന്‍, ബുദ്ധന്‍ എന്നിവരെല്ലാം സ്‌നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്. ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്‌നേഹമാണെന്ന് ഇവര്‍ ജീവിതം കൊണ്ട് തെളിയിക്കുന്നു. ആശാന്‍ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്‌നേഹപ്രഭ വിളങ്ങിനില്‍ക്കുന്നു. സ്‌നേഹം തന്നെയാണ് ജീവിതമെന്നും സ്‌നേഹരാഹിത്യം മരണം തന്നെയാണെന്നും തന്റെ കവിതകളിലുടനീളം കവി സമര്‍ത്ഥിക്കുന്നു.
ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് ആശാന്‍ കവിതയിലെ ദര്‍ശനം. ഭാരതീയ തത്വചിന്തയുടെയും നൂതന മാനവീയ ദര്‍ശനത്തിന്റെയും അടിസ്ഥാനത്തിലാണ് ജീവിതത്തെ ആശാന്‍ വിലയിരുത്തുന്നത്. നേരംപോക്കിനുവേണ്ടി അദ്ദേഹം ഒരുവരി കവിതപോലും എഴുതിയിട്ടില്ല. തോന്നിയതുപോലെ കവിത എഴുതിവിടാന്‍ അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. എളുപ്പത്തില്‍ തൃപ്തിപ്പെടാത്ത ഭാഷാനിഷ്‌കര്‍ഷ, തികഞ്ഞ ഔചിത്യദീക്ഷ- ഇവ ആശാന്‍ എപ്പോഴും പാലിച്ചിട്ടുണ്ട്.
നളിനി
നളിനിയും ദിവാകരനും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ദിവാകരന്‍ നാടുവിടുന്നതോടെ അയാളെ സ്‌നേഹിച്ചിരുന്ന നളിനിക്ക് ദുഃഖമുണ്ടാകുന്നു. മറ്റൊരു വിവാഹനിശ്ചയത്തോടെ അവളും നാടുവിടുന്നു. കാട്ടിലെത്തിയ അവള്‍ ആത്മഹത്യാശ്രമം നടത്തി. ഒരു യോഗിനി അവളെ രക്ഷിച്ചു.
താപസ ജീവിതം നയിച്ചുവന്ന നളിനി യാദൃശ്ചികമായി ദിവാകരയുവയോഗിയെ വീണ്ടും കാണുന്നു. നളിനി പഴയകാര്യങ്ങള്‍ ദിവാകരനെ ഓര്‍മിപ്പിച്ച് പ്രേമാഭ്യര്‍ത്ഥന നടത്തുന്നു. എന്നാല്‍ ''സ്‌നേഹമാണഖിലസാര മൂഴിയില്‍. . . . . .സ്‌നേഹമൂലമമലേ വെടിഞ്ഞു ഞാന്‍'' എന്ന് നളിനിയോട് പറഞ്ഞ് അവളെ ഉപേക്ഷിക്കുന്നു. അവള്‍ ബോധരഹിതയായി ദിവാകരനുമേല്‍ വീണ് സായുജ്യമടഞ്ഞു.
ലീല
പേര്‍ഷ്യന്‍ കവിയായ 'നിസാമി'യുടെ ''ലൈലാ മജ്‌നു''വിന്റെ ഇതിവൃത്തം സ്വീകരിച്ച് ആശാന്‍ രചിച്ച കാവ്യമാണ് ലീല. ഒരുമിച്ചു കളിച്ചുവളര്‍ന്ന കാലംമുതലേ പരസ്പരം പ്രണയിച്ചവരാണ് മദനനും ലീലയും. ഇരുവരുടെയും അനുരാഗം തിരിച്ചറിയാത്ത മാതാപിതാക്കള്‍ ലീലയെ വിജയനഗര നിവാസിയായ ഒരു ധനികന് വിവാഹം കഴിച്ചു നല്‍കി.
മദനന്‍ വിരഹിയായി നാടുവിട്ടു. ഭര്‍ത്താവു മരിച്ച ലീല സ്വന്തം വീട്ടില്‍ തിരികെയെത്തി. മദനന്‍ നാടുവിട്ടുപോയതറിഞ്ഞ ലീല തോഴിയായ മാധവിയുമായി മദനനെ അന്വേഷിച്ച് പോകുന്നു. അപ്പോഴേക്കും ഭ്രാന്തനായി കഴിഞ്ഞിരുന്ന മദനനെ ലീല കണ്ടുമുട്ടുന്നു. അവള്‍ അവനെ ആലിംഗനം ചെയ്യുന്നതോടെ മദനന്‍ രേവാ നദിയില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ലീലയും ആത്മഹത്യ ചെയ്യുന്നതോടെ ആശാന്റെ ഈ കവിതയും ദുരന്തപര്യവസായിയായി മാറുന്നു.
പ്രരോദനം
എ.ആര്‍.രാജരാജവര്‍മ്മ കോയിത്തമ്പുരാന്റെ ചരമത്തില്‍ അനുശോചിക്കുന്ന വിലാപകാവ്യമാണ് പ്രരോദനം. കീറ്റ്‌സ് (ഗലമെേ) എന്ന ആംഗല കവി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ഷെല്ലി (ടവലഹഹല്യ) എഴുതിയ അഡണെയിസ് (അറീിമശ)െ എന്ന വിലാപകാവ്യത്തോട് ''പ്രരോദന''ത്തെ സാദൃശ്യപ്പെടുത്താം.
കരുണ
ബുദ്ധമത കഥയെ ഉപജീവിച്ച് ആശാന്‍ എഴുതിയ ''കരുണ''യുടെ പ്രമേയം വാസവദത്ത എന്ന വേശ്യസ്ത്രീക്ക് ബുദ്ധശിഷ്യനായ ഉപഗുപ്തനോട് തോന്നുന്ന ആസക്തിയാണ്. ഹൃദയപരിവര്‍ത്തനം വന്ന അവള്‍ മനശാന്തിയോടെ മരിക്കുന്നു.
ദുരവസ്ഥ
ജാതിചിന്തയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഈ കാവ്യത്തില്‍ സാവിത്രി അന്തര്‍ജനം, ചാത്തന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ആദ്യത്തെ ഫ്യൂച്ചറിസ്റ്റിക് കാവ്യം എന്തുകൊണ്ടും ആശാന്‍ കൃതികളില്‍ വേറിട്ടുനില്‍ക്കുന്നു. ചെറുശ്ശേരിമട്ടില്‍ ചൊല്ലാവുന്ന 1700 ശീലുകളുള്ളതാണ് ഈ കൃതി.
പുഷ്പവാടി
കുട്ടികള്‍ക്കുവേണ്ടി ആശാന്‍ രചിച്ച കാവ്യസമാഹാരമാണ് പുഷ്പവാടി. ''സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം'' മലയാളികളുള്ളിടത്തോളം കാലം മറക്കാനാകുമോ ആശാന്റെ ''ഉദ്‌ബോധന''ത്തിലെ ഈ വരികള്‍.
പൂക്കാലം
പൂക്കാലത്തിന്റെ പരിമളവും പ്രകൃതിഭംഗിയും കൊച്ചുകൊച്ചു പദങ്ങളിലൂടെ കോര്‍ത്തിണക്കുന്ന ഈ കവിത കുഞ്ഞു മനസ്സുകളില്‍ ഒരു വര്‍ണമനോഹര സുഗന്ധ വസന്തം വിരിയിക്കുന്നു. പുഷ്പഗന്ധം പരത്തി വായു മെല്ലെ തെക്കുനിന്നു വീശി പൂക്കാലത്തിന്റെ വരവ് അറിയിക്കുന്നു. പാടങ്ങള്‍ പൊന്നിന്‍നിറം പൂണ്ടുകഴിഞ്ഞു. തത്തകളെല്ലാം എങ്ങുനിന്നോ വന്നണഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."