HOME
DETAILS
MAL
പൗരത്വ നിയമ ഭേദഗതിയുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളെന്ന് ഡോ. കനിമൊഴി എം.പി
backup
January 18 2020 | 03:01 AM
കൊച്ചി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമ്പോള്‍ സ്ത്രീകളായിരിക്കും അതിന്റെ ഏറ്റവും വലിയ ഇരകളെന്ന് ഡോ. എം.കെ കനിമൊഴി എം.പി. പൗരത്വം തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖ ഭൂമിയുടെ ഉടമസ്ഥാവകാശമാണ്.
ഇന്ത്യയിലെ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും സ്വന്തം പേരില്‍ ഭൂമിയുണ്ടാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് പൗരത്വം ലഭിക്കാതെ വരും. പൗരത്വ നിയമമുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ലെന്നും അവര്‍ പറഞ്ഞു.
എം.ഇ.എസിന്റെ ആഭിമുഖ്യത്തില്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേന്ദ്രസര്‍ക്കാരിനെതിരെ ഏറ്റവും ശക്തമായി ഉയര്‍ത്തുന്ന ശബ്ദങ്ങളിലൊന്ന് കേരളാ മുഖ്യമന്ത്രിയുടേതാണ്. തമ്‌ഴിനാട്ടില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല.
സി.എ.എക്കെതിരേ കോലം വരച്ച് പ്രതിഷേധിച്ച ആറു സ്ത്രീകളെ 60 പൊലിസെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതിനെതിരേ ഡി.എം.കെ ആഹ്വാനപ്രകാരം തമിഴ്‌നാട്ടിലെ സ്ത്രീകളെല്ലാം കൂടി കോലം വരച്ച് പ്രതിഷേധിച്ചു. കിരാത ഭരണത്തിനെതിരേ മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവര്‍ മര്‍ദക ഭരണകൂടത്തിനൊപ്പമാകുകയാണ്. അധികകാലം ഇത് സഹിച്ച് മിണ്ടാതിരിക്കാന്‍ ജനതക്ക് കഴിയില്ല. നഷ്ടമാകാന്‍ ഒന്നുമില്ല. ഇന്ത്യയെ നാം തിരിച്ചു പിടിക്കുക തന്നെ ചെയ്യും.
ബാബരി മസ്ജിദ് വിധി സ്വാഗതാര്‍ഹമല്ലെങ്കിലും മതേതര ഇന്ത്യ അത് സഹിച്ചത് രാജ്യത്ത് മറ്റൊരു രക്തച്ചൊരിച്ചില്‍ വേണ്ടെന്ന് കരുതിയാണ്. ഭയം കൊണ്ടുള്ള മൗനമല്ലായിരുന്നു അത്.
എന്നാല്‍ ഈ നിയമം രാജ്യത്തെ എല്ലാവരെയും ബാധിക്കാന്‍ പോകുകയാണ്. ഇന്ത്യ മതേതര രാജ്യമെന്ന് കരുതുന്നവര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന എല്ലാവര്‍ക്കും ആര്‍.എസ്.എസ് എതിരാണ്. മുസ്‌ലിംകളെയും മതമില്ലാത്തവരെയും അവര്‍ ലക്ഷ്യമിടുന്നതായും അവര്‍ പറഞ്ഞു.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി. റാണി ജോര്‍ജ് എം.എല്‍.എ , പ്രഫ. വിജയലക്ഷ്മി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലാലി വിന്‍സെന്റ്, വഹീദാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."