കെ.എ.എസിലെ സംവരണ വ്യവസ്ഥ; എതിര്‍പ്പുമായി സി.പി.എം എം.പി കെ. സോമപ്രസാദ് രംഗത്ത്, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് അഞ്ചു പ്രാവശ്യം
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്) സംവരണ വ്യവസ്ഥയ്‌ക്കെതിരെ നിയമസഭയിലുള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പിനു പിന്നാലെ ഭരണ പക്ഷത്തു നിന്നും വിമര്‍ശനം ശക്തമാവുകയാണ്. കെ.എ.എസിലെ മൂന്നു വിഭാഗങ്ങളിലും സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി നേതാവ് കൂടിയായ കെ. സോമപ്രസാദ് എം.പി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം അഞ്ചു വട്ടമാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്.
ഇപ്പോഴത്തെ നിലയില്‍ കെ.എ.എസില്‍ സംവരണം നടപ്പാക്കിയാല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഐ.എ.എസ് ലഭിക്കാനുളള സാധ്യത അടയുമെന്ന് സോമപ്രസാദ് പറഞ്ഞു. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ തളളണമെന്നും സോമപ്രസാദ് ആവശ്യപ്പെട്ടു.
നേരിട്ട് നടക്കുന്ന മൂന്നിലൊന്ന് നിയമനങ്ങളില്‍ മാത്രമാണ് കെ.എ.എസ് ചട്ടപ്രകാരം സംവരണമുള്ളത്. കെ.എ.എസിലെ മൂന്നില്‍ രണ്ട് തസ്തികകളും ഉദ്യോഗക്കയറ്റത്തിന്റെ രീതിയിലായതിനാല്‍ അവയില്‍ സംവരണം നല്‍കുന്നത് ഇരട്ടസംവരണമായി മാറുമെന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. ഈ നിലപാടിനെതിരേ സംവരണ വിഭാഗങ്ങള്‍ രംഗത്തുവരികയും നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍, നേരിട്ടുളള നിയമനത്തില്‍ മാത്രം സംവരണം മതിയെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി മാറ്റി വച്ചിട്ടുളള ഒഴിവുകളില്‍ സംവരണം വേണ്ടെന്നുമുളള ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമാണ് സര്‍ക്കാര്‍ നിലപാടിന് ആധാരം. ഈ ഉപദേശം തളളണമെന്നാണ് പാര്‍ട്ടിയുടെ രാജ്യസഭാംഗം തന്നെ ആവശ്യപ്പെടുന്നത്.
കെ.എസ്.എസില്‍ നിമയനം നടത്തുമ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞാല്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി. സ്‌പെഷ്യല്‍ റിക്രൂട്ടമെന്റ് വഴി വരുന്നവര്‍ സീനിയോരിറ്റി ലിസ്റ്റില്‍ അവസാനം ആകുമെന്നതിനാല്‍ ഐ.എ.എസ് സാധ്യത ഇല്ലാതാകുമെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."