വര്‍ഗീയത തെരഞ്ഞെടുപ്പ് തന്ത്രമാക്കുമ്പോള്‍
കഴിഞ്ഞ തിങ്കളാഴ്ച ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഡല്‍ഹി യൂനിറ്റ് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഒരു മെമെ പുറത്തുവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തക്ക വര്‍ഗീയ പരാമര്‍ശത്തോടെയുള്ള ഒരു സെന്‍സറ്റീവ് മെമെയായിരുന്നു അത്. രാജ്യത്തിന്റെ സമാധാനം തകര്‍ക്കുന്നതും വര്‍ഗീയമായ വെറുപ്പ് പരത്തുന്നതുമായ രണ്ടു ചിത്രങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഒന്ന് ഒരു കത്തുന്ന ബസിന്റേതും മറ്റേത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഒരു തൊപ്പി ധരിച്ച് സംസാരിക്കുന്നതുമാണ്. കത്തുന്ന ബസിന്റെ മുകളില്‍ ആര്‍ട്ട് എന്നും കെജ്‌രിവാളിന്റെ ചിത്രത്തില്‍ ആര്‍ട്ടിസ്റ്റ് എന്നും എഴുതിയിട്ടുണ്ട്. സമാനമായ കത്തുന്ന ബസിന്റെ ചിത്രം ഒഖ്‌ല-ജാമിഅ നഗര്‍ എം.എല്‍.എ അമാനത്തുല്ലാ ഖാനൊപ്പം ആര്‍ട്ടിസ്റ്റ് എന്നും എഴുതി ട്വീറ്റ് ചെയ്തിരുന്നു.
യാഥാര്‍ഥത്തില്‍ ഇതൊരു നെറികെട്ട രാഷ്ട്രീയതന്ത്രമാണ്. ജാമിഅ നഗറിലും സമീപത്തെ ന്യൂഫ്രന്റ്‌സ് കോളനി പരിസരത്തും പൗരത്വ നിയമ ഭേദഗതിക്കെതിരേ കഴിഞ്ഞമാസം നടന്ന പ്രതിഷേധങ്ങള്‍ ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്കും മുസ്‌ലിംകള്‍ക്കും മേല്‍ ചാര്‍ത്താനുള്ള തന്ത്രമാണിത്. സംഭവത്തില്‍ അറസ്റ്റിലായതില്‍ ജാമിഅയിലെ വിദ്യാര്‍ഥികളില്‍ ഒരാള്‍ പോലും ഇല്ല എന്നത് ഒരുവസ്തുത ആയിരിക്കെ ആണ് ഇതെന്ന് ഓര്‍ക്കണം. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ബി.ജെ.പിയുടെ ഈ ട്വീറ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായെങ്കിലും, വിശദീകരണം നല്‍കാനോ, അത് ഒഴിവാക്കാനോ പാര്‍ട്ടി ഇതുവരെ ശ്രമിച്ചിട്ടില്ല എന്നുമാത്രമല്ല, അത് കൂടുതല്‍ ഹൈലൈറ്റ് ചെയ്ത് പിന്‍ ചെയ്തിരിക്കുകയാണ്.
ഇത് ആദ്യത്തേതല്ല
ബി.ജെ.പി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത് ഇത് ആദ്യത്തേതല്ല. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പടുത്തതോടെ ബി.ജെ.പി വര്‍ഗീയ വികാരങ്ങളെ ആളിക്കത്തിക്കുകയാണ്. ജാമിഅ നഗറിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തൊട്ടടുത്ത ദിവസം പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ കെജ്‌രിവാളിനെയും ഒരു മുസ്‌ലിമിനെയുമാണ് വരച്ചിരിക്കുന്നത്. തൊപ്പിവച്ച്, പച്ച റുമാല്‍കെട്ടി, നീണ്ടതാടിയുള്ള ഒരാള്‍ ബസ് കത്തിക്കുന്നതും അതില്‍ നിന്നു ഒരുസ്ത്രീ രക്ഷയ്ക്കായി നിലവിളിക്കുന്നതും ഡല്‍ഹി പൊലിസ് രക്ഷകരായി തീ അണയ്ക്കുന്നതുമാണ് കാര്‍ട്ടൂണിലുള്ളത്.
'പാര്‍ട്ടി ഭരണത്തില്‍ എത്തുകയാണെങ്കില്‍ സര്‍ക്കാര്‍ഭൂമിയില്‍ സ്ഥിതിചെയ്യുന്ന പള്ളികള്‍, മദ്‌റസകള്‍ പോലുള്ള മതസ്ഥാപനങ്ങള്‍ ഒഴിപ്പിക്കും. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള 54ലധികം പള്ളികളെയും മദ്‌റസകളെയും കുറിച്ച് ഇപ്പോള്‍ തന്നെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ പട്ടിക ഇതിനകം തന്നെ ലഫ്. ഗവര്‍ണറെ ഏല്‍പ്പിച്ചുകഴിഞ്ഞു' എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് കണ്ണുംനട്ടിരിക്കുന്ന ബി.ജെ.പിയുടെ പര്‍വേഷ് സാഹിബ് സിങ് വര്‍മ തന്റെ ട്വിറ്ററിലൂടെ പറഞ്ഞത്. ബി.ജെ.പി ഡല്‍ഹി യൂനിറ്റിന്റെ വര്‍ഗീയ ചുവയുള്ള നിരവധി ട്വീറ്റുകള്‍ വര്‍മ്മ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'സര്‍ക്കാര്‍ ഭൂമിയിലുള്ള അമ്പലങ്ങളെയോ, ഗുരുദ്വാരകളെയോ കുറിച്ച് പരാതി ലഭിച്ചാല്‍ അക്കാര്യം അധികാരികളെ അറിയിക്കും. എന്നാല്‍ അത്തരം അമ്പലങ്ങളും ഗുരുദ്വാരകളും നിലവില്‍ സര്‍ക്കാര്‍ ഭൂമിയിലില്ല. മസ്ജിദുകള്‍ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചതായി പരാതി ലഭിച്ചിട്ടുള്ളത്' എന്നാണ് വര്‍മ ഈ മാസം 20ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
വാസ്തവത്തില്‍ കഴിഞ്ഞ കുറേക്കാലമായി വര്‍മ സര്‍ക്കാര്‍ ഭൂമിയിലുള്ള ശ്മശാനങ്ങളെയും മദ്‌റസകളെയും മസ്ജിദുകളെയും സംബന്ധിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബായ്ജലിന് എഴുതിയിരുന്നു. അത്തരത്തിലുള്ള 54 സ്ഥാപനങ്ങളുടെ പട്ടികയും നല്‍കി. ബി.ജെ.പി എം.പിയും പാര്‍ട്ടിയുടെ ഡല്‍ഹി പ്രസിഡന്റുമായ മനോജ് തിവാരിയും ഇതുപോലെ ഡല്‍ഹിയിലെ മറ്റു സ്ഥലങ്ങളെക്കുറിച്ചും പരാതിയുയര്‍ത്തിയിരുന്നു.
എന്നാല്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ നടത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ ഡല്‍ഹിയില്‍ ഒരുമതസ്ഥാപനവും നിയമവിരുദ്ധമായി നിര്‍മിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മതസ്ഥാപനങ്ങള്‍ എം.പി പറയുന്നതുപോലെ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുമില്ല. വര്‍മയുടെ ആരോപണങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കടുത്ത ഭയവും അരക്ഷിതാവസ്ഥയുമുണ്ടാക്കിയെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്. മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് വര്‍മയുടെ പേരില്‍ നടപടിയെടുക്കാന്‍ വേണ്ട കാരണങ്ങളുണ്ടെന്നാണ് കമ്മിഷന്‍ പറയുന്നത്.
ബി.ജെ.പി കലാപങ്ങളില്‍ നിന്ന് നേട്ടം കൊയ്യുന്നു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ ബൂത്ത്തല പ്രവര്‍ത്തകരെ അഭിസബോധനചെയ്തിരുന്നു. അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം, ഡല്‍ഹിയില്‍ കലാപമുണ്ടാക്കുന്ന സര്‍ക്കാരിനെയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു. ഇതിലെ വിരോധാഭാസമെന്താണെന്നുവച്ചാല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് അക്രമങ്ങളുണ്ടാക്കി അതില്‍നിന്നു വന്‍നേട്ടം കൊയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. യേല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പ് നടന്ന കലാപത്തിലൂടെ ബി.ജെ.എസും ബി.ജെ.പിയും നേട്ടം കൊയ്തു. അവരുടെ വോട്ടുശതമാനം 0.8 കൂടിയെന്നാണ് കണക്ക്. കലാപത്തോടു കൂടി സമ്മതിദായകര്‍ക്കിടയിലുണ്ടാവുന്ന ധ്രുവീകരണം നിമിത്തം കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വലിയ തകര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അത് കലാപത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിക്ക് അനുഗ്രഹമായി ഭവിക്കുകയും ചെയ്തു. ഓക്‌സ്‌ഫെഡ് യൂനിവേഴ്‌സിറ്റിയിലെ രണ്ടു ഗവേഷകരുടെ പഠനത്തില്‍ പറയുന്നത്, ന്യൂനപക്ഷങ്ങളോടുള്ള അക്രമത്തിലൂടെയും അവരുടെ വിനാശത്തിലൂടെയും ബി.ജെ.പി തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നുവെന്നാണ്.
കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി കപില്‍ശര്‍മയുടെ വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റുണ്ടായത്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റുമത്സരം പോലെയായിരിക്കുമെന്നാണ് ട്വീറ്റ് ചെയ്തത്. 'ഇന്ത്യാ- പാകിസ്താന്‍, ഫെബ്രുവരി 8ന് ഡല്‍ഹിയില്‍. ഇന്ത്യയും പാകിസ്താനും ഡല്‍ഹിയുടെ തെരുവുകളില്‍ മത്സരിക്കുമെന്ന് മിശ്ര ട്വീറ്റ് ചെയ്തു.
എ.എ.പിയും കോണ്‍ഗ്രസും ഷഹീന്‍ബാഗുപോലെ ഒരു മിനി പാകിസ്താന്‍ ഉണ്ടാക്കിയിരിക്കുകയാണ് എന്നാണ് മിശ്ര മറ്റൊരു ട്വീറ്റില്‍ ആരോപിച്ചത്. അതിനുമറുപടിയായി ഫെബ്രുവരി എട്ടിന് ഇന്ത്യ ഒന്നിച്ചു നില്‍ക്കും. എപ്പോഴെല്ലാം രാജ്യദ്രോഹികള്‍ ഇന്ത്യയില്‍ പാകിസ്താന്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ടോ അന്നെല്ലാം രാജ്യസ്‌നേഹികളായ ഇന്ത്യക്കാര്‍ ഉണര്‍ന്നിട്ടുണ്ട് എന്നാണ് കപില്‍ മിശ്ര ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്. ഷഹീന്‍ ബാഗിലെ ജനങ്ങളോടൊപ്പം നില്‍ക്കുന്നു എന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു കപില്‍ മിശ്രയുടെ ട്വിറ്ററാക്രമണം.
ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭയുടെ 70 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം 11ന് പ്രഖ്യാപിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് മൂന്നുസീറ്റുകളാണ്. കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ പോലും അന്നായില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിനെ താരതമ്യപ്പെടുത്തി നോക്കിയാല്‍ ബി.ജെ.പിക്ക് 20-25 ശതമാനം വോട്ടുകള്‍ നഷ്ടപ്പെടുമെന്നാണ് ഗവേഷകനായ അഷിഷ് രഞ്ജന്റെ കണ്ടെത്തല്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാള്‍ ആപിന് 30-35 ശതമാനം വരെ കൂടുതല്‍ വോട്ടുനേട്ടമുണ്ടാവും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ പോള്‍ചെയ്ത മൊത്തം വോട്ടില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ചത് 57 ശതമാനം വോട്ടാണ്. കോണ്‍ഗ്രസിനും ആപിനും യഥാക്രമം 23ശതമാനവും 18 ശതമാനവും വീതമാണ് വോട്ടുകള്‍ ലഭിച്ചത്.
ഡല്‍ഹിയിലെ ജനങ്ങള്‍ എ.എ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും വോട്ടുചെയ്യുക. അല്ലാതെ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പ്രകടനങ്ങള്‍ കണ്ടായിരിക്കില്ലെന്നാണ് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസും(സി.എസ്.ഡി.എസ്)-ലോക്‌നീതിയും സംയുക്തമായി നടത്തിയ ഒരു സര്‍വേ ഫലം പറയുന്നത്. 55 ശതമാനം പേരും ആപിന് വോട്ടുചെയ്യും എന്നു പറയുമ്പോള്‍ 15 ശതമാനം മോദിയുടെ പ്രകടനത്തിനാണ് വോട്ടു കൊടുക്കുന്നത്. കെജ്‌രിവാളും മോദിയും തമ്മിലാണ് മത്സരം. ഈ മത്സരത്തില്‍ കെജ്‌രിവാളിനാണ് മുന്‍തൂക്കമെന്നു പറയാതെ വയ്യ.
(ദ വയര്‍ ഉര്‍ദു എക്‌സിക്യൂട്ടീവ്
എഡിറ്ററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."