നഗരൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ് പോരാട്ടം
കല്ലമ്പലം : നഗരൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ് പോരാട്ടം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മത്സരിക്കും. തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഏറെ നാളായി ഇവിടെ നിലനിന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ പരസ്യ പോരാട്ടത്തിനുള്ള വേദിയായി ബാങ്ക് തെരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗിക പാനലിനെതിരേ വിമത സംഘം രംഗത്ത് വന്നതോടെയാണ് തെരഞ്ഞെടുപ്പ് രംഗം കലുഷിതമായത്. തേക്കിന്‍കാട് ഗവ. എല്‍.പി സ്കൂളിലാണ് വോട്ടെടുപ്പ്. നിലവില്‍ ബാങ്ക് പ്രസിഡന്റും കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗവുമായ എ. ഇബ്രാഹിംകുട്ടി നേതൃത്വം നല്കുന്ന പാനലിനെതിരേ കോണ്‍ഗ്രസ് നഗരൂര്‍, വെള്ളല്ലൂര്‍ മണ്ഡലം കമ്മിറ്റികള്‍ നേതൃത്വം നല്കുന്ന സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
ഇബ്രാഹിം കുട്ടിയുടെ പാനലാണ് ഔദ്യോഗികമെന്ന് ഡി.സി.സി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഡി.സി.സി പ്രസിഡന്റ് സ്ഥാനാര്‍ഥികളെ അംഗീകരിച്ച് പത്രക്കുറിപ്പും ഇറക്കിയിരുന്നു. തങ്ങളുടെ പാനലാണ് ഔദ്യോഗികമെന്ന് മറുവിഭാഗവും അവകാശപ്പെടുന്നുണ്ട്. ഇപ്പോള്‍ ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡ് ബാങ്കാണിത്.
ബാങ്കിനെ വളര്‍ത്തി വലുതാക്കിയപ്പോള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നാണ് ഔദ്യോഗിക പാനലിന് നേതൃത്വം നല്കുന്ന ഇബ്രാഹിം കുട്ടിയുടെ ആരോപണം. എന്നാല്‍ നാടിന്റെ ഉന്നമനത്തിന് ബാങ്ക് നിലനില്ക്കേണ്ടതിനാലാണ് തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നതെന്നാണ് എതിര് പക്ഷം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."