കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍
എടക്കര: കാട്ടാന ശല്യംമൂലം പോത്തുകല്‍ കോടാലിപ്പൊയില്‍ കര്‍ഷകര്‍ ദുരിതത്തില്‍. കോടാലിപ്പൊയില്‍ വെറ്റിലക്കൊല്ലിയിലെ അക്കരമ്മല്‍ ഹംസ എന്ന ബാപ്പുട്ടിയുടെ നൂറോളം വാഴകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന നശിപ്പിച്ചത്. കരിയംമുരിയം വനാതിര്‍ത്തിയിലാണ് ഹംസയുടെ വാഴത്തോട്ടം. പതിനഞ്ച് ദിവസം മുന്‍പാണ് ഒറ്റയാന്‍ കൃഷിയിടത്തില്‍ ആദ്യമെത്തിയത്. അന്ന് അന്‍പതോളം കുലച്ച വാഴകളാണ് നശിപ്പിച്ചത്. തുടര്‍ന്ന് രണ്ട് തവണ ഒറ്റയാന്‍ കൃഷിയിടത്തിലിറങ്ങി നാശം വിതച്ചു.
വെള്ളിയാഴ്ച രാത്രി എഴുപതോളം വാഴകളാണ് ആന നശിപ്പിച്ചത്. വനാതിര്‍ത്തിയിലെ വൈദ്യുത വേലിയും കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ വേലിയും തകര്‍ത്താണ് ആന കൃഷിയിടത്തില്‍ കയറിയത്.
സൗരോജ വേലി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രിറ്റ് കാലുകള്‍ ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണയായി മുപ്പതോളം കായ്ഫലമുള്ള കമുകുകളും തൈകളും ആന നശിപ്പിച്ചു. കാര്‍ഷിക വിളനാശത്തിലുപരി ജനങ്ങളുടെ ജീവന്കൂടി ഒറ്റയാന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശവാസിയായ പുത്തന്‍കുളങ്ങര ബഷീറിനെ വീട്ടിലേക്ക് വരുന്ന വഴി ഒറ്റയാന്‍ ഓടിച്ചിരുന്നു. ഭാഗ്യംകൊണ്ടാണ് ബഷീര്‍ രക്ഷപെട്ടത്. ഇതേ ദിവസം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കോരന്‍കുന്നല്‍ ഷൗക്കത്തിന്റെ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം ആന വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു.
തുടരെയുണ്ടാകുന്ന കാട്ടാനയാക്രമണം ചെറുക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കര്‍ഷഷകര്‍ പറയുന്നു. കാര്‍ഷിക വിളനാശത്തിന് തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് കര്‍ഷകര്‍ക്ക് വനംവകുപ്പ് അനുവദിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വഴിക്കടവ് റെയ്ഞ്ച് പരിധിയില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളനാശം വരുത്തുന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ അനുവദിച്ച തുകയില്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ ലാപ്‌സായിരുന്നു. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് വനംവകുപ്പ് തടസം നില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."