മാത്തൂര്‍വയലിലെ തടയണ നോക്കുകുത്തി; വെള്ളത്തിലായത് 25 ലക്ഷം രൂപ
പനമരം: ജല ക്ഷാമം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് പനമരം പുഴയില്‍ നിര്‍മിച്ച തടയണ നോക്കുകുത്തിയാകുന്നു. മാത്തൂര്‍വയലില്‍ നിര്‍മിച്ച തടയണയാണ് ജലം സംഭരിക്കാനാകാതെ ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് 25 ലക്ഷം രൂപ മുടക്കിയാണ് ജില്ലാ പഞ്ചായത്ത് തടയണ നിര്‍മിച്ചത്. വേനലില്‍ പനമരം പുഴ വറ്റുന്ന സാഹചര്യം ഒഴിവാക്കാനും പ്രദേശത്തെ കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരുന്നത്. എന്നാല്‍ നിര്‍മാണത്തിലെ അപാകത കാരണം ലക്ഷങ്ങള്‍ വെള്ളത്തിലായ അവസ്ഥയാണ്. തടയണക്ക് സമീപത്തായി പുഴയുടെ അരിക് ഇടിഞ്ഞ് വെള്ളം ഒഴുകി പോകുകയാണ്. ഇതോടെ ആവശ്യത്തിന് ജലം ലഭിക്കാതെ മാത്തൂര്‍ വയലില്‍ 200 ഏക്കറോളം നെല്‍വയല്‍ തരിശ്ശിട്ടിരിക്കുകയാണ്. വേനല്‍ കടുത്തതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. തടയണയില്‍ വെള്ളം സംഭരിക്കാനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."