തലശ്ശേരി മേഖലയിലെ അക്രമം; 39 പേര്‍ അറസ്റ്റില്‍
തലശ്ശേരി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലയിലുണ്ടായ അക്രമത്തില്‍ ഇതുവരെ 39 പേരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. പ്രതികളില്‍ 14 പേരെ റിമാന്‍ഡ് ചെയ്യുകയും ബാക്കിയുള്ളവരെ ജാമ്യത്തിലും വിടുകയും ചെയ്തു. പ്രതികള്‍ക്കായി കേരളത്തിനു പുറത്തും വ്യാപക അന്വേഷണം നടക്കുന്നുണ്ട്.
എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീട് അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ന്യൂമാഹി പൊലിസിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തലശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ 25 കേസുകളാണ് കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങിയ അക്രമണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തലശ്ശേരി സി.ഐ എം.പി ആസാദ്, എസ്.ഐ എം. അനില്‍കുമാര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് സ്‌ക്വാഡുകളായാണ് കേസ് അന്വേഷിക്കുന്നത്. പുതിയ സ്റ്റാന്‍ഡിലെ സി.പി.ഐ ഓഫിസ് അക്രമണം, വി. മുരളീധരന്‍ എം.പിയുടെ തറവാട് വീടിനു നേരെ നടന്ന ബോംബേറ്, തലശ്ശേരി ടൗണ്‍ ബേങ്കിന് സമീപത്തെ ദിനേശ് കഫെയ്ക്കു നേരെയുള്ള അക്രമം, സംഘര്‍ഷ ഭീതിപരത്തി പ്രകടനം നടത്തല്‍ എന്നീ കേസുകളിലാണ് നിലവില്‍ പ്രതികളെ പിടികൂടിയിട്ടുള്ളത്. ബി.ജെ.പി ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം വാഴയില്‍ ശശി, ആര്‍.എസ്.എസ് നേതാവ് സി. ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ വീടാക്രമിച്ചതില്‍ പ്രതികളെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."