ചരിത്രത്തിലേക്കുള്ള ദൂരം: 3 ദിനം 10 വിക്കറ്റ്
# നിസാം കെ. അബ്ദുല്ല
കൃഷ്ണഗിരി(വയനാട്): അടിച്ചും തിരിച്ചടിച്ചും കൃഷ്ണഗിരിയിലെ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ബൗളര്‍മാര്‍ ആഞ്ഞടിച്ചാല്‍ കേരളം ചരിത്ര നേട്ടത്തിലേക്ക് ചുവടുവയ്ക്കും. ബാറ്റ്‌സ്മാന്‍മാര്‍ ചുവടുറപ്പിച്ചാല്‍ ഗുജറാത്ത് നേടും. കേരളത്തിനും ഗുജറാത്തിനും വിജയ സാധ്യത തുല്യം. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ പോരാട്ടത്തിലെ ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ കേരളം അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ ഗുജറാത്തിന്റെ ഒന്നാം ഇന്നിങ്‌സ് 162ല്‍ അവസാനിച്ചു.
23 റണ്‍സിന്റെ ലീഡില്‍ വിജയപ്രതീക്ഷള്‍ തളിരിട്ട കേരളത്തിന് രണ്ടാം ഇന്നിങ്‌സിലും ചുവടുകള്‍ പിഴച്ചു. 171 റണ്‍സില്‍ കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സിന് അന്ത്യം. പെര്‍ത്തിനെ അനുസ്മരിപ്പിക്കും വിധം പിച്ച് പേസര്‍മാരെ കൈയ്യഴിഞ്ഞ് സഹായിച്ചു. ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താനായില്ല. കേരളത്തിന് ചരിത്ര വിജയം നേടണമെങ്കില്‍ ഗുജറാത്തിന്റെ 10 വിക്കറ്റുകള്‍ 194 റണ്‍സിനുള്ളില്‍ വീഴ്ത്തണം. ഗുജറാത്തിന് കൈവശം 10 വിക്കറ്റും മൂന്ന് ദിവസവും. കേരളത്തിന്റെ പേസര്‍മാര്‍ തകര്‍ത്താടിയാല്‍ ചരിത്ര വിജയം കേരളത്തിന് ഒപ്പം നില്‍ക്കും. കഴിഞ്ഞ രണ്ട് ദിവസത്തെ സ്വഭാവത്തില്‍ നിന്ന് പിച്ച് മാറിത്തുടങ്ങിയാല്‍ ഗുജറാത്തിനും വിജയം അസാധ്യമല്ല.
ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തി
പേസര്‍മാര്‍
രണ്ടാം ദിനം ഗുജറാത്ത് ബാറ്റിങ് പുനരാരംഭിച്ചത് നാലിന് 97 എന്ന നിലയില്‍. ടീം സ്‌കോറിലേക്ക് നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ചാമത്തെ വിക്കറ്റ് നിലംപൊത്തി. ആര്‍.എച്ച് ഭട്ട് (14) സന്ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. കളി തുടങ്ങി മൂന്നാമത്തെ ഓവറില്‍ സന്ദീപ് കേരളത്തിന് ബ്രേക്ക്ത്രൂ നല്‍കി. തൊട്ടുപിന്നാലെ ധ്രുവ് രാവലിനെ (17) ബൗള്‍ഡാക്കി ബേസില്‍ തമ്പിയും ആഞ്ഞടിച്ചു. ഗുജറാത്ത് 107ന് ആറ്. 107ല്‍ തന്നെ നില്‍ക്കേ അക്ഷര്‍ പട്ടേലിന്റെ (1) വിക്കറ്റ് സന്ദീപ് പിഴുതു. വാലറ്റം കുത്തി പിടിച്ചു നില്‍ക്കാന്‍ ഗുജറാത്തിന്റെ ശ്രമം. പിയൂഷ് ചൗളയും കലാരിയയും സ്‌കോര്‍ പതിയെ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 30 റണ്ണിന്റെ കൂട്ടുക്കെട്ടാണ് എട്ടാം വിക്കറ്റില്‍ നേടിയത്. പിയൂഷ് ചൗള (10) നിധീഷിന്റെ പന്തില്‍ കൂടാരം കയറി. പിന്നാലെ ഗജയെ (1) അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളില്‍ എത്തിച്ച് നിധീഷ് രണ്ടാം വിക്കറ്റും ആഘോഷിച്ചു. വാലറ്റത്ത് ചെറുത്ത് നിന്ന കലാരിയ ഗുജറാത്തിനെ 162 ല്‍ എത്തിച്ചു. പത്താമന് സ്‌ട്രൈക്ക് നല്‍കാതെ കൂറ്റനടികള്‍ക്ക് ശ്രമിച്ച കലാരിയ 36 റണ്‍ നേടിയാണ് ഒടുവില്‍ വീണത്. നീധിഷിനായിരുന്നു വിക്കറ്റ്. കേരളത്തിനായി സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പി, നിധീഷ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
തിരിച്ചടിയില്‍ നിലംപൊത്തി കേരളം
പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ കേരളത്തിന് ലഭിച്ചത് 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. വിജയ പ്രതീക്ഷകള്‍ മുന്‍നിര്‍ത്തി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് രണ്ടാം ഓവറില്‍ ആദ്യവിക്കറ്റ് നഷ്ടമായി. അസ്ഹറുദ്ദീനാണ് പൂജ്യനായി കൂടാരം കയറിയത്. ഗാജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് അസ്ഹറുദ്ദീന്‍ പുറത്തായത്. കേരളത്തിന്റെ സ്‌കോര്‍ 12ല്‍ നില്‍ക്കേ ഓപ്പണറായ രാഹുലും വിക്കറ്റ് കളഞ്ഞു. നഗ്വസ്വലക്കായിരുന്നു വിക്കറ്റ്. സിജോമോനും വിനൂപും രക്ഷാപ്രവര്‍ത്തനം നടത്തിയതോടെ കേരളത്തിന്റെ സ്‌കോര്‍ പതിയെ ഉയര്‍ന്നു. പേസര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനാവാതെ വന്നതോടെ ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ഥീവ് പട്ടേല്‍ ബൗളിങില്‍ മാറ്റംവരുത്തി. അക്ഷര്‍ പട്ടേലിനെ പന്തേല്‍പ്പിച്ച പാര്‍ഥീവിന്റെ തീരുമാനം തെറ്റിയില്ല. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിനൂപ് (16) വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മൂന്നിന് 44 എന്ന നിലയില്‍ നിന്നും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സിജോമോനൊപ്പം പതിയെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും താളം കണ്ടെത്തി നില്‍ക്കേ ചായക്ക് പിരിയാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ അക്ഷറിന്റെ നിരുപദ്രവമെന്ന് കരുതിയ പന്തിന് ബാറ്റ് വെച്ച സച്ചിനെ ഒന്നാം സ്ലിപ്പില്‍ ആര്‍.എച്ച് ഭട്ട് പിടികൂടി. 24 റണ്ണെടുത്ത സച്ചിന്‍ പുറത്താവുമ്പോള്‍ കേരളം നാലിന് 83 എന്ന നിലയിലായിരുന്നു.
പിന്നീട് വന്ന വിഷ്ണുവിനും(9) താളം കണ്ടെത്താനായില്ല. നങ്കൂരമിട്ട് ബാറ്റ് വീശിയ ജലജ് സക്‌സേന സിജോമോനുമായി മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. മോശം പന്തുകള്‍ തിരഞ്ഞ് പിടിച്ച് പ്രഹരിച്ച ഇരുവരും കേരളത്തിന്റെ സ്‌കോര്‍ 149 ല്‍ എത്തിച്ചു. അര്‍ധസെഞ്ച്വറി നേടി സിജോമോന്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വെപ്പിച്ച നിമിഷത്തിലാണ് കലാരിയ കേരളത്തെ വീണ്ടും പ്രഹരിച്ചത്. 148 പന്തില്‍ നിന്നും എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 56 റണ്‍സ് എടുത്ത സിജോമോനെ കലാരിയ ബൗള്‍ഡാക്കി. പിന്നാലെ ബേസില്‍ തമ്പിയും പൂജ്യനായി മടങ്ങി. ഒരു ഭാഗത്ത് സക്‌സേന ചെറുത്ത് നിന്നെങ്കിലും പിന്നാലെ വന്നവര്‍ക്കൊന്നും അക്കൗണ്ട് തുറക്കാനായില്ല. നിധീഷും, സന്ദീപും പൂജ്യത്തിന് പുറത്തായി. നിര്‍ണായക നിമിഷത്തില്‍ പരുക്കിനെ വകവെക്കാതെ പത്താമനായി സഞ്ജുവും കളത്തിലിറങ്ങി. സഞ്ജുവിനും അക്കൗണ്ട് തുറക്കാനായില്ല. കേരളത്തിന്റെ രണ്ടാമിന്നിങ്‌സ് 171ല്‍ അവസാനിച്ചു. 44 റണ്ണുമായി ജലജ് സക്‌സേന പുറത്താകാതെ നിന്നു. ഗുജറാത്തിനായി കലാരിയയും അക്ഷര്‍ പട്ടേലും മൂന്ന് വീതവും നഗ്വസ്വല രണ്ടും ഗജയും പിയൂഷ് ചൗളയും ഓരോ വിക്കറ്റും വീഴ്ത്തി.
വജ്രായുധമായി സന്ദീപ്
കൃഷ്ണഗിരി: രഞ്ജിയില്‍ കേരളത്തിന്റെ വജ്രായുധമായി സന്ദീപ് വാര്യര്‍. കേരളം പോരാട്ടത്തിനിറങ്ങിയ ഒന്‍പത് മത്സരങ്ങളില്‍ നിന്നായി സന്ദീപ് എറിഞ്ഞു വീഴ്ത്തിയത് 35 വിക്കറ്റുകള്‍. ഇതില്‍ മൂന്നുതവണ അഞ്ച് വിക്കറ്റ് നേട്ടവും കൊയ്തു ഈ 27കാരന്‍ പേസര്‍.
നിലവില്‍ രഞ്ജി മത്സരങ്ങളിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒട്ടും പിന്നിലല്ല. പേസര്‍മാരില്‍ എണ്ണപ്പെട്ട ബൗളറാവാനും ഈ സീസണില്‍ സന്ദീപിന് സാധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പേസര്‍മാരെ മറ്റ് ടീമുകള്‍ ഭയന്ന് തുടങ്ങിയതും സന്ദീപ് അടക്കമുള്ളവരുടെ മികച്ച പ്രകടനത്തിന്റെ ഫലമാണ്. സ്പിന്നിനെ തുണക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഒഴുക്കിനെതിരേ നീന്തി സന്ദീപ് നേടിയത് 45 മത്സരങ്ങളില്‍ നിന്ന് 144 വിക്കറ്റുകളാണ്. പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചുകളിലാണ് സന്ദീപ് പത്ത് എറിഞ്ഞിരുന്നതെങ്കില്‍ വിക്കറ്റ് നേട്ടം ഇരട്ടിയോളമാകുമായിരുന്നു.
2.38 ശരാശരിയിലാണ് ഇത്തവണ രഞ്ജിയിലെ സന്ദീപിന്റെ വിക്കറ്റ് വേട്ട. റണ്‍സ് നല്‍കാന്‍ പിശുക്ക് കാട്ടുന്ന സന്ദീപ് വിക്കറ്റ് നേടാനും മിടുക്കനാണെന്നതാണ് കൃഷ്ണഗിരിയില്‍ ഗുജറാത്തിന് എതിരായ ഒന്നാം ഇന്നിങ്‌സിലെ പ്രകടനം തെളിയിക്കുന്നത്. ഇന്നിങ്‌സില്‍ 23 ഓവറുകള്‍ പന്തെറിഞ്ഞ സന്ദീപ് വിട്ടു നല്‍കിയത് 42 റണ്‍സാണ്. ഒപ്പം എട്ട് മെയ്ഡനുകള്‍ എറിഞ്ഞ സന്ദീപ് നാല് വിക്കറ്റുകളും വീഴ്ത്തി. കരിയറിലെ മികച്ച പ്രകടനം ബംഗാളിന് എതിരേ നേടിയ അഞ്ചിന് 33 ആണ്. ഇന്ന് രണ്ടാം ഇന്നിങ്‌സില്‍ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് സന്ദീപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."