ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രസക്തി നഷ്ടമായി; എം.പി മാപ്പു പറയണം -കേരളാ കോണ്‍ഗ്രസ്
തൊടുപുഴ: കര്‍ഷകരെ മറന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടതായും കര്‍ഷക ഭീതി മുതലെടുത്ത് എം.പി സ്ഥാനം നേടിയ ജോയ്‌സ് ജോര്‍ജ് മാപ്പു പറയണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ സംരക്ഷണ സമിതിക്ക് സര്‍ക്കാരിനെതിരേ മിണ്ടാന്‍ പറ്റാത്ത സ്ഥിതിയാണ്.
ഇ.എസ്.എ വിഷയത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ നടത്തി വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പരിഹസിച്ച് നിരന്തരം പ്രസ്താവന പുറപ്പെടുവിക്കുന്ന ജോയ്‌സ് ജോര്‍ജ് എം.പി താന്‍ ജനപ്രതിനിധി ആകുന്നതിനു മുമ്പ് ഈ വിഷയത്തില്‍ ഏഴു തവണ ജില്ലാ ഹര്‍ത്താല്‍ നടത്തിയത് മറക്കരുത്. ഇ.എസ്.എയില്‍ അധിവാസ മേഖലകളേയും തോട്ടങ്ങളേയും പൂര്‍ണമായി ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ന്യായമായ ആവശ്യത്തെ എം.പി എതിര്‍ക്കുന്നതെന്തിനാണ്.
ഈ ആവശ്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ഏഴുമാസക്കാലം അടയിരിക്കുകയായിരുന്നു. വമ്പിച്ച കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായം പറഞ്ഞത്.
യു.പി.എ സര്‍ക്കാര്‍ 123 വില്ലേജുകളെ പൂര്‍ണമായും ഇ.എസ്.എ ആക്കി പ്രഖ്യാപിച്ചിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് യു.ഡി.എഫ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിക്കാനും സംസ്ഥാനം ആവശ്യപ്പെട്ട രീതിയില്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാനും കഴിഞ്ഞു. അന്തിമവിജ്ഞാപനത്തിനായി പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് എം.പി ഇപ്പോള്‍ ശ്രമിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശുപാര്‍ശ കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല. ഓരോ വില്ലേജിലും ഒരു സെന്റെങ്കിലും ഇ.എസ്.എ ഉണ്ടെങ്കില്‍ ആ വില്ലേജ് പൂര്‍ണമായും പരിസ്ഥിതി ദുര്‍ബല വില്ലേജായി പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തെ എം.പി പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. സര്‍വ കക്ഷി സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെ അംഗീകരിക്കുകയാണെന്ന് നിയമസഭയില്‍ പറഞ്ഞ ശേഷം ഇപ്പോള്‍ അതില്‍ നിന്നും പിന്‍മാറുന്നത് ഗൂഢോദ്ദേശത്തോടെയാണ്. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ നയിക്കുന്ന കര്‍ഷക സംരക്ഷണ ജാഥ മാര്‍ച്ച് മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും. മാര്‍ച്ച് ആറിന് ജില്ലാ ഹര്‍ത്താല്‍ നടക്കുമെന്നും തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിസ്ഥിതിലോല പരിധിയില്‍ വരുന്ന സംസ്ഥാനത്തെ മറ്റ് വില്ലേജുകളില്‍ അന്നേ ദിവസം കരിദിനമായി ആചരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്ബ്, ജിമ്മി മറ്റത്തിപ്പാറ, ബ്ലെയ്‌സ് ജി. വാഴയില്‍, മനോഹര്‍ നടുവിലേടത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."