പൊലിസിലെ ക്രമക്കേടുകളിലെ സി.എ.ജി കണ്ടെത്തലുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന പൊലിസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി കണ്ടെത്തലുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെടിക്കോപ്പുകള്‍ കാണാതായതിനെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം നടത്തണം. പൊലിസ് മേധാവി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹറയെ മാറ്റിനിര്‍ത്തിവേണം അന്വേഷിക്കാനെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗുരുതരമായ ക്രമക്കേടുകളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളില്‍ സിബിഐ അന്വേഷണം വേണം. വിജിലന്‍സ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരില്ല. വെടിക്കോപ്പുകള്‍ കാണാതായതിനു പിന്നില്‍ ഗുരുതര വീഴ്ചയുണ്ട്. ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി സംശയിക്കണം. അതീവ ഗൗരവ സ്വഭാവമുള്ള കാര്യമാണിത്. ഒരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാ പ്രശ്നമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന പൊലിസ് സേനയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായെന്നാണ് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയത്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം ഡമ്മി വെടിയുണ്ടകള്‍ വച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 25 റൈഫിളുകളാണ് കാണാതായത്. 12061 വെടിയുണ്ടകളുടെ കുറവ് ഉളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായവയ്ക്ക് പകരം ഡമ്മി വെടിയുണ്ടകള്‍ വച്ചു. എന്നാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."