HOME
DETAILS
MAL
സഊദിയിൽ ഇനി കൃത്രിമ മഴ പെയ്യും: പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി
backup
February 12 2020 | 17:02 PM
റിയാദ്: സഊദിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. തലസ്ഥാന നഗരിയായ റിയാദിൽ അൽ യമാമഃ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് അംഗീകാരം നൽകിയത്. പരിസ്ഥിതി-കൃഷി-ജല വകുപ്പ് മന്ത്രി സമർപ്പിച്ച കരട് നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ ആദ്യ കൃത്രിമ മഴ പെയ്യിക്കാനുള്ള അംഗീകാരമായി. സഊദി സാമ്പത്തിക സമിതി കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നൽകിയിരുന്നു.
അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽ അംഗമാവാനും മന്ത്രിസഭ യോഗം തീരുമാനിച്ചതായി സഊദി വാർത്താ വിനിമയ മന്ത്രി തുർക്കി അൽ ശബാന അറിയിച്ചു. ആണവ ഭീകരതയെ നേരിടാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും ശക്തിപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹത്തോട്
മന്ത്രി സഭ ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷങ്ങളും സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ ഉയർച്ചയും കണക്കിലെടുത്താണ് മന്ത്രിസഭ ആഹ്വാനം നടത്തിയത്. ആഗോള സുരക്ഷയും സുസ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള രാജ്യത്തിന്റെ ഉറച്ച നിലപാടിനെ അടിവരയിട്ട് അറബ്, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും മന്ത്രി സഭ അവലോകനം ചെയ്തു.
അറബ് വനിതകളുടെ 2020 തലസ്ഥാന നഗരിയായി റിയാദിനെ തിരഞ്ഞെടുത്തതിൽ മന്ത്രി സഭ സ്വാഗതം ചെയ്തു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ 47-ാമത് സെഷന്റെ തയ്യാറെടുപ്പുകളും മന്ത്രിമാർ അവലോകനം ചെയ്തതായും വാർത്താ വിതരണ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."