മുത്തൂറ്റ് വനിതാ ജീവനക്കാരിയുടെ കൈ തല്ലിയൊടിച്ചു
കൊച്ചി: മുത്തൂറ്റ് ഓഫിസിലെ ജീവനക്കാരെ ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമിച്ചു. വനിതാ ജീവനക്കാരിയുടെ കൈ തല്ലിയൊടിച്ചു. ഇന്നലെ രാവിലെ കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം.
കടവന്ത്ര ഓഫിസിലെ റീജ്യനല്‍ മാനേജര്‍ വിനോദ് കുമാര്‍, അസി. മാനേജര്‍ ധന്യ പി.നായര്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. വിനോദ് കുമാറിനെ ഇരുമ്പുവടികൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിക്കവെയാണ് ധന്യയ്ക്ക് മര്‍ദനമേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വിനോദ് കുമാറിന് തലക്കും തോളിനും പരുക്കേറ്റിട്ടുണ്ട്. ധന്യയുടെ കൈയുടെ എല്ലിന് പൊട്ടലുണ്ട്. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് വിനോദ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിഷയത്തില്‍ തേവര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടവന്ത്ര ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ സമരക്കാര്‍ ശ്രമിച്ചു വരികയാണെന്ന് വിനോദ് കുമാര്‍ പറഞ്ഞു.
മൂത്തൂറ്റില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ തടയരുതെന്ന ഹൈക്കോടതി ഉത്തരവ് അവഗണിച്ചാണ് സമരാനുകൂലികള്‍ ജീവനക്കാരെ ആക്രമിച്ചത്. സമരം നടത്തുന്ന സി.ഐ.ടി.യു പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരം ഭീഷണികള്‍ നേരിട്ടിരുന്നതായും ധന്യ പറഞ്ഞു. കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ബാബു ജോണ്‍ മലയിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാന്‍സ് ഓഫിസുകളിലെല്ലാം സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം നടക്കുകയാണ്. പൊലിസ് സംരക്ഷണത്തിലാണ് പലയിടങ്ങളിലും ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. അക്രമം വ്യാപകമാകുന്നതിനാല്‍ കുടുതല്‍ പേരെ സുരക്ഷക്കായി അനുവദിക്കാന്‍ പൊലിസിനോട് മുത്തൂറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."