മഹത്വം നഷ്ടപ്പെടുത്തുന്ന ഇഫ്താറില്‍ നിന്നു പിന്മാറണം: സത്താര്‍ പന്തല്ലൂര്‍
കണ്ണൂര്‍: വ്രതാനുഷ്ഠാനം പോലെ തന്നെ സുപ്രധാനമായ ആരാധനയാണു നോമ്പ് മുറിക്കലെന്നും അതിന്റെ മഹത്വം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഇഫ്താര്‍ പാര്‍ട്ടികളില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. എസ്.കെ.എസ്.എസ്.എഫ് സഹചാരി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊലിസ് മൈതാനിയില്‍ നടന്നുവരുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരിപാടിയുടെ മൂന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമാണിമാരെ മാത്രം ക്ഷണിച്ച് നടത്തുന്ന സല്‍ക്കാരങ്ങളെ അല്ലാഹു ശപിക്കുമെന്നാണു പ്രവാചക വചനം. പൊങ്ങച്ചങ്ങളും ആരാധനയുടെ മഹത്വം ഇകഴ്ത്തപ്പെടുകയും ചെയ്യുന്ന ഭക്ഷ്യമേളകളായി ചില ഇഫ്താറുകള്‍ മാറുന്നതു തിരുത്തപ്പെടണം. പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടുന്ന സുപ്രധാന സമയങ്ങളെ വിശ്വാസികള്‍ ആഭാസങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യരുതെന്നും സത്താര്‍ പന്തല്ലൂര്‍ വ്യക്തമാക്കി.
ഷഹീര്‍ പാപ്പിനിശ്ശേരി അധ്യക്ഷനായി. 'ബീവി ആയിഷ കാലം മറക്കാത്ത കാല്‍പാടുകള്‍' എന്ന പ്രഭാഷണ സി.ഡി ബ്ലാത്തൂര്‍ അബ്ദുല്ല ഹാജിക്കു നല്‍കി സത്താര്‍ പന്തല്ലൂര്‍ പ്രകാശനം ചെയ്തു. ബഷീര്‍ അസ്അദി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്ല ദാരിമി കൊട്ടില, സുബൈര്‍ ബാഖവി, പി.പി മുഹമ്മദ് കുഞ്ഞി അരിയില്‍, സത്താര്‍ വളക്കൈ, ടി.എച്ച് ഷൗക്കത്ത് മൗലവി, റഹ്മത്തുല്ല കമ്പില്‍, ജുനൈദ് ചാലാട്, ഗഫൂര്‍ ബാഖവി വെണ്‍മണല്‍ സംസാരിച്ചു. നിയാസ് അസ്അദി സ്വാഗതവും സലാം പൊയനാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."