ഹൃദ്രോഗികളില്‍ 60 ശതമാനവും ഇന്ത്യയില്‍
കൊച്ചി: രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ ഹൃദ്രോഗികളില്‍ അറുപത് ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ കൂടുതലും ഗ്രാമങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയാഘാതം ഉണ്ടാക്കുന്ന ഹൃദ്രോഗം മൂന്ന് കോടി പേര്‍ക്കാണ് രാജ്യത്ത് കണ്ടെത്തിയത്. ഇതില്‍ 1.6കോടിയും ഗ്രാമങ്ങളില്‍ നിന്നാണ്.
ഹാര്‍ട്ട് ലിങ്ക് ഫൗണ്ടേഷന്‍ ഇന്റര്‍നാഷനലിന്റെ ചെയര്‍മാനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. മൂസക്കുഞ്ഞി നടത്തിയ പഠനത്തിലാണ് ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായി ഹൃദ്രോഗം മാറിയതായുള്ള കണ്ടെത്തല്‍. ദാരിദ്ര്യം, രോഗത്തെപ്പറ്റിയുള്ള അറിവില്ലായ്മ, ഫലപ്രദമായ ചികിത്സയുടെ അഭാവം, പുകവലി തുടങ്ങിയവയാണ് ഗ്രാമങ്ങളില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് വിദഗ്ധരായ ഡോക്ടര്‍മാരില്‍ വെറും 19 പേര്‍ മാത്രമാണ് ഗ്രാമങ്ങളിലുള്ളത്. നഗരങ്ങളിലാകട്ടെ ഇത് 58 ആണ്. ഗ്രാമങ്ങളില്‍ ഹൃദ്രോഗികള്‍ക്ക് വിദഗ്ധ ചികിത്സ തക്ക സമയത്ത് കിട്ടുന്നില്ല. ചെറുപ്പക്കാരിലാണ് ഹൃദ്രോഗം കൂടുതല്‍ കണ്ടുവരുന്നതെന്നാണ് മറ്റൊരു യാഥാര്‍ഥ്യം. 30-65 പ്രായക്കാരിലാണ് വന്‍തോതില്‍ ഹൃദ്രോഗം റിപ്പോര്‍ട്ടുചെയ്യുന്നത്. കഴിഞ്ഞ 26വര്‍ഷം കൊണ്ട് ഹൃദ്രോഗം മൂലമുള്ള മരണം രാജ്യത്ത് 34 ശതമാനം വര്‍ധിച്ചപ്പോള്‍ അമേരിക്കയില്‍ ഇതേകാലയളവില്‍ 41 ശതമാനം കുറവ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ രോഗം നേരത്തെ കണ്ടുപിടിക്കാനും വേണ്ടരീതിയില്‍ ചികിത്സ നല്‍കി ഭേദമാക്കാന്‍ കഴിഞ്ഞെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ പുരോഗതിക്കുതന്നെ ഭീഷണിയായി ഹൃദ്രോഗം മാറിക്കൊണ്ടിരിക്കുകയാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 100 പേര്‍ മരിക്കുമ്പോള്‍ അതില്‍ 24പേരും ഹൃദ്രോഗം മൂലമാണെന്നുള്ള കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതാണ്. പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്,കര്‍ണാടക എന്നിവിടങ്ങളില്‍ ഹൃദ്രോഗം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ 2020 ആകുമ്പോഴേക്കും കേരളം ഈ കണക്കില്‍ ഒന്നാമതെത്തുമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2025 ആകുമ്പോഴേക്കും ഹൃദ്രോഗം 25ശതമാനം കുറക്കണമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നത്. ഹൃദയാഘാതം മൂലം ആദ്യത്തെ ആറുമണിക്കൂറിനകമാണ് കൂടുതല്‍ മരണവും സംഭവിക്കുന്നത്. ഹൃദ്രോഗം തക്കസമയത്ത് തിരിച്ചറിയാന്‍ കഴിയാത്തതും ഫലപ്രദമായ ചികിത്സ തേടാന്‍ വൈകുന്നതുമാണ് മരണനിരക്ക് ഉയരാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."