വോട്ടിങ് യന്ത്രത്തിലൂടെ അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം
വോട്ടിങ് യന്ത്രങ്ങളെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഉപകരണങ്ങളാക്കി മാറ്റിയിരിക്കുന്നു ബി.ജെ.പി. ഞെട്ടിപ്പിക്കുന്ന ഈ വിവരം നല്‍കുന്നത് വോട്ടിങ് യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്ത സൈബര്‍ വിദഗ്ധന്‍ തന്നെയാണ്. അതീവ ഗുരുതരമായ ഈ ആരോപണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. കോണ്‍ഗ്രസിന്റെ ആരോപണം വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ആക്ഷേപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എന്നാല്‍ ഇതേ ജയ്റ്റ്‌ലി തന്നെയാണ് 2009ല്‍ എല്‍.കെ അഡ്വാനിക്കൊപ്പം വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നതെന്നോര്‍ക്കണം.
2014ല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ വന്നത് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണെന്ന ഗുരുതരമായ ആരോപണമാണ് അവ നിര്‍മിക്കുന്നതില്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (ഇ.സി.ഐ.എല്‍) നിര്‍ണായക പങ്കു വഹിച്ചയാളും ഹാക്കറുമായ സയീദ് ഷൂജ വെളിപ്പെടുത്തിയിരിക്കുന്നത്. 2009-2014 കാലത്ത് ഇ.സി.ഐ.എല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഷൂജ. വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെ താനുമായി ചര്‍ച്ച നടത്തിയെന്നും പില്‍ക്കാലത്ത് ഭരണതലത്തില്‍ മുണ്ടെ അവഗണിക്കപ്പെട്ടപ്പോള്‍ വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമം വെളിപ്പെടുത്തുമെന്ന് അദ്ദേഹം ബി.ജെ.പി നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതായും ഷൂജ പറയുന്നു. ഏറെക്കഴിയുംമുന്‍പ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇതൊരു കൊലപാതകമാണെന്ന ആരോപണത്തെതുടര്‍ന്ന് കേസ് അന്വേഷിച്ച എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദും കൊല്ലപ്പെടുകയായിരുന്നു. ഇതെല്ലാം യാദൃച്ഛികമാണെന്ന് വിശ്വസിക്കാനാവില്ല.
വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം നേരത്തെതന്നെയുള്ളതാണ്. ഏത് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയാലും താമരയില്‍ പതിയുന്ന വിചിത്ര പ്രതിഭാസം അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതെല്ലാം അവഗണിക്കുകയായിരുന്നു. ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന ഹരജികള്‍ സുപ്രിംകോടതി തള്ളിയതും സര്‍ക്കാരിനും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനും ആശ്വാസമാവുകയും ചെയ്തു. രാജ്യം സജീവ ചര്‍ച്ചയ്ക്കു വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഒരു വിഷയത്തിലാണിപ്പോള്‍ നടുക്കുന്ന വിവരം പുറത്തുവന്നത്.
വോട്ടിങ് യന്ത്രത്തില്‍ വിശ്വാസമില്ലെന്ന് കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം ഒറ്റക്കെട്ടായി പറയുകയും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ റാലിയില്‍ സംബന്ധിച്ച നേതാക്കളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ലണ്ടനില്‍ ഇന്ത്യാ ജേണലിസ്റ്റ് അസോസിയേഷനും ഫോറിന്‍പ്രസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ യു.എസില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത ഷൂജ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.
യന്ത്രങ്ങളില്‍ കൃത്രിമം വരുത്താന്‍ സാധ്യമല്ലെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അപ്പടി വിഴുങ്ങാനാവില്ല. നേരത്തെതന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദത്തെ തകര്‍ത്തുകൊണ്ട് യന്ത്രത്തില്‍ കൃത്രിമം വരുത്തുന്നവിധം ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജ് എന്ന ഇലക്ട്രോണിക്‌സ് എഞ്ചിനിയര്‍ നിയമസഭയില്‍ തെളിവു സഹിതം പ്രദര്‍ശിപ്പിച്ചതാണ്.
കഴിഞ്ഞ യു.പി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അഭിപ്രായ സര്‍വേകളെല്ലാം ബി.ജെ.പി തോല്‍ക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നാലിലൊന്ന് ഭൂരിപക്ഷത്തോടെ ബി.ജെ.പി ജയിച്ചുകയറിയപ്പോള്‍തന്നെ വോട്ടിങ് യന്ത്രത്തിലെ കൃത്രിമത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതാണ്. ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥയും ബി.ജെ.പിക്ക് അനുകൂലമല്ല. എന്നാല്‍ ഇതേ യന്ത്രങ്ങള്‍ തന്നെയാണ് അടുത്ത തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നതെങ്കില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യന്‍ ജനാധിപത്യം അപകടപ്പെടുന്ന കാലം വിദൂരമായിരിക്കുകയുമില്ല.
ജനാഭിലാഷത്തെ അട്ടിമറിക്കുന്ന യന്ത്രങ്ങളുടെ ദുരുപയോഗത്തിലൂടെ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവുമായിരിക്കും തകരുക. വിവിപാറ്റ് ബൂത്തുകള്‍തോറും നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യംകൊണ്ടൊന്നും ഈ കൃത്രിമം തടയാനാവില്ല. വിവിപാറ്റിലും കൃത്രിമം നടത്താന്‍ കഴിയുമെന്ന് ഷൂജ തറപ്പിച്ചുപറയുമ്പോള്‍ പ്രത്യേകിച്ചും. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്ന വിവരം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.എസ് സമ്പത്ത് അറിഞ്ഞിട്ടും അദ്ദേഹം നടപടിയെടുത്തില്ല. ഇപ്പോഴത്തെ മുഖ്യകമ്മിഷണറും വോട്ടിങ് യന്ത്രങ്ങളെ ന്യായീകരിക്കുകയാണ്. തന്റെ ഭാഗം ഉറപ്പാക്കാനായി അദ്ദേഹം യന്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഏതു വിധേനയും കൃത്രിമം നടത്താന്‍ പറ്റാത്ത യന്ത്രങ്ങളും ഇ.സി.ഐ.എല്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് ഷൂജ പറയുന്നത്. ആരോപണകര്‍ത്താക്കള്‍ക്കു മുന്‍പില്‍ ഈ യന്ത്രങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും ഷൂജ പറയുമ്പോള്‍ ബ്യൂറോക്രസിയും ഭരണവര്‍ഗവും ഒന്നിച്ചുനിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നാണ് മനസിലാകുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇതിന്റെ സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. ഷൂജയ്‌ക്കെതിരേ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡല്‍ഹി പൊലിസിനെ സമീപിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്ത് ഷൂജയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് വിശദമായ അന്വേഷണം തന്നെ നടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."