വിദര്‍ഭ കടക്കാന്‍ കേരളം ഇന്നിറങ്ങുന്നു
#നിസാം കെ അബ്ദുല്ല
കൃഷ്ണഗിരി(വയനാട്): ചരിത്രം കുറിച്ച് രഞ്ജി സെമിഫൈനലില്‍ പ്രവേശിച്ച കേരളം ഇന്ന് കളത്തിലിറങ്ങുന്നത് മറ്റൊരു ചരിത്രത്തിന്. വിദര്‍ഭ കടന്നാല്‍ കേരളമെത്തുക കപ്പിനും ചുണ്ടിനുമിടയില്‍. പാത കടുപ്പമേറിയതാണെങ്കിലും താരങ്ങളുടെ നിലവിലെ പ്രകടനവും കൃഷ്ണഗിരിയെന്ന ഭാഗ്യവും സ്വപ്നസമാന നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തുമെന്ന വിശ്വാസത്തിലാണ് കേരളത്തിന്റെ നായകന്‍ സച്ചിന്‍ ബേബിയും പരിശീലകന്‍ ഡേവ് വാട്‌മോറും.
ഇന്നലെ സ്‌റ്റേഡിയത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഇരുവരും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. സഞ്ജുവിന്റെ വിടവ് നികത്താനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു. വിദര്‍ഭയും ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ അവരുടെ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും നായകന്‍ ഫൈസ് ഫസലും അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇവരുമുള്ളത്.
കേരളം ഈ രഞ്ജിയില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്താനും ഇരുവരും മറന്നിട്ടില്ല. ഇന്നലെ രാവിലെ 10 മുതല്‍ ഇരുടീമുകളും ഗ്രൗണ്ടിലും നെറ്റ്‌സിലുമായി പരിശീലനം നടത്തിയാണ് മടങ്ങിയത്. പിച്ചിന്റെ സ്വഭാവം എന്തെന്നതിനെക്കുറിച്ച് ക്യൂറേറ്റര്‍ ആശിഷ് കെ ഭൗമിക് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എങ്കിലും ഫ്‌ളാറ്റ് പിച്ചാവാനാണ് സാധ്യത കൂടുതല്‍. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും രാവിലെയുള്ള ഒന്നര മണിക്കൂറും അവസാന സെഷനിലെ ഒരു മണിക്കൂറുമായിരിക്കും കളിയുടെ ഗതി നിയന്ത്രിക്കുകയെന്നാണ് ക്രിക്കറ്റ് വിദഗ്ദരുടെ അഭിപ്രായം. ഈ രണ്ട് സമയങ്ങളിലും വിക്കറ്റ് കാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആയാല്‍ വിജയം കൂടെയുണ്ടാകാനാണ് സാധ്യത കൂടുതല്‍.
പൊതുവെ കേരളത്തിനെ അപേക്ഷിച്ച് വിദര്‍ഭയുടേത് മികച്ച ബാറ്റിംഗ് ലൈനപ്പാണ്. ഇതില്‍ തന്നെയാണ് വിദര്‍ഭയുടെയും പ്രതീക്ഷ. ഫൈസ് ഫസലും സഞ്ജയ് രാമസ്വാമിയും തുടക്കമിടുന്ന ബാറ്റിംഗിലേക്ക് പിന്നാലെ വരുന്നത് വസീം ജാഫറാണ്. തൊട്ടുപിന്നില്‍ ഗണേഷ് സതീഷ്, അക്ഷയ് വാഡ്കര്‍, ആദിത്യ സര്‍വാതെ എന്നിവരുമെത്തും. ഈ ബാറ്റിംഗ് ലൈനപ്പ് തന്നെയാണ് വിദര്‍ഭയുടെ ശക്തിയും. ബൗളിംഗില്‍ ഇന്ത്യന്‍താരം ഉമേശ് യാദവ് കൂടി പട നയിക്കാനെത്തുന്നത് അവരുടെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തുന്നതാണ്. കേരളം തങ്ങളുടെ ദിവസങ്ങളില്‍ തകര്‍ത്ത് കളിക്കുന്ന ഒരുകൂട്ടം യുവതാരങ്ങളുമായാണ് എത്തുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ധീന്‍, പി.രാഹുല്‍ എന്നിവരായിരിക്കും കേരളത്തിനായി ബാറ്റിംഗ് ആരംഭിക്കുക. പിന്നാലെയെത്തുന്ന സിജോമോനും വിനൂപും സച്ചിന്‍ ബേബിയും വിഷ്ണുവും ജലജും ബേസിലും ബാറ്റ് കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കാന്‍ പ്രാപ്തിയുള്ളവരാണ്. പന്തുമായി സന്ദീപ് വാര്യരും ബേസിലും നിതീഷും തീതുപ്പിയാല്‍ കേരളം ചെന്നെത്തുക 62 വര്‍ഷങ്ങളായി താലോലിക്കുന്ന ഒരു സ്വപ്നത്തിന്റെ യാഥാര്‍ത്യത്തിലേക്കാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."