HOME
DETAILS
MAL
ഡല്‍ഹിയുടെ സുരക്ഷാ ചുമതല അജിത് ഡോവലിന്
backup
February 27 2020 | 03:02 AM
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ആക്രമണങ്ങളില്‍ ഡല്‍ഹി ഹൈക്കോടതി ശക്തമായി ഇടപെടുകയും ഡല്‍ഹി പൊലിസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ സുരക്ഷാ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു കൈമാറി.
ഇന്‍ഷാ അല്ലാഹ്.., ഇവിടെ സമാധാനം കൊണ്ടുവരുമെന്നായിരുന്നു ഇതിനു ശേഷം ജാഫറാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അജിത് ഡോവല്‍ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഡോവല്‍ സംഘര്‍ഷബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കലാപം തടയുന്നതില്‍ ഡല്‍ഹി പൊലിസ് പരാജയപ്പെട്ടുവെന്നും അക്രമികള്‍ക്കൊപ്പം നിന്നുവെന്നും ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ ആഭ്യന്തര മന്ത്രാലയം അജിത് ഡോവലിനെ നിയോഗിക്കുന്നത്.
സുപ്രിംകോടതിയും ഡല്‍ഹി ഹൈക്കോടതിയും പ്രതിപക്ഷ പാര്‍ട്ടികളും ഡല്‍ഹി പൊലിസിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇന്നലെ വീണ്ടും കലാപബാധിത പ്രദേശങ്ങള്‍ അജിത് ഡോവല്‍ സന്ദര്‍ശിച്ചു.
കലാപം പടര്‍ന്ന് നാലാം ദിവസമായ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ഇതു സംബന്ധിച്ച് പ്രതികരിക്കുന്നത്. അതേസമയം, ഡല്‍ഹിയുടെ സ്‌പെഷല്‍ പൊലിസ് കമ്മിഷണറായി എസ്.എന്‍ ശ്രീവാസ്തവയേയും നിയമിച്ചിരുന്നു.
അതേസമയം, ഡല്‍ഹിക്കു പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗത്തില്‍ പങ്കെടുത്തു. 24 മണിക്കൂറിനിടെ മൂന്നുതവണയാണ് ഡല്‍ഹി മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."