'ഞങ്ങള്‍ക്ക് പേടിയാണ്, അവരിനിയും ഞങ്ങളെ തേടി വന്നേക്കും'- മരിച്ചവരെ ഖബറടക്കാന്‍ പോലും ഭയന്ന് വംശഹത്യയുടെ ഇരകള്‍
കഴിഞ്ഞ നാലു ദിവസമായി ആശുപത്രിയും പൊലിസ് സ്റ്റേഷനിലുമാണ് 22കാരനായ മുഷ്താഖ് ഖാന്റെ ജീവിതം. ഡല്‍ഹിയില്‍ സംഘ്ഭീകരര്‍ കൊന്നു കളഞ്ഞ സഹോദരന്‍ ഇഷ്തിയാഖിന്റെ മൃതദേഹം വിട്ടു കിട്ടാനുള്ള ഓട്ടത്തിലായിരുന്നു അയാള്‍. അവസാനിക്കാത്ത പേപ്പര്‍വര്‍ക്കുകള്‍. തുടരെത്തുടരെയുള്ള ഫോണ്‍വിളികള്‍. ദിവസങ്ങളായുള്ള ഈ ഓട്ടം പക്ഷേ മുഷ്താഖിനെ ഒട്ടും തളര്‍ത്തുന്നില്ല. അതിനേക്കാളപ്പുറം മറ്റൊരു ചിന്തയാണ് അവനെ അലട്ടുന്നത്. എല്ലാത്തിനുമൊടുവില്‍ അവന്റെ മയ്യിത്ത് വിട്ടു കിട്ടിയാല്‍ അതും കൊണ്ട് എങ്ങോട്ടു പോവും ഞങ്ങള്‍. അവന്റൈ ചോരത്തുള്ളികള്‍ ഇറ്റു വീണ, അവന്റെ മരണം കണ്ട് ആര്‍ത്തട്ടഹസിച്ച് ഒരു സംഘത്തിന്റെ നിഴലുകള്‍ ഇപ്പോഴും പതിയിരിക്കുന്ന ആ നാട്ടിലേക്കോ. ഇത് മുഷ്ത്താഖിന്റെ മാത്രം കാര്യമല്ല. ഡല്‍ഹി വംശഹത്യയുടെ ഓരോ ഇരകളുടേയും ആകുലതയാണ്.
'കഴിഞ്ഞ നാലുദിവസമായി രാവിലെ പത്തു മണി മുതല്‍ ഞാനിവിടെ ഉണ്ടാവും. അവന്റെ മയ്യിത്ത് എത്തുന്നതും കാത്ത് ഞങ്ങളുടെ കുടുംബം അവിടെ കാത്തിരിക്കുകയാണ്. എന്നാല്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു വരരുതെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട് ബന്ധുക്കളില്‍. മറ്റൊന്നും കൊണ്ടല്ല. ഭയമാണ്. തങ്ങളും ഇരയായേക്കുമോ എന്ന ഭയം'- മുഷ്താഖ് പറയുന്നു.
അഞ്ചു തലമുറകളായി കബീര്‍ നഗറില്‍ കഴിയുന്നവരാണ് തങ്ങളെന്ന് മുഷ്താഖിന്റെ സഹോദരീ ഭര്‍ത്താവ് പറയുന്നു. എന്നാല്‍ ഇന്ന് അവിടെ താമസിക്കാന്‍ തങ്ങള്‍ക്ക് ഭയമായിരിക്കുന്നു. അത്രക്കേറെയാണ് കഴിഞ്ഞ വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ അവരനുഭവിച്ചത്. കബീര്‍ നഗറിലെ വീട്ടില്‍ നിന്ന് വെറും 200 മീറ്റര്‍ അകലെ വെച്ചാണ് ഇഷ്തിയാഖ് കൊല്ലപ്പെട്ടത്.
മാനസികപ്രശ്നങ്ങളുണ്ടായിരുന്നു മെഹ്താബിന്. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് അവന്‍ അക്രമികളുടെ കയ്യില്‍ പെട്ടത്. ഒരു ദയവും കൂടാതെ അവര്‍ അവനെ കൊന്നു കളഞ്ഞു- സഹോദരന്‍ ആരിഫ് കരഞ്ഞുകൊണ്ട് പറയുന്നു.
'അവന് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാവില്ലായിരുന്നു. അതുകൊണ്ടാണ് ആ സമയത്ത് അവന്‍ പുറത്തുപോയത്. അവന്‍ മരിച്ചിട്ട് നാല് ദിവസം കഴിഞ്ഞു. മരിച്ച ശേഷം ഇത്രയും ദിവസം മൃതദേഹം സൂക്ഷിക്കുന്നത് ഞങ്ങളുടെ മതത്തില്‍ പതിവില്ലാത്തതാണ്. മൃതദേഹം ലഭിച്ചാല്‍ നേരിട്ട് ഖബറിടത്തില്‍ കൊണ്ടുപോകാനാണ് വിചാരിക്കുന്നത്. പൊലിസിനോട് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.' ആരിഫ് പറഞ്ഞു.
പ്രദേശത്തെ മുസ്ലിം ശ്മശാനം അക്രമികള്‍ നശിപ്പിച്ചിരുന്നു. ഏകദേശം ഇരുന്നൂറോളം പേരുടെ മുഖംമറച്ചെത്തിയ സംഘമാണ് ശ്മശാനം നശിപ്പിച്ചതെന്നും തന്റെ ജീവിത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അതെന്നും ശ്മശാനം സൂക്ഷിപ്പുകാരനായ സുരാജ് പാല്‍ പറയുന്നു.
'അവരുടെ കണ്ണില്‍ വിദ്വേഷവും വെറുപ്പും നിറഞ്ഞുനിന്നിരുന്നു. അവര്‍ ഗേറ്റുകള്‍ വലിച്ചൂരിയെറിഞ്ഞു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങളെല്ലാം തകര്‍ത്തു. പല ഭാഗങ്ങളും തീവെച്ച് നശിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു.' സുരാജ് പാല്‍ ഓര്‍ത്തെടുത്തു.
ശഫീഖ് അഹമദ് എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇപ്പോള്‍ ഇവരെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സഹായിക്കുന്നത്. തനിക്കുണ്ടായ ഒരു അനുഭവം അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പങ്കുവെക്കുന്നു.
'വ്യാഴാഴ്ച ഒരു കുടുംബത്തെ കാണാനിടയായി. നാലു സ്ത്രീകളും ഒമ്പതു വയസ്സുള്ള ഒരു കുട്ടിയും. അവരുടെ കുടുംബത്തിലെ ഒരേഒരു ആണ്‍തുണ കൊല്ലപ്പെട്ടിരുന്നു'- അദ്ദേഹം പറഞ്ഞു. നെറുകയില്‍ സിന്ദൂരമണിഞ്ഞാണത്രെ ഈ സ്ത്രീകള്‍ അവരുടെ കോളനിയില്‍ നിന്ന് പുറത്തു കടന്നത്.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളില്‍ 43 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസമായി പ്രദേശത്ത് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കലാപം നടന്ന പ്രദേശത്തുള്ളവരെല്ലാം ഇപ്പോഴും ഭയത്തിലും ആശങ്കയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."