ടൂറിസം ഭൂപടത്തില്‍ വലിയഴീക്കല്‍ ഗ്രാമവും ഇടം പി ടിക്കുന്നു
ഹരിപ്പാട്: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ വലിയഴീക്കല്‍ ഗ്രാമവും ഇടം പിടിക്കാന്‍ പോകുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും നാവികര്‍ക്കും സുരക്ഷിത കടല്‍ യാത്ര ഉറപ്പുവരുത്താന്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് ആരംഭിക്കുകയാണ്. 18.05.2012 -ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിക്കാന്‍ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസസ് തീരുമാനമെടുത്തത്.
കൊല്ലം തങ്കശ്ശേരിക്കും- ആലപ്പുഴക്കുമിടയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള പ്രദേശമായതിനാലും കപ്പലുകള്‍ ചെറുമത്സ്യ ബന്ധന ബോട്ടുകളില്‍ ഇടിച്ച് അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഈ പ്രദേശത്ത് ഒരു ലൈറ്റ് ഹൗസ് കൂടി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം എം.പി കൂടിയായ കെ.സി വേണുഗോപാലാണ് മുന്നോട്ടുവച്ചത്.കേന്ദ്ര മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഇടപ്പെടലുകളുടെ അടിസ്ഥാനത്തിലാണ് 2012 ല്‍ ഈ പദ്ധതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകരിച്ചു കിട്ടിയത്.9.18 കോടി രൂപ ചിലവിലാണ് ഇവിടെ ലൈറ്റ് ഹൗസ് ആരംഭിക്കുക.ഉയരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ രണ്ടാമത്തെ സ്ഥാനമാകും ഈ ലൈറ്റ് ഹൗസിനുണ്ടാവുക.
ഇതിനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പദ്ധതിക്കാവശ്യമായ 45 സെന്റ് സ്ഥലത്തില്‍ 24 സെന്റ് സ്ഥലം ആറാട്ടുപുഴ പഞ്ചായത്ത് ദീര്‍ഘകാല പാട്ട വ്യവസ്ഥയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി .ഏഴാം തീയതി നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ പാട്ട വ്യവസ്ഥ പാസ്സാക്കി ഷിപ്പിംഗ് മന്ത്രാലയത്തിന് കൈമാറും.ശേഷിക്കുന്ന 21 സെന്റ് സ്ഥലം 23 ലക്ഷം രൂപ നല്‍കി സ്വകാര്യ വ്യക്തിയുടെ കയ്യില്‍ നിന്നും ഏറ്റെടുത്തിട്ടുണ്ട്. 38 മീറ്റര്‍ ഉയരത്തില്‍ ലിഫ്റ്റ് സൗകര്യത്തോടെയാണ് ലൈറ്റ് ഹൗസ് ടവര്‍ നിര്‍മിക്കുക.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഉയരത്തില്‍ കേരളത്തിലെ രണ്ടാമത്തെലൈറ്റ് ഹൗ സാകും ആറാട്ടുപുഴയിലേത്.ഇതിനൊപ്പം അനുബന്ധ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങളും നിര്‍മ്മിക്കും. ലൈറ്റ് ഹൗസ് മ്യൂസിയം, അത്യാധുനിക ഉപകരണങ്ങള്‍,സാങ്കേതിക ക്രമീകരണങ്ങള്‍, വിനോദ സഞ്ചാരികള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ടാകും. ലൈറ്റ് ഹൗസ് ടവറിന് 4.82 കോടിയും അനുബന്ധ കെട്ടിടങ്ങള്‍ക്കായി 3.15 കോടിയും സാങ്കേതിക ഉപകരണങ്ങള്‍ ലിഫ്റ്റ് എന്നിവക്കായി 1.2 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ അവസാനത്തോടെ നിര്‍മാണം ആരംഭിക്കും. ഇന്നലെ പകല്‍ മൂന്നു മണിയോടെ കെ.സി വേണുഗോപാല്‍ എം.പി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കി.
ഡയറക്ടര്‍ മധുകര്‍ ജി. ഗുഢാദേ, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് രവിചന്ദ്രന്‍ ,എന്‍ജിനീയര്‍ സുധാകരന്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംസുദ്ദീന്‍ കായിപ്പുറം, പ്രശാന്ത് ആറാട്ടുപുഴ എന്നിവരും എം.പിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."