തൃശൂര്‍-ഒറ്റപ്പാലം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; പെരുവഴിയിലായി ജനം
വടക്കാഞ്ചേരി: തൃശൂര്‍ ഷൊര്‍ണൂര്‍ ഒറ്റപ്പാലം റൂട്ടിലെ ബസുകള്‍ കുളപ്പുള്ളി ബസ് സ്റ്റാന്‍ഡില്‍ കയറി പോകണമെന്ന പൊലിസ് നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ഷൊര്‍ണൂര്‍ റൂട്ടില്‍ ബസ് തൊഴിലാളികള്‍നടത്തിയ മിന്നല്‍ പണിമുടക്കുമൂലം യാത്രക്കാര്‍ ദുരിതത്തിലായി. മിനുട്ടുകളുടെ വ്യത്യാസത്തില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നത് മൂലം സമയ ക്ലിപ്തത പാലിക്കാന്‍ കഴിയില്ലെന്ന ന്യായീകരണമാണ് തൊഴിലാളികള്‍ പറയുന്നത്.
കുളപ്പുള്ളി സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാത്തതിനെ ചൊല്ലി നിരവധി തവണ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി പോകണമെന്ന കര്‍ശന നിലപാട് പൊലിസ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പകല്‍ ഒരു മണിയോടെ തൊഴിലാളികള്‍ മിന്നല്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്.
മുളംകുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയവര്‍ അടക്കം ബുദ്ധിമുട്ടിലായി.
വിദ്യാലയങ്ങളുടെയും ഓഫിസുകളുടെയും സമയം കഴിഞ്ഞതോടെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ജനതിരക്കേറി. ചേലക്കര റൂട്ടില്‍ ബസുകള്‍ സര്‍വിസ് നടത്തിയിരുന്നത് ജനങ്ങള്‍ക്ക് ചെറിയ ആശ്വാസമായി. മിന്നല്‍ സമരങ്ങള്‍ക്ക് എതിരേ ശക്തമായ പ്രതിഷേധമാണ് യാത്രക്കാരില്‍ നിന്നുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."