ബ്രസീലില്‍ ഡാം തകര്‍ന്ന് 40 പേര്‍ മരിച്ചു; 300 പേരെ കാണാതായി
റിയോഡി ജനീറോ: ഡാം തകര്‍ന്ന് ബ്രസീലില്‍ 40 പേര്‍ മരിച്ചു. 300 പേരെ കാണാതായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബെലോ ഹോറിസിന്‍ഡെ നഗരത്തിനടുത്ത് ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് തകര്‍ന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
ഡാമില്‍നിന്ന് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ടണ്‍ മണ്ണില്‍ പ്രദേശത്തെ ജനങ്ങളെ കാണാതാവുകയായിരുന്നു. സമീപത്തെ റോഡുകള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ചെളിക്കടിയിലായി. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് പ്രദേശത്തു തിരച്ചില്‍ നടത്തുന്നത്. ചെളിയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതു തുടരുകയാണ്. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണു വിവരം.
252 തൊഴിലാളികള്‍, കരാറുകാര്‍ എന്നിവരെ കാണാനില്ലെന്ന് വലെ കമ്പനി അറിയിച്ചു. പ്രദേശവാസികളെ കൂടാതെ സമീപത്തെ മദ്യശാലയില്‍ എത്തിയവരെയും കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച അപകടമുണ്ടാകുമ്പോള്‍ ഖനിത്തൊഴിലാളികള്‍ സമീപത്തെ ക്ഫ്റ്റീരിയയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. 366 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട പ്രദേശം ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടത്തുന്നുണ്ടെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ വീണ്ടും സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1000 ട്രൂപ്പ് സൈനികരെ പ്രദേശത്ത് നിയോഗിച്ചു. 42 വര്‍ഷം പഴക്കമുള്ള ഡാമില്‍ അധികൃതര്‍ ഈയിടെ പരിശോധന നടത്തിയിരുന്നെന്ന് കമ്പനി അറിയിച്ചു. അതിനിടെ ഡാമില്‍ നിന്ന് ഒഴുകിയെത്തിയ ഇരുമ്പയിര് കലര്‍ന്ന മാലിന്യം രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം വ്യക്തമായിട്ടില്ലെന്ന് വലെ കമ്പനി സി.ഇ.ഒ ഫാബിയോ ഷിവാര്‍ഡ്‌സ്മാന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഖനിക്കമ്പനികളിലൊന്നാണ് വലെ. 2015ല്‍ ബ്രസീലിലെ മിനാസ് ഗെറെയ്‌സില്‍ വലെയുടെ കീഴിലുള്ള മറ്റൊരു ഖനിയിലുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചിരുന്നു. അതിനിടെ ബ്രസീലില്‍ വലെ കമ്പനിയുടെ മറ്റൊരു ഖനി ഡാം തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കി. കൊരോഗോ ഡോ ഫെയ്ജിയോ ഖനിയിലെ ഡാം തകരാന്‍ സധ്യതയുണ്ടെന്ന് ബ്രൂമാഡിഞ്ഞോയയിലെ മുന്‍സിപ്പാലിറ്റി അധികൃതരാണ് മുന്നറിയിപ്പ് നല്‍കിയത്. അപകടകരമാം വിധം ഡാമില്‍ വെള്ളം നിറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടണമെന്നുമാണ ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."