മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: ജോസ് കെ. മാണി എം.പി
കുറ്റ്യാടി: കാര്‍ഷിക ദുരന്തം സമ്മാനിക്കുന്ന ആര്‍.സി.ഇ.പി (മേഖല സമഗ്ര സാമ്പത്തിക ഉടമ്പടി)യില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. കര്‍ഷക രക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് ജില്ലാ അതിര്‍ത്തിയായ തൊട്ടില്‍പ്പാലത്ത് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസിയാന്‍ കരാറുകള്‍ ഉള്‍പ്പെടെയുള്ള ആഗോള സാമ്പത്തിക ഉടമ്പടികള്‍ പ്രതിസന്ധിയിലാക്കിയ കാര്‍ഷിക മേഖലയുടെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ധൃതിയില്‍ ഒപ്പിടാന്‍ ശ്രമിക്കുന്ന ആര്‍.സി.ഇ.പി. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഈ ഉടമ്പടിയില്‍ ഒപ്പിടാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അമിത വ്യഗ്രത ഇന്ത്യയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ക്കും. കരാര്‍ നിലവില്‍ വന്നാല്‍ നിയന്ത്രണങ്ങളില്ലാത്ത ഇറക്കുമതി സാധ്യമാകുന്നതോടെ ഇന്ത്യയിലെ കര്‍ഷകന് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന സാഹചര്യം ഉണ്ടാകും. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് മലയോര കര്‍ഷകരുടെ സംരക്ഷണത്തിന് ആവശ്യമായ നിയമഭേദഗതിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കുമുള്ള സഹായം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."