കൊവിഡ് 19: ആശങ്കയ്‌ക്കൊപ്പം ഭീതി വിതച്ച് വ്യാജപ്രചാരണങ്ങളും, നാലുപേര്‍ക്കെതിരേ കേസ്
കൊച്ചി: കൊവിഡ് 19 ബാധ വ്യപകമായതിനു പിന്നാലെ ആശങ്കയ്‌ക്കൊപ്പം വ്യാജപ്രചാരണങ്ങളും കൊഴുക്കുന്നു. പത്തനംതിട്ടയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്ത ഞായറാഴ്ച പുറത്തുവന്നതു മുതല്‍ വ്യജ പ്രചാരണവും തുടങ്ങി. ഇതോടെ രോഗവിവരത്തില്‍ ഞെട്ടിയ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്ക് അക്ഷരാര്‍ഥത്തില്‍ നിര്‍ജീവമായി.
റാന്നി ഐത്തല മീന്‍മുട്ടി സ്വദേശികളായ ഇറ്റലിക്കാര്‍ക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നുവന്ന കുടുംബത്തിലെ അച്ഛന്‍, അമ്മ, മകന്‍ എന്നിവര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ത്ത പുറത്തു വന്നതോടെ മലയോരമേഖലയായ റാന്നി ഒന്നാകെ ഞെട്ടി.
ഗൃഹനാഥന്‍ മുമ്പ് ഇട്ടിയപ്പാറയില്‍ ഓട്ടോ ഡ്രൈവറായിരുന്നു. അതിനാല്‍ ധാരാളം ബന്ധങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൂടാതെ കുറച്ചു നാളത്തേക്കാണ് അവര്‍ നാട്ടില്‍ എത്തിയതും. അതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനുള്ള ഓട്ടത്തിലായിരുന്നു കുടുംബം. അതിനിടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അതോടെ ഇവരുമായി സഹകരിച്ച ആയിരത്തോളം പേര്‍ ആശങ്കയിലായി. ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടവരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചതെന്നതും ആശങ്ക ഇരട്ടിയാക്കി.
തുടര്‍ന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും നിയന്ത്രണം ഏറ്റെടുത്തതോടെ കര്‍ശനമാക്കുകയും ചെയ്തു. ഇതോടെ റാന്നിയിലെ പ്രധാന സ്ഥലങ്ങളെല്ലാം വിജനമായി. യാത്രക്കാരില്ലാത്തതിനാല്‍ ബസ് സര്‍വിസുകള്‍ പലതും റദ്ദാക്കി. റാന്നി- കോഴഞ്ചേരി, റാന്നി- പത്തനംതിട്ട തുടങ്ങിയ പല സ്വകാര്യ ബസ് സര്‍വിസുകളും നിലച്ചു. കടകള്‍ പലതും അടഞ്ഞുകിടക്കുകയാണ്.
പ്രളയം ഏറ്റവും കൂടുതല്‍ നാശംവിതച്ച റാന്നി അതില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനിടെയാണ് കൊവിഡ് 19നും എത്തിയത്. അതിനിടെയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയ്ക്കും മകള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിക്കുന്നത്. അതോടെ കോഴഞ്ചേരി നഗരവും വിജനമായി. കടകമ്പോളങ്ങള്‍ പലതും അടഞ്ഞുകിടന്നു. ഇതുവഴിയുള്ള ബസ് സര്‍വിസുകള്‍ പലതും നിര്‍ത്തിവച്ചു. അതിനിടെയാണ് വ്യാപകമായ വ്യാജ പ്രചാരണം. നിലവില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി ന്യൂഹ് നാലോളം പരാതികളാണ് വ്യാജ പ്രചാരകര്‍ക്കെതിരേ പൊലിസിന് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."