എസ്.സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല; ട്രൈബല്‍ ഓഫിസ് മാര്‍ച്ച് നടത്തി
മുതലമട: ഇരവാലന്‍ വിഭാഗത്തിന് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുതലമട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പട്ടികവര്‍ഗ മഹാസഭയുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാര്‍ച്ച് നടത്തിയത്. കൊല്ലങ്കോട് ഒന്ന്, രണ്ട്, എലവഞ്ചേരി വില്ലേജുകളിലായി 138 കുടുംബങ്ങളിലെ ഇരവാലന്‍ കുടുംബങ്ങള്‍ 253 ദിവസം വില്ലേജിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു.
സര്‍ക്കാര്‍ അവഗണക്കെതിരേയാണ് മാര്‍ച്ച് നടത്തിയതെന്ന് സമരക്കാര്‍ പറഞ്ഞു. ഇരവാലന്‍ വിഭാഗത്തിന് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 27നാണ് കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തിലുള്ളവര്‍ കൊല്ലങ്കോട് രണ്ട് വില്ലേജിനു മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കെ. ബാബു.എം.എല്‍.എ സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ ജാതി നിര്‍ണയം മൂന്നു മാസത്തിനകമെന്നാണ് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്.
കിര്‍ത്താഡ്‌സിന്റെ പഠനറിപ്പോര്‍ട്ട് സര്‍ക്കാറിന് മൂന്നു മാസത്തിനകം ലഭിച്ചാല്‍ മാത്രമാണ് സര്‍ക്കാറിന് അന്തിമ തീരുമാനം എടുക്കാനാവൂ എന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പരിഹരിക്കാന്‍ വൈകുന്നതിനാല്‍ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക്‌വിദ്യാഭ്യാസ അവകാശങ്ങള്‍ നിക്ഷേധിക്കപ്പെടുന്നതിനെതിരേയാണ് മാര്‍ച്ച് നടത്തുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. എത്രയും വേഗത്തില്‍ തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അത് നടപ്പിലാക്കത്തിനെതിരേയാണ് സമരം ശക്തമാക്കുന്നതെന്ന് ഇരവാലന്‍ സമുദായ ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകനായ വി.രാജു പറഞ്ഞു.
എത്രയും വേഗത്തില്‍ ജാതി നിര്‍ണയം നടത്തുവാന്‍ സാധിക്കുമെന്നിരിക്കെ കോളനിവാസികളെ വീണ്ടും സമരത്തിലേക്ക് നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ സമരം ശക്തമാക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സമര ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. വിളയോടി ശിവന്‍കുട്ടി, സജീവന്‍ കള്ളി ചിത്ര, കെ.കെ മണി, ബള്‍ക്കീസ് ബാനു, കെ. കാര്‍ത്തികേയന്‍, സി. വേലായുധന്‍, മുജീബ് ചുള്ളിയാര്‍, എ.എം ഷിബു, അമീര്‍ അലി, ശൈ്വര്യ കൃഷ്ണന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."