വിജയന്‍ പിള്ളക്ക് ചരമോപചാരമര്‍പ്പിച്ച് നിയമസഭ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ചവറ എം.എല്‍.എ എന്‍. വിജയന്‍ പിള്ളയ്ക്ക് ചരമോപചാരമര്‍പ്പിച്ച് കേരള നിയമസഭ. കൊല്ലം ജില്ലയുടെയും വിശിഷ്യ ചവറയുടെയും പുരോഗതിക്കായി അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച സാമാജികനായിരുന്നു വിജയന്‍ പിള്ളയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ചവറയിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും സുപരിചിതനും അവരുടെ വിജയണ്ണനും വിജയന്‍ കൊച്ചേട്ടനുമായിരുന്നു വിജയന്‍ പിള്ള. പിതാവിന്റെ പിന്തുടര്‍ച്ചയായി വ്യവസായരംഗത്തും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ചവറ മണ്ഡലത്തിലെ സാധാരണക്കാരുടെ സാമൂഹിക ഉന്നമനത്തിനായി അദ്ദേഹം നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
ചുറ്റുമുള്ളവരിലേക്കു സ്വന്തം ഊര്‍ജം പകര്‍ന്നു നല്‍കി സ്വയം ഒരു വിളക്കായി മാറിയ മനുഷ്യത്വത്തിന്റെ ദീപ്തമായ പ്രതീകമാണ് വിജയന്‍ പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഒന്നിലും പരാതിയോ പരിഭവമോ ഇല്ലാത്ത നിറഞ്ഞ സംതൃപ്തിയും ഉയര്‍ന്ന അച്ചടക്ക ബോധവുമാണ് വിജയന്‍ പിള്ളയുടെ സ്വഭാവ സവിശേഷത. ഇത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളോടെന്നും അടുപ്പം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ നേതാവായിരുന്നു എന്‍. വിജയന്‍ പിള്ളയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യവസായി എന്ന നിലയില്‍ ഉയരങ്ങളിലെത്തിയപ്പോഴും മണ്ഡലത്തിലെ ആളുകളുമായി വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സൗമ്യതയുടെ പ്രതീകവും നിസ്വാര്‍ത്ഥനുമായ ഒരു പൊതുപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്നും പ്രതിപക്ഷനേതാവ് അനുസ്മരിച്ചു.
ജനസഭകളിലെ സ്ഥാനത്തെക്കാള്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവായിരുന്നു വിജയന്‍ പിള്ളയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഗജവീരന്റെ ശരീര പ്രൗഡിയും മാന്‍പേടയുടെ മനസ്സുമുള്ള സൗമ്യനായ നേതാവായിരുന്ന വിജയന്‍പിള്ളയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തന്‍ എങ്ങനെയായിരിക്കണമെന്നതിന് മഹത്തായ മാതൃകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും മറക്കാന്‍ സാധിക്കാത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു വിജയന്‍ പിള്ളയെന്നും മുനീര്‍ അനുശോചിച്ചു.
എപ്പോഴും പുഞ്ചിരിയോടെ മാത്രം സമീപിപ്പിച്ചിരുന്ന സൗമ്യതയുടെ പ്രതീകമായിരുന്നു വിജയന്‍ പിള്ളയെന്ന് മാത്യു ടി. തോമസ് പറഞ്ഞു. തുറന്ന മനസ്സും കാപട്യമില്ലാത്ത പെരുമാറ്റവും കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കവര്‍ന്ന നേതാവായിരുന്നു വിജയന്‍ പിള്ളയെന്ന് മോന്‍സ് ജോസഫ് അനുസ്മരിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ. രാജഗോപാല്‍, കെ.ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.സി ജോര്‍ജ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ തുടങ്ങി മറ്റ് കക്ഷി നേതാക്കളും ചരമോപചാരം അര്‍പ്പിച്ചതോടെ രാവിലെ 10 ഓടെ സഭ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."