വീണ്ടും കയ്യാങ്കളിയുമായി സെന്‍കുമാര്‍ സൈന്യം: മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ചു
കൊല്ലം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനം വീണ്ടും അലങ്കോലമായത് ഗുണ്ടാസംഘത്തിന്റെ ഇടപെടലില്‍. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ ഹാളിലുണ്ടായിരുന്നവര്‍ തടസ്സപ്പെടുത്താന്‍ എഴുന്നേറ്റതോടെയാണ് വാര്‍ത്താസമ്മേളനം അലങ്കോലമായത്.
വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാറിനോടു കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
തുടര്‍ ചോദ്യം ആരംഭിച്ചതോടെയാണ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. സുഭാഷ് വാസു ഉള്‍പ്പെടെ ചില നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് സെന്‍കുമാര്‍ എത്തിയത്. യോഗം തുടങ്ങുന്നതിനു മുന്‍പാണ്, നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന ഹാളില്‍ പത്രസമ്മേളനം തുടങ്ങിയത്. ഇതിനിടയില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകയുടെ ദൃശ്യം പകര്‍ത്താനും ശ്രമിച്ചു.
മൊബൈല്‍ പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തക താക്കിതു ചെയ്തു. തര്‍ക്കം നടക്കുമ്പോള്‍ പ്രവര്‍ത്തകരെ വിലക്കാതെ സെന്‍കുമാര്‍ നിശബ്ദനായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."