ഇറാനിലെ ബഹ്റൈന്‍ പൗരന്മാരുടെ ആദ്യസംഘം ബഹ്റൈനിലെത്തി; 165 പേരില്‍ 77 പേര് കൊറോണ ബാധിതര്‍
മനാമ: ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിലെത്തിച്ച 165 ബഹ്റൈന്‍ പൗരന്മാരില് 77 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇറാനില്‍ നിന്നു പ്രത്യേക വിമാനത്തില്‍ അതീവ സുരക്ഷയോടെ എത്തിച്ച സംഘത്തെ ഇവിടെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് 77 പേര്‍ക്ക് വൈറസ് ബാധ പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ ഇവരെയെല്ലാം പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ഐസൊലേഷനിലേക്കും മാറ്റി.
വൈറസ് ബാധിതരെ താമസിപ്പിക്കാനായി വിപുലമായ സൗകര്യങ്ങളോടെ സിത്രയില്‍ സജ്ജീകരിച്ച താല്‍ക്കാലിക ആശുപത്രിയും ഐസൊലേഷന്‍ ടെന്റുകളും തയ്യാറാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള അടുത്ത സംഘത്തെ വ്യാഴാഴ്ച എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരിലും രോഗ ബാധയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതിനിടെ ബഹ്റൈനിലെ നിലവിലെ കോവിഡ്- 19 വൈറസ് ബാധിതരുടെ എണ്ണം 160 ആയി. ഇറാനില്‍ നിന്നുള്ള 77 പേര് കൂടി ഉള്‍പ്പെട്ട കണക്കാണിത്. ഇവരെ കൂടാതെ 83 പേരാണ് നേരത്തെ ചികിത്സയിലുണ്ടായിരുന്നത്. അതേസമയം ഇക്കഴിഞ്ഞ ദിവസം വരെ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കി ഐസൊലേഷന്‍ റൂം വിട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ 8650 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള 160 പേരില്‍ ഒരാളൊഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് -19 നുമായി ബന്ധപ്പെട്ട തല്‍സമയ വിവരങ്ങള്‍ https://www.moh.gov.bh/COVID19 ല്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."