വാടകക്കെടുത്ത വാഹനങ്ങള്‍ പണയംവച്ച് പണം തട്ടുന്ന രണ്ടു പേര് പിടിയില്‍
കൊട്ടാരക്കര: വാഹനങ്ങള്‍ വാടകക്കെടുത്ത ശേഷം പണയം വച്ച് പണം തട്ടുന്ന രണ്ടു പേരെ ഷാഡോ പൊലിസിന്റെ സഹായത്തോടെ കൊട്ടാരക്കര പൊലിസ് പിടികൂടി. കൊട്ടാരക്കര പള്ളിക്കല്‍ കടയിലഴികത്ത് പുത്തന്‍വീട്ടില്‍ നാദിര്‍ഷാ (25), അഞ്ചല്‍ ഏരൂര്‍ ഗ്രീന്‍ലാന്റില്‍ നബീന് മുഹമ്മദ് (24) എന്നിവരാണ് പിടിയിലായത്. 25 ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തിയിട്ടുള്ളതായാണ് പൊലിസിനു ലഭിച്ചിട്ടുള്ള വിവരം. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നു നാദിര്‍ഷയാണ് വാഹനങ്ങള്‍ വാടകക്കെടുത്തിരുന്നത്. നബീന് മുഹമ്മദിന്റെ സഹായത്തോടെ ഇവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണയംവച്ച് പണം തട്ടി. 50,000 രൂപ മുതല്‍ 2,50,000 രൂപക്കുവരെ വാഹനങ്ങള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിലും വ്യക്തികള്‍ക്കും പണയം വച്ച് പണം തട്ടിയിട്ടുണ്ട്.
സാധാരണ കാറുകളും ആഡംബര കാറുകളും ഇതില്‍പെടും. നിരോധിത പുകയില ഉല്പന്നങ്ങള് കടത്താനും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളതായും പൊലിസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി. അശോകന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സി.ഐ ഗോപകുമാര്‍, എസ്.ഐ.സി.കെ മനോജ് എന്നിവരും ഷാഡോ പൊലിസ് ടീം അംഗങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."