നിരോധിക്കപ്പെട്ട മരുന്നുമായി നാല് കന്യാകുമാരി സ്വദേശികള്‍ സഊദി വിമാനത്താവളത്തില്‍ പിടിയിലായി
ദമാം :സ്വദേശത്തു നിന്നും സഊദിയിലേക്കുള്ള യാത്രയില്‍ രാജ്യത്തു നിരോധിക്കപ്പെട്ട മരുന്നു കൈവശം വെച്ചതിനു കന്യാകുമാരി സ്വദേശികള്‍ സഊദി വിമാനത്താവളത്തില്‍ പിടിയിലായി. തന്റെ സുഹൃത്തിനു വേണ്ടി മരുന്ന് കൊണ്ടു വന്ന കന്യാകുമാരി മാര്‍ത്താണ്ഡം, കുളച്ചില്‍ സ്വദേശികളായ യുവാക്കളും സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളും മരുന്ന് കൊണ്ടു വരാന്‍ ഏല്‍പ്പിച്ച മറ്റൊരു സുഹൃത്തുമാണ് നാര്‍ക്കോട്ടിക് സെല്ലില്‍ പിടിയിലായത്.
ഇക്കഴിഞ്ഞ ആറിനാണ് സംഭവം. തിരുവന്തപുരത്തു നിന്നും അല്‍ ഹസയിലെ ഹുഫൂഫ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പരിശോധനയില്‍ നിരോധിത മരുന്ന് കണ്ടെത്തിയത്.വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ചെക്കിങ്ങില്‍ യാത്രക്കാരനായ മുരുകനാണ് പിടിയിലായത്. തുടര്‍ന്നു ഇയാളെ സ്വീകരിക്കാനെത്തിയ ദാസ്, ദേവരാജ് എന്നിവരും മരുന്നു കൊണ്ടുവരാന്‍ ഏല്‍പ്പിച്ച ദുരൈ രാജും പോലീസ് പിടിയിലായി.
പ്രമേഹത്തിനും മറ്റുമായി വിവിധ തരത്തിലുള്ള മരുന്നുകള്‍ മുരുകന്റെ കൈവശം ഉണ്ടായിരുന്നു. ഇതോടൊപ്പമുള്ള വേദനക്കുള്ളതും ഉറക്കത്തിനുള്ളതുമായ രണ്ടു തരം ഗുളികകളാണ് രാജ്യത്തു നിരോധിച്ചെതെന്ന് കണ്ടെത്തി പിടികൂടിയത്. മാത്രമല്ല, കാലുവേദനക്കും നീരിനുമായുള്ള 80 ഗുളികകള്‍ പിടിച്ചെടുത്തവയില്‍ പെടുന്നുണ്ട്. അന്വേഷണം തുടരുന്നതിനാല്‍ നാലു പേരും സഊദി മഹാസിനിലെ നാര്‍ക്കോട്ടിക് സെല്ലിലാണ്.
വിവിധ രാജ്യങ്ങളില്‍ അനുവദിക്കപ്പെട്ട നിരവധി മരുന്നുകള്‍ സഊദിയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെട്ടവര്‍ നിരവധിയാണ്. പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാട് കടത്തുകയാണ് ചെയ്യുന്നത്. ഡോക്ടറുടെ കുറിപ്പോ ബില്ലുകളോ മറ്റു റിപ്പോര്‍ട്ടുകളോ ഉണ്ടായിട്ടും കാര്യമൊന്നുമില്ല. തീരെ ഒഴിച്ചുകൂടാനാവാത്ത മരുന്നുകള്‍ ആണെങ്കില്‍ ഡോക്ടറുടെ കുറിപ്പിനൊപ്പം സഊദി കോണ്‍സുലേറ്റില്‍ നിന്നും സീല്‍ ചെയ്തു വാങ്ങണമെന്നാണ് ഇപ്പോള്‍ അധികൃതര്‍ നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."