വിഷാദ മരണത്തിലേക്ക് അവര്‍ മൂന്നുകോടി സ്ത്രീകള്‍
ഫാത്തിഹ ബിഷര്‍#
വത്സല പെട്ടെന്നൊരുനാള്‍ ആത്മഹത്യ ചെയ്തപ്പോള്‍ അയല്‍വാസികളും അടുത്ത ബന്ധുക്കളുമെല്ലാം അമ്പരന്നു. കോട്ടയം ഏറ്റുമാനൂരിനടുത്തുള്ള ഗ്രാമത്തില്‍ എല്ലായിടത്തും ഓടിപ്പാഞ്ഞു നടന്നവരായിരുന്നു അവര്‍, കുടുംബത്തില്‍, സ്‌കൂള്‍ എം.പി.ടി.എയില്‍, അയല്‍ക്കൂട്ടത്തില്‍, കുടുംബശ്രീയില്‍ എല്ലായിടത്തുമുണ്ടായിരുന്നു ആ 35കാരി. എല്ലാത്തിനും മുന്‍പന്തിയിലുമായിരുന്നു. തിരക്കുള്ള ജീവിതത്തിനിടയില്‍ വീട്ടിലും അവര്‍ യന്ത്രത്തെപ്പോലെ പണിയെടുത്തു. ഇതിനിടയില്‍ അവരെ ഒരു രോഗാവസ്ഥ വരിഞ്ഞുമുറുക്കിയതാരും അറിഞ്ഞില്ല. അതൊരുക്രൂരമായ രോഗമായിരുന്നുവെന്നു തിരിച്ചറിയാന്‍ മറ്റാര്‍ക്കും സാധിച്ചതുമില്ല. മരണാനന്തരമുണ്ടായ ചില സംശയങ്ങളില്‍നിന്നാണു മരണകാരണമായ രോഗാവസ്ഥയെക്കുറിച്ചു സൂചന ലഭിക്കുന്നത്. ആ മരണം കഴിഞ്ഞു ദിവസങ്ങള്‍ക്കകം കോഴിക്കോട്ടുനിന്ന് വസന്തയെന്ന സ്ത്രീയും സമാനമായ രീതിയില്‍ ജീവിതത്തില്‍നിന്ന് ഓടിയൊളിച്ചു.
വത്സലയുടേത് ഒറ്റപ്പെട്ട മരണമല്ല. ഈയിടെ പലയിടത്തുനിന്നായി കേള്‍ക്കുന്നു ഇത്തരം ആവര്‍ത്തനങ്ങള്‍. ഇന്നലെ വത്സലയെങ്കില്‍ ഇന്നത് വസന്തയായെന്നേയുള്ളൂ. ഇന്നലെ കോട്ടയത്തുനിന്നായിരുന്നുവെങ്കില്‍ ഇന്നത് കോഴിക്കോട്ടുനിന്നായെന്നുമാത്രം. നാളെയത് നിങ്ങളുടെ വീട്ടില്‍നിന്നുതന്നെയാകാം. നിങ്ങള്‍ക്കുവേണ്ടപ്പെട്ടവര്‍ തന്നെയുമാകാം മരണത്തിന്റെ കോടിപുതച്ചു കിടക്കുക.
2020ഓടെ അര്‍ബുദത്തിനുശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മരിക്കുക വിഷാദരോഗം ബാധിച്ചാണെന്നാണു പുതിയ കണക്കുകള്‍. അതില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകളായിരിക്കും. അവരില്‍ കൂടുതല്‍ പേര്‍ സ്ത്രീകളും. ഞെട്ടിക്കുന്ന ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത് ലോകാരോഗ്യ സംഘടനയായ ഡബ്ല്യു.എച്ച്.ഒയാണ്. വിഷാദരോഗത്തിനു ലോകാരോഗ്യ സംഘടന നല്‍കുന്ന പുതിയ നിര്‍വചനം തന്നെ ന്യൂഏജ് കില്ലര്‍ എന്നാക്കിയിരിക്കുന്നു. വിഷാദത്തിനു തൊട്ടുമുന്‍പുള്ള അവസ്ഥയിലാണു പലരും ജീവിതത്തോട് വിരക്തിതോന്നി വിടപറയുന്നത്. എന്താണ് ഇതിന്റെ കാരണം എന്നുപോലും കൃത്യമായി പലപ്പോഴും മനസിലാകുന്നില്ലെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. അതാണത്രെ ഔൃൃശലറ ണീാമി ട്യിറൃീാല(എച്ച്.ഡബ്ല്യു.എസ്) എന്ന നവകാലത്ത് ഏറെ കണ്ടുവരുന്ന ഈ രോഗാവസ്ഥയുടെ പ്രത്യേകത.
പ്രതിവര്‍ഷം മൂന്നുകോടി സ്ത്രീകള്‍ ഈ ക്രൂരമായ രോഗാവസ്ഥയ്ക്ക് അടിമകളാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതികളും വീട്ടമ്മമാരുമാണു രോഗത്തിന്റെ കൂടുതല്‍ ഇരകളും. 25നും 55നും മധ്യേയാണവരുടെ പ്രായം. അതില്‍ തന്നെ രണ്ടോ അതില്‍ കൂടുതലോ കുട്ടികളുള്ള സ്ത്രീകളില്‍ വളരെ കൂടുതലായും കണ്ടുവരുന്നു. എന്തുകൊണ്ടാണ് ഈ രോഗം സ്ത്രീകളെ തന്നെ പിടിമുറുക്കുന്നത്? അതിന്റെ ആശങ്കകളെക്കുറിച്ചും സംശയങ്ങളെക്കുറിച്ചുമുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
മലയാളികളിലേക്കും ഈ രോഗം വിരുന്നുവരികയാണ്. കോഴിക്കോട്ടെയും മലപ്പുറത്തെയും മണ്ണാര്‍ക്കാട്ടെയും നിരവധി വീട്ടമ്മമാരും കോളജ് വിദ്യാര്‍ഥിനികളും ഈയിടെ ദുരൂഹസാഹചര്യത്തില്‍ ജീവിതമവസാനിപ്പിച്ചു. ക്ലാസ് മുറികളില്‍ നിന്നേ ഓടിയൊളിക്കുന്നു ചില കുട്ടികള്‍. പഠന നിലവാരത്തില്‍നിന്നു മൂക്കുംകുത്തി താഴെ വീഴുന്നു. ദുരൂഹമായ സാഹചര്യത്തില്‍ ജീവിതം എറിഞ്ഞുടക്കുന്നു. കുടുംബങ്ങളില്‍ അസ്വസ്ഥത നിറയ്ക്കുന്നതിലെ മുഖ്യവില്ലന്‍ ഇന്ന് സോഷ്യല്‍ മീഡിയയാണ്; അശാന്തി വിതരണം ചെയ്യുന്നതിലെ പ്രധാന ഏജന്റ്.
മലയാളികളായ സ്ത്രീകള്‍ പലപ്പോഴും ഒന്നിലധികം ജോലികള്‍ ചെയ്യുന്നവരാണ്. പലപ്പോഴും അവര്‍ക്കു വിശ്രമം ഉണ്ടാകുന്നില്ല. ഭക്ഷണം സമയത്തു കഴിക്കില്ല. ഭാരിച്ച വീട്ടുജോലികള്‍, മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും പരിചരിക്കല്‍, വിശ്രമമറിയാത്തതും പ്രതിഫലം ലഭിക്കാത്തതുമായ ജോലികള്‍ അങ്ങനെ ഒട്ടേറെയുണ്ടല്ലോ അവര്‍ക്ക്. ഇതിനിടയില്‍ നാട്ടുകാര്യങ്ങളിലും അല്‍പം സാമൂഹികസേവനങ്ങളിലും ഇടപെടുന്നവരും കുറവല്ല. ഈ സ്ത്രീകള്‍ അവര്‍ പോലും അറിയാതെയാണ് ഇത്തരമൊരവസ്ഥയില്‍ എത്തിപ്പെടുന്നത്.
ഹറീഡ് വുമണ്‍ സിന്‍ഡ്രോം എന്നാല്‍ ഒരിക്കലും മാനസിക രോഗമല്ലെന്നും, എന്നാല്‍ തന്നെയും ആരോഗ്യവിദഗ്ധരുടെ ശ്രദ്ധ കൂടുതല്‍ ആവശ്യമായി വരുന്ന അവസ്ഥയാണെന്നുമാണ് കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ മനോരോഗവിദഗ്ധന്‍ ഡോ. പി.എന്‍ സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും രോഗമോ രോഗാവസ്ഥയോ കണ്ടെത്താന്‍ സാധിക്കാറില്ല. ഇത് രോഗികളെയും ബന്ധുക്കളെയും കുഴക്കുന്നു. അതുകൊണ്ടുതന്നെ വിഷാദാവസ്ഥയിലേക്കാണിതു ചെന്നെത്തുന്നത്. 2004ല്‍ അമേരിക്കയിലുള്ള ഡോ. ബ്രെന്റ്‌ബോസ്റ്റാണ് ആദ്യമായി ഈ വിഷയത്തെക്കുറിച്ചുള്ള പഠനം അവതരിപ്പിക്കുന്നത്. അമേരിക്കയിലെ 30 കോടി സ്ത്രീകള്‍ ഈ രോഗത്തിന് അടിമകളാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേള്‍ക്കണം,
ജീവന്റെ മുറവിളികള്‍
ആത്മഹത്യ എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിനു പലപ്പോഴും ലളിതമായ കാരണം കണ്ടുപിടിക്കുക പ്രയാസകരമാണ്. പലവ്യക്തികള്‍ക്കും കാരണങ്ങള്‍ പലതാവും. ശാരീരികവും ജനിതകവും സാമൂഹികവും മാനസികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളുടെ സങ്കീര്‍ണമായ കൂടിച്ചേരലാണ് ആത്മഹത്യകള്‍ക്കു കാരണമാകുന്നത്. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ഒരുവ്യക്തി തനിച്ചായിപ്പോകുമ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്നു സൂചിപ്പിക്കുന്ന ചില ആശയവിനിമയങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ ഇത്തരം സൂചനകള്‍ ആരും ശ്രദ്ധിക്കുന്നില്ല.
മരിക്കാനാഗ്രഹിക്കുന്ന വ്യക്തി ഒരേസമയം ജീവിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ആത്മഹത്യാശ്രമം സഹായത്തിനുള്ള ഒരു മുറവിളികൂടിയാണ്. മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ മാനസികാവസ്ഥയില്‍ എത്തുമ്പോഴാണ് ആ വ്യക്തി ഒടുവിലത്തെ തീരുമാനമെന്ന നിലയില്‍ ആത്മഹത്യയില്‍ എത്തിച്ചേരുന്നത്.
എന്നാല്‍ പ്രശ്‌നങ്ങളിലകപ്പെട്ട വ്യക്തിക്കു മാനസിക സാന്ത്വനം നല്‍കുന്നതിനും അവരുടെ വൈകാരിക സംഘര്‍ഷങ്ങള്‍ കണ്ടുപിടിച്ചു ലഘൂകരിക്കുന്നതിനും പരിശീലനം സിദ്ധിച്ച ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തകരുടെ സേവനം ഇന്നു ലഭ്യമാണ്. തക്കസമയത്ത് ശരിയായ രീതിയില്‍ അവര്‍ക്കു മാനസിക സാന്ത്വനം നല്‍കാന്‍ സാധിച്ചാല്‍ ആത്മഹത്യാചിന്തകള്‍ മാറ്റിയെടുക്കാന്‍ കഴിയുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന അവസ്ഥ. ഇത്തരം വ്യക്തികളെ കണ്ടെത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ആദരവോടെ അയാളെ അംഗീകരിക്കാനും സമൂഹത്തിനു കഴിഞ്ഞാല്‍ ആത്മഹത്യകള്‍ ഏറെക്കുറെ തടയാവുന്നതുമാണ്. എന്നാല്‍ ഹറീഡ് വുമണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയില്‍ ഇതു തിരിച്ചറിയപ്പെടുന്നില്ലെന്നതാണ് ആരോഗ്യ പ്രവര്‍ത്തകരെയും കുഴക്കുന്നത്.
തിരിച്ചറിയാം
ലക്ഷണക്കാരെ
ഇത്തരം അസുഖലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനാകും. അതു തിരിച്ചറിഞ്ഞു കൂടുതല്‍ പരിചരണവും അതിലേറെ ശ്രദ്ധയും അവര്‍ക്കു നല്‍കുക എന്നതാണു ചെയ്യാനുള്ളത്. ഇവര്‍ക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടാം. വികാരരഹിതരായിരിക്കും അവര്‍. ശരീരഭാരം കൂടും. ഉറക്കക്കുറവ്, ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, ലൈംഗികതയോടുണ്ടാകുന്ന വിരക്തി.. ഇവയൊക്കെയാണു പ്രധാന ലക്ഷണങ്ങള്‍.
മാനസിക പിരിമുറുക്കം തന്നെയാണ് ഇതിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകള്‍ക്കെന്നും അടിമത്തമാണല്ലോ. പല പൊട്ടിത്തെറികളുടെയും കാരണം കുടുംബത്തിലെ സ്വസ്ഥതയില്ലായ്മയാണ്. കാരണങ്ങള്‍ പലതാവാം. സ്ത്രീധന പീഡനവും സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം പ്രതിപ്പട്ടികയിലുണ്ട്. ഭര്‍ത്താവിനോടോ/ഭാര്യയോടോ കുടുംബാംഗങ്ങളോടോ ഉള്ള അരിശം തീര്‍ക്കുന്നവര്‍ക്കുമുന്‍പില്‍ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ഇരകളായി മാറുന്നുമുണ്ട്. ഗാര്‍ഹിക പീഡനങ്ങളുടെ ദുസഹതയും പിരിമുറുക്കത്തിലേക്കു വഴിനടത്തുന്നു. വീട്ടകങ്ങളില്‍ കുടുംബകലഹത്തിനും പൊട്ടിത്തെറികള്‍ക്കും പലപ്പോഴും വലിയ കാരണങ്ങളൊന്നും വേണ്ടിവരുന്നില്ല.
കിടപ്പറ സമരം മുതല്‍ നിസാരമായ ഈഗോ പോലും പലപ്പോഴും ഈ രോഗാവസ്ഥയ്ക്കു കാരണമാകുന്നുണ്ട്. വീട്ടമ്മമാരും കുഞ്ഞുങ്ങളുമൊരുമിച്ചു കിണറ്റില്‍ ചാടിയോ ട്രെയിനിനുമുന്നില്‍ തലവച്ചോ ജീവിതം തീര്‍ക്കുന്നതിനു പിന്നിലും വിട്ടുവീഴ്ചകള്‍ക്കു തയാറാകാനാവാത്ത ഈഗോകള്‍ തന്നെയാണല്ലോ. കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍ തന്നെയാണു പലയിടത്തും വില്ലനാകുന്നത്. നമ്മുടെ കുടുംബകോടതികളുടെ അകത്തളങ്ങള്‍ വേര്‍പിരിയാനെത്തുന്ന ദമ്പതികളെക്കൊണ്ടു നിറയുകയാണ്. വനിതാകമ്മിഷനിലും നാട്ടുമധ്യസ്ഥന്മാര്‍ക്കിടയിലുമെത്തുന്ന കേസുകള്‍ വേറെ. പൊട്ടിത്തെറിക്കാന്‍ കാത്തുനില്‍ക്കുന്നവ അതിലേറെ. അവര്‍ക്കൊപ്പം നിഷ്‌ക്കളങ്കരായ കുഞ്ഞുമുഖങ്ങളുണ്ട്. കരയാന്‍ പോലും കരുത്തില്ലാതായ അമ്മമാരുണ്ട്. പരസ്പര വിശ്വാസവും സ്‌നേഹവും തകര്‍ന്നുപോയ ഭര്‍ത്താക്കന്മാരുണ്ട്.
ആത്മഹത്യയുടെ
വര്‍ത്തമാനം
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം ഒരുകോടി മനുഷ്യരാണ് ആത്മഹത്യചെയ്യുന്നത്. ഓരോ മിനുട്ടിലും രണ്ടുപേര്‍. ഇതു പഴയ കണക്കാണ്. കേരളത്തില്‍ ആത്മഹത്യാനിരക്ക് കുറയുകയാണെന്നാണു പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ കൗമാരക്കാരിലെയും യുവാക്കളിലെയും ആത്മഹത്യ കൂടുകയാണ്. സ്വയം ജീവിതം എറിഞ്ഞുടക്കുന്നവരില്‍ 5.4 ശതമാനവും ലഹരിക്ക് അടിമകളായവരാണ്. ലഹരി ഉപയോഗക്കാരില്‍ നാല്‍പതുശതമാനത്തിന്റെയും പ്രായം 18 വയസില്‍ താഴെയുമാണ്.
ആത്മഹത്യയിലെ ഏറ്റവും സുപ്രധാനമായ കാരണങ്ങളില്‍ മാനസികരോഗങ്ങള്‍ വലിയൊരളവോളമുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗമാണ് ആത്മഹത്യ. ഓരോ ആത്മഹത്യ വിജയിക്കുമ്പോഴും 20 ആത്മഹത്യാശ്രമങ്ങളാണു പരാജയപ്പെടുന്നത്. 2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 258 കൂട്ട ആത്മഹത്യകളിലായി 768 പേരാണു മരിച്ചട്ടത്. ഇവരില്‍ അറുപതു ശതമാനവും പത്തുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങളായിരുന്നു. അവരെ കുരുതികൊടുത്തശേഷം അച്ഛനോ അമ്മയോ ആത്മഹത്യചെയ്യുകയായിരുന്നു.
പത്തു വര്‍ഷത്തിനിടെയുണ്ടായ ആത്മഹത്യകള്‍ക്ക് 30 ശതമാനവും കുടുംബപരമായ പ്രശ്‌നങ്ങളാണു കാരണമായത്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ 30 ശതമാനവും കാരണമായി. സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലമുണ്ടായ ആത്മഹത്യ 10.5 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ 1.49 ശതമാനവും പരീക്ഷാത്തോല്‍വി .71 ശതമാനവുമായും താണു. പ്രണയനൈരാശ്യം 1.12 ശതമാനവും കാരണങ്ങള്‍ വ്യക്തമല്ലാത്തത് 24 ശതമാനവുമാണ്. ഈ കണക്കുകള്‍ പറയുന്നത് കുടുംബപരമായ പ്രശ്‌നങ്ങളാണു സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതെന്നു തന്നെയാണ്.
മറ്റു പ്രധാന കാരണങ്ങള്‍ മാനസികരോഗങ്ങളും ശാരീരിക അവശതകളുമാണ്. വീട്ടകങ്ങളിലെ പുഴുക്കുത്തുകള്‍ പരിഹാരം കാണാതെ പുകഞ്ഞുനീറിക്കൊണ്ടേയിരിക്കുന്നു.
ഇരകള്‍ ഏറെയും
നഗരപരിധിയില്‍
നഗരപരിധിയിലെ സ്ത്രീജീവിതങ്ങളാണ് ഈ രോഗാവസ്ഥയുടെ പ്രധാന ഇരകള്‍. അതിന്റെ കാരണവും അവരനുഭവിക്കുന്ന മാനസികപിരിമുറുക്കം തന്നെ. മാനസിക പിരിമുറുക്കം മനുഷ്യന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. അപ്പോള്‍ ക്ഷീണം തോന്നാം. അതുകൊണ്ട് കൂടുതല്‍ ഭക്ഷണം കഴിക്കും. അപ്പോള്‍ ക്ഷീണം കൂടുകയേയുള്ളൂ. ഇതൊരു തുടര്‍പ്രക്രിയയായി മാറാം. തുടര്‍ന്നു കുറ്റബോധം തോന്നിത്തുടങ്ങാം. ജീവിതത്തില്‍ തീവ്രമായി ആഗ്രഹമുള്ളവരില്‍ ഈയവസ്ഥ കഠിനമാകും.
മറ്റുപല തരത്തിലുള്ള ശാരീരികരോഗങ്ങളും എച്ച്.ഡബ്ല്യു.എസിലേക്കു നയിക്കാം. തൈറോ ഹോര്‍മോണ്‍ അപര്യാപ്തത, വിളര്‍ച്ച, പ്രമേഹം, ബി.പി എന്നിവയിലൂടെയും ആര്‍ത്തവ വിരാമ സമയത്ത് ഹോര്‍മോണ്‍ വ്യതിയാനത്തിലൂടെയും ഈ അവസ്ഥയുണ്ടാകാം എന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. സാധാരണ നിലയില്‍ കഠിനമായ ക്ഷീണം, ശരീരഭാരം കൂടുക, ഭാരം കുറയുക, അമിതമായ വിളര്‍ച്ച, ഓര്‍മശക്തി കുറയുകയോ കൂടുകയോ ചെയ്യുക എന്നിവയും ആത്മഹത്യാപ്രവണതയും വിഷാദരോഗ ലക്ഷണങ്ങളാണ്. എന്നാല്‍ വിഷാദപൂര്‍വ കാലത്ത് ഇത്ര രൂക്ഷമായിരിക്കില്ല അവ എന്നുമാത്രം. എന്നാല്‍ ഇവ രണ്ടായാലും ജൈവപരമായ പ്രവര്‍ത്തനങ്ങള്‍ രണ്ടിനും ഏതാണ്ട് ഒരുപോലെയാണ്. തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ(സിറടോണ്‍, ഡോപമിന്‍ ഹോര്‍മോണുകള്‍) എന്നിവയിലെ അളവിലെ വ്യതിയാനമാണ് ഇതിനു കാരണം. 65 ശതമാനത്തിനുമുകളില്‍ അളവ് കുറയുന്നതാണെങ്കില്‍ വിഷാദം പോലുള്ള രോഗാവസ്ഥയായിരിക്കും. 35 ശതമാനമാണെങ്കില്‍ വിഷാദപൂര്‍വ അവസ്ഥയാകാം.
ചികിത്സ എങ്ങനെ?
നൂറില്‍ എണ്‍പത് സ്ത്രീകളും കുടുംബത്തിനകത്തെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തവരാണ്. പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടും ദുരഭിമാനവും എല്ലാം അതിനു കാരണമാകുന്നുണ്ട്. ഗാര്‍ഹിക നിയമം, വനിതാകമ്മിഷന്‍, സ്ത്രീ വിമോചക സംഘടനകള്‍ ഒക്കെയുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാരിയായ ഒരു വീട്ടമ്മയ്ക്കു തുണയാകാത്തതിന്റെ കാരണവും മറ്റൊന്നല്ല.
ഈ അവസ്ഥയ്ക്കു ചികിത്സയുണ്ട്. ആദ്യം ചെയ്യേണ്ടത് ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വിദഗ്ധ ഡോക്ടറുടെ അരികിലെത്തിക്കുക എന്നതാണ്. നമ്മുടെ സ്ത്രീകളില്‍ മിക്കവര്‍ക്കും ഈ രോഗാവസ്ഥയുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധിക്കുകയോ കണ്ടുപിടിക്കുകയോ ചെയ്യുന്നില്ലെന്നതാണു സത്യം. ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇതു കണ്ടുപിടിക്കാനാവും. പരിശോധനയിലൂടെ അസുഖം തടയാനുമാകും. അസുഖം ഉറപ്പാക്കിയാല്‍ അതിനുശേഷം ക്ഷീണം, ഭാരം കുറയല്‍, ലൈംഗികവിരക്തി തുടങ്ങിയ കാര്യങ്ങളിലൂന്നിയാണു ചികിത്സ നല്‍കുന്നത്.
സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കുക തന്നെ വേണം. വിശ്രമവും വ്യായാമവും മികച്ച ഭക്ഷണവും സമയത്തുതന്നെ കഴിക്കണം. മാനസിക പിരിമുറുക്കം ഇല്ലാതാക്കണം. ഭര്‍ത്താവിനെ ഏറ്റവും അടുത്ത സുഹൃത്താക്കുക. എന്തും തുറന്നുപറയുക. മക്കളും അടുത്ത കൂട്ടുകാരാവട്ടെ. അവരോടും പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവയ്ക്കണം. ദുരഭിമാനം അവരുടെ മുന്‍പിലെങ്കിലും ഒഴിവാക്കണം. അവനവന്റെ വരവും ചെലവും മിച്ചവും ഒക്കെ അവരെ അറിയിക്കുക. നമ്മള്‍ ഒരു തുറന്ന പുസ്തകമായാല്‍ അവരും മനസുതുറക്കും. മനസുകള്‍ പരസ്പരം തുറന്നാല്‍ തന്നെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ പിന്നെ ഭൂമി മലയാളത്തിലുണ്ടോ?
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി.എന്‍ സുരേഷ്‌കുമാര്‍
(മനശ്ശാസ്ത്ര വിഭാഗം, കെ.എം.സി.ടി മെഡിക്കല്‍ കോളജ് മണാശ്ശേരി, കോഴിക്കോട്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."