മാര്‍ഗനിര്‍ദേശങ്ങളുമായി ദിശ സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവര്‍ 28 ദിവസം തനിച്ച് കഴിയണം
സ്വന്തം ലേഖകന്‍
കൊച്ചി: ബംഗളൂരു, ചെന്നൈ, ഡല്‍ഹി തുടങ്ങി സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവര്‍ നിര്‍ബന്ധമായും 28 ദിവസം ഹോം ക്വാറന്റൈനില്‍ (സംസര്‍ഗമില്ലാതെ) കഴിയണമെന്ന് ദിശയുടെ കര്‍ശന നിര്‍ദേശം. നിലവില്‍ മതിയായ കാരണമില്ലാതെ ആരെങ്കിലും സംസ്ഥാനത്തേക്ക് വരാന്‍ ശ്രമിക്കുന്നത് സ്‌നേഹപൂര്‍വം വിലക്കുകയാണ്. കൊവിഡ് 19 നെ ഐക്യരാഷ്ട്ര സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതോടെ വ്യക്തിശുദ്ധി കര്‍ശനമാക്കുകയും സഹവര്‍ത്തിത്വം ഒഴിവാക്കുകയും വേണമെന്ന കര്‍ശന നിര്‍ദേശമാണ് ദിശ നല്‍കുന്നത്.
വിമാനത്താവളത്തില്‍ സ്‌ക്രീനിങ്ങിന് വിധേയരായാല്‍പോലും കുറച്ചുദിവസങ്ങള്‍ക്കുശേഷം രോഗലക്ഷണങ്ങള്‍ പ്രകടമായെന്നുവരാം. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ളവര്‍ 28 ദിവസം വീട്ടില്‍ സ്വയം ഒറ്റപ്പെട്ടു കഴിയണമെന്നാണ് ദിശയില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശം. വായുസഞ്ചാരമുള്ള മുറിയില്‍ ആരുമായും ഇടപഴകാതെയാണ് കഴിയേണ്ടത്. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതും മറ്റും മതിയായ സുരക്ഷ സ്വീകരിച്ചിട്ടുള്ള വ്യക്തിയായിരിക്കണം. ഇവരുടെ വസ്ത്രങ്ങള്‍ ബ്ലീച്ചിങ് പൗഡറില്‍ കഴുകണം. തുടങ്ങിയ നിര്‍ദേശങ്ങളും ദിശ നല്‍കുന്നുണ്ട്.
വൈറസ് വ്യാപനത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ നല്‍കുകയും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുകയും യാത്ര ചെയ്യുമ്പോഴും വീട്ടിലായിരിക്കുമ്പോഴും ഒറ്റപ്പെട്ടു കഴിയേണ്ടിവരുമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതലുകളുമൊക്കെ ദിശയില്‍ നിന്നുലഭിക്കും. എവിടെ ആരുമായി ബന്ധപ്പെടണമെന്ന വിശദവിവരങ്ങള്‍ ദിശയ്ക്ക് കൈമാറാന്‍ കഴിയും. വിളിക്കുന്ന ആളുടെ ജില്ലയിലെയും സമീപത്തെയും ഹെല്‍ത്ത് സെന്റര്‍, ഡോക്ടര്‍, അതത് ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പരും മറ്റും നല്‍കും.
യാത്ര ചെയ്യുന്നവര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കരുതുകയും കൂടെക്കൂടെ ഉപയോഗിക്കുകയും വേണമെന്നും മുഖം മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണമെന്നും ആരുമായും അടുത്തിടപഴകാതെ ഒരുമീറ്റര്‍ അകലം പാലിക്കണമെന്നും ദിശ നിര്‍ദേശിക്കുന്നു. നാട്ടിലെത്തിയാലുടന്‍ അതത് സ്ഥലത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററുമായാണ് ബന്ധപ്പെടേണ്ടത്.
വിവരം ദിശയില്‍ അറിയിക്കുകയും വേണം. നാട്ടിലാണെങ്കില്‍ പോലും വീട്ടില്‍ത്തന്നെ സുരക്ഷിതനായി ഇരിക്കാനാണ് ദിശ നിര്‍ദേശിക്കുന്നത്. എന്നാല്‍ ദിശയില്‍ ബന്ധപ്പെടാന്‍ 20 മിനിറ്റ് വരെ സമയമെടുക്കുന്നതായി പരാതിയുണ്ട്. കോളുകളുടെ വര്‍ധനയാണ് ഇതിനു കാരണമെന്നാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."