ആലപ്പാട്ടെ ജനകീയ സമരം നൂറാം ദിവസത്തിലേക്ക്; പിന്തുണയുമായി കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍
കരുനാഗപ്പള്ളി(കൊല്ലം): അശാസ്ത്രീയമായ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട് ജനകീയ സമരസമിതി നടത്തുന്ന സമരം നാളെ നൂറാം ദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ട ഉപവാസം അനുഷ്ഠിക്കുകയും തുടര്‍ പ്രക്ഷോഭത്തിന് തീരുമാനം എടുക്കുകയും ചെയ്യും. നൂറ് പേരാണ് ഉപവാസം അനുഷ്ഠിക്കുക. പതിനാല് ജില്ലകളില്‍നിന്നും സമരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ഖനനത്തിനെതിരേ പ്രതീകാത്മകമായി ആലപ്പാടിന്റെ തീരത്ത് ഒരോപിടി മണല്‍ നിക്ഷേപിക്കും.
പാരിസ്ഥിതിക ദുര്‍ബല മേഖലയായ ആലപ്പാട് തീരദേശത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം തുടങ്ങിയത് നവംബര്‍ ഒന്നിനായിരുന്നു. നാള്‍ക്കുനാള്‍ സമരത്തിന് പിന്തുണകൂടിയെങ്കിലും സമവായ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആലപ്പാടെത്തും. എന്‍ഡോസള്‍ഫാന്‍ സമരത്തിന് ശേഷം സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി സമരത്തിന് പിന്തുണ അറിയിച്ച് ആലപ്പാട് എത്തിയിരുന്നു. സമരത്തിന്റെ നൂറ്റി ഒന്നാം ദിവസം ആലപ്പാട് പഞ്ചായത്തിലെ മുഴുവന്‍ ആളുകളും ഒരുദിവസം ഉപവാസം അനുഷ്ഠിക്കും. കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്നും ഖനനമേഖല മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും സമരസമിതി ചെയര്‍മാന്‍ കെ.ചന്ദ്രദാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."