ഇറാഖില്‍ വിവാഹചടങ്ങിനിടെ ഐ.എസ് ആക്രമണം; 26 പേര് കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖില്‍ വിവാഹചടങ്ങിനിടെ ഐ.എസ് ചാവേറുകള്‍ നടത്തിയ ഭീകരാക്രണത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 30ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ഇറാഖ് നഗരമായ തിക്രിതിനടുത്ത ഹജ്ജാജ് ഗ്രാമത്തിലാണ് സംഭവം. വിവാഹസല്‍ക്കാരം നടന്നുകൊണ്ടിരിക്കെ രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സല്‍ക്കാരത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലാണ് ഒരു ചാവേര്‍ പൊട്ടിത്തെറിച്ചത്. ഇതിനുപിറകെ സഹായിക്കാനായി ഓടിയെത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍ മറ്റൊരു ചാവേറും പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതല്‍പേരും കുട്ടികളാണ്. ഐ.എസുമായുള്ള സര്‍ക്കാര്‍ സൈന്യത്തിന്റെ പോരാട്ടത്തിനിടെ ഇറാഖിലെ പടിഞ്ഞാറന്‍ അന്ബാറില്നിന്ന് പലായനം ചെയ്തതാണ് വിവാഹവീട്ടുകാര്‍.
പ്രധാന ഐ.എസ് വിരുദ്ധ ഗോത്രത്തിലെ അംഗങ്ങളാണ് ഇവര്‍.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ശീഈ അര്‍ധസൈനിക വിഭാഗമായ പോപ്പുലര്‍ മൊബിലൈസേഷന്‍ സേനയെയായിരുന്നു ചാവേറുകള്‍ ലക്ഷ്യമിട്ടതെന്ന് ഐ.എസ് ടെലഗ്രാം സന്ദേശത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."