ജെ.ഇ.ഇ പരീക്ഷ: റാങ്കിന്‍ തിളക്കത്തില്‍ അഭിരാമി ലിസ്ബത്ത്
കോഴിക്കോട്: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ (ജെ.ഇ.ഇ) റാങ്കിന്‍ തിളക്കത്തില്‍ അഭിരാമി ലിസ്ബത്ത്. കേരളത്തിലെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയാണ് കോഴിക്കോട്ടുകാരിയുടെ വിജയം.
അഖിലേന്ത്യാ തലത്തില്‍ 214 റാങ്ക് നേടിയാണ് കോഴിക്കോട് പറയഞ്ചേരി 'അഭിരാമ'ത്തില്‍ അഭിരാമി ലിസ്ബത്ത് പ്രതാപ് മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ പത്ത് ലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയപ്പോള്‍ രണ്ട് പേപ്പറുകളിലായി 360 ല്‍ 301 മാര്‍ക്ക് അഭിരാമി നേടി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ആദ്യ പത്തു റാങ്കുകളില്‍ ഒരു പെണ്‍കുട്ടി ജെ.ഇ.ഇ പരീക്ഷയില്‍ ഇടംപിടിക്കുന്നത്.
ഒന്നാം ക്ലാസു മുതല്‍ പൊതുവിദ്യാലയത്തില്‍ മലയാളം മീഡിയത്തില്‍ പഠിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. മാനാഞ്ചിറ ടി.ടി.ഐ എല്‍.പി സ്‌കൂളില്‍ ഒന്നുമുതല്‍ നാലുവരെയും അഞ്ചുമുതല്‍ പ്ലസ്ടു വരെ മെഡിക്കല്‍ കോളജ് കാംപസ് സ്‌കൂളിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയത്തില്‍ എ പ്ലസും പ്ലസ്ടുവില്‍ 1200 ല്‍ 1200 ഉം നേടി. പാഠ്യ-പാഠ്യേതര വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ കൊടുക്കാറുള്ള അഭിരാമി 2015 ലെ കേരള ബാല ശാസ്ത്രകോണ്‍ഗ്രസിലും പങ്കെടുത്തിട്ടുണ്ട്.
കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും കോഴിക്കോട്ട് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ കുച്ചുപ്പുടി, ഭരതനാട്യം എന്നീ ഇനങ്ങളില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്. മലയാളം, ഹിന്ദി പ്രസംഗ മത്സരത്തില്‍ സംസ്ഥാനത്ത് നിരവധി മത്സരങ്ങളില്‍ ഒന്നാമതെത്തിയിട്ടുണ്ട്. പിതാവ് കോഴിക്കോട് ജില്ലാ കോടതിയിലെ അഡ്വ. എം.പി പ്രതാപ്കുമാറും അമ്മ മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. ലിസിയും അനിയന്‍ അഭിമന്യു ടിറ്റോയും നല്‍കിയ പിന്തുണയാണ് വിജയത്തിനു പിന്നിലെന്ന് അഭിരാമി പറയുന്നു.
കോഴിക്കോട്ടെ സ്വകാര്യ കോച്ചിങ് സെന്ററിലും കോട്ടയം പാല ബ്രില്ല്യന്‍സ് അക്കാദമിയിലുമാണു പരിശീലനം നടത്തിയത്. ദിവസവും കൃത്യമായ ടൈംടേബിള്‍ പ്രകാരം പഠിക്കും. ചിട്ടയായ പഠനമാണ് ഇത്തരം വിജയം നേടാന്‍ സഹായിച്ചതെന്ന് അഭിരാമി സാക്ഷ്യപ്പെടുത്തുന്നു. പഠനം മാത്രമായി ഒതുങ്ങിപ്പോകാറില്ല.
ദിവസവും പത്രവും പുസ്തകങ്ങളും വായിക്കാനും സമയം കണ്ടെത്തും. നൃത്തവും പ്രസംഗവും രാഷ്ട്രീയവും കൂടുതല്‍ ഇഷ്ടപ്പെട്ട മേഖലയാണ്. കേരള രാഷ്ട്രീയത്തില്‍ വി.എസ് അച്യുതാനന്ദനെയാണ് കൂടുതല്‍ ഇഷ്ടമെന്നും അഭിരാമി പറഞ്ഞു. ഈ മാസം 20ന് നടക്കുന്ന മദ്രാസ് ഐ.ഐ.ടി എന്‍ട്രന്‍സിനായുള്ള ഒരുക്കത്തിലാണ്. മദ്രാസ് ഐ.ഐ.ടിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയിറിങ്ങില്‍ ബിരുദമെടുത്ത് മെക്ക് റാണിയാകണമെന്നാണ് അഭിരാമിയുടെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."