കനേഡിയന്‍ മുസ്‌ലിം പള്ളിയിലെ വെടിവയ്പ്: പ്രതിക്ക് ജീവപര്യന്തം
ക്യുബെക്‌സിറ്റി: കാനഡയിലെ ക്യുബെക്‌സിറ്റി പള്ളിയിലുണ്ടായ വെടിവയ്പില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വംശീയവാദി അലക്‌സാന്ദ്രെ ബിസൊനെറ്റിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അലക്‌സാന്ദ്രെക്ക് 40 വര്‍ഷം പരോളിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും വിധി പുറപ്പെടുവിച്ച ജഡ്ജി ഫ്രാന്‍സോ ഹൂട്ട് വ്യക്തമാക്കി. ഇതോടെ 29 കാരനായ പ്രതി ഇനി പുറംലോകം കാണമെങ്കില്‍ 69 വയസെങ്കിലും ആകേണ്ടിവരും.
പ്രതിയെ 150 വര്‍ഷം തടവിനു ശിക്ഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം തള്ളിയ ജഡ്ജി, അത് ക്രൂരവും കനേഡിയന്‍ നിയമത്തില്‍ പതിവില്ലാത്തതുമാണെന്നും പ്രതികരിച്ചു.
മുസ്‌ലിംകളോടുള്ള അടങ്ങാത്ത പകയാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി, വംശീയ വിദ്വേഷം കൊണ്ടു ആറുപേരെ കൊലപ്പെടുത്തിയ പ്രതി യാതൊരു കരുണയും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
2017 ജനുവരിയിലാണ് ക്യുബെക്‌സിറ്റിയിലെ പള്ളിയില്‍ അലക്‌സാന്ദ്രെ ആക്രമണം നടത്തിയത്. പ്രാര്‍ഥന കഴിഞ്ഞു വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം.
സംഭവത്തില്‍ ആറുപേര്‍ മരിക്കുകയും അഞ്ചുപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈ സമയം 50 ലധികം പേരാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. സംഭവത്തെ മുസ്‌ലിംകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം എന്നായിരുന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശേഷിപ്പിച്ചിരുന്നത്. വംശീയവാദികളായ തീവ്ര വലതുപക്ഷ സംഘടനകള്‍ നടത്തുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും അതാണ് തനിക്ക് ആക്രമണത്തിന് പ്രേരണ ലഭിച്ചതെന്നും അലക്‌സാന്ദ്രെ മൊഴിനല്‍കിയിരുന്നു.
ലോകത്ത് മുസ്‌ലിംകള്‍ക്കുനേരെ ഏറ്റവും കൂടുതല്‍ വിദ്വേഷ ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് കാനഡ. ശിക്ഷ ഉചിതമായെന്നും ഇനി അദ്ദേഹം ജയിലില്‍നിന്ന് അടുത്തെങ്ങും പുറത്തിറങ്ങില്ലെന്നും ആക്രമണത്തില്‍ പരുക്കേറ്റ അഹമദ് ചദാദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."