കനത്ത ഏറ്റുമുട്ടലില്‍ സഊദിയില്‍ തീവ്രവാദിയെ സുരക്ഷാ സേന വെടിവയ്പ്പില്‍ കൊലപ്പെടുത്തി
ദമ്മാം: തീവ്രവാദ കേസില്‍ സഊദി ആഭ്യന്തര മന്ത്രാലയം തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവയ്പ്പിലൂടെ കൊലപ്പെടുത്തിയതായി സഊദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ബുധനാഴ്ച രാത്രി തിരച്ചിലിനിടെ നടന്ന വെടിവയ്പ്പിലാണ് യുവാവിനെ കൊലപ്പെടുത്തിയത്. നിരവധി സംഘട്ടനങ്ങള്‍ക്കും വെടിവയ്പ്പുകള്‍ക്കും സാക്ഷിയായ രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലാണ് സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവയ്പ്പിലൂടെ കൊലപ്പെടുത്തിയ കേസില്‍ ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചു കൊണ്ടിരുന്ന അബ്ദുല്‍ റഹീം അലി അബ്ദുല്‍ റഹീം അല്‍ ഫറജ് എന്ന യുവാവാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഖത്വീഫ് ഗവര്ണറേറ്റിനു കീഴില്‍ ഒരു വീട്ടില്‍ ഇവര്‍ ഉള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന വീടു വളഞ്ഞു. അതേ സമയത്ത്, സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു ഇയാള്‍. തിരിച്ചു നടത്തിയ വെടിവയ്പ്പില്‍ തീവ്രവാദിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പ്പില്‍ സുരക്ഷാ സേനക്ക് പരുക്കേറ്റിട്ടില്ല.
നിരവധി സുരക്ഷാ സേനയുടെ മരണത്തിനും രാജ്യത്തെ പൗരന്മാര്ക്കു അപകടത്തിനും ഇടവരുകയും, നിരവധി പൊതു സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ കൊല്ലപ്പെട്ട യുവാവിനെയും സഹോദരനായ മാജിദ് അലി റഹീം ഫറജിനെയും പൊലിസ് അന്വേഷിച്ചു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."