പാക് ആക്രമണം; ശക്തമായി തിരിച്ചടിക്കും: കേന്ദ്രസര്‍ക്കാര്‍
ജമ്മു: പാക് സൈന്യത്തില്‍ നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരേ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായി കശ്മിര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണ്. ഇത് രാജ്യം നോക്കി നില്‍ക്കില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച മോദി സര്‍ക്കാരിന് അതിര്‍ത്തി കടന്നുള്ള ഏതൊരാക്രമണത്തേയും അതിന്റെ തുല്യതയോടെതന്നെ എതിരിടാന്‍ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ മാത്രം നിരവധി തവണയാണ് പാക് സൈനികരില്‍ നിന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രമണമുണ്ടായത്. പൂഞ്ച് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടാകുന്നത്.
പാകിസ്താനില്‍ നിന്നുള്ള ഏത് തരത്തിലുള്ള വെല്ലുവിളിയേയും അതിജീവിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിനിധികളും സുരക്ഷാ ഏജന്‍സികളും യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു.
അതിനിടയില്‍ അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ പൂഞ്ച്-റാവല്‍കോട്ട് റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി സൈന്യം തടഞ്ഞു. പ്രകോപനമില്ലാതെയാണ് പാക് സൈനികരില്‍ നിന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്നത്. പൂഞ്ച് ജില്ലയിലെ ചക്കന്‍ദാബാഗില്‍ സ്ഥിതിചെയ്യുന്ന വാണിജ്യ-വ്യാപാര ഭരണകാര്യാലയത്തിന്റെ രണ്ടു നില കെട്ടിടം പാക് ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഗതാഗത സംവിധാനം നിര്‍ത്തിയതോടെ ഗ്രാമീണരുടെ യാത്രയും പ്രതിസന്ധിയിലായിട്ടുണ്ട്.
മേഖലയില്‍ നിന്ന് ഗ്രാമവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ടെന്നും പൂഞ്ച് ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ മുഹമ്മദ് ഹാറൂണ്‍ മാലിക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."