മലയാളിപ്പെണ്ണിന്റെ മാറുന്ന മനസ്സ്
കണ്ണൂരിലെ പിണറായിയില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ പലതവണയായി മരിച്ച സംഭവം മകളുടെ ആസൂത്രണത്തില്‍ നടന്ന കൊലപാതകമാണെന്ന് തെളിഞ്ഞു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(28)യുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. സൗമ്യയുടെ മാതാപിതാക്കളും മക്കളുമാണ് മരിച്ചത്. ഇതില്‍ ഒരു മകളെയൊഴികെ മൂന്നുപേരെയും കൊലപ്പെടുത്തിയതാണെന്ന് സൗമ്യ പൊലിസിനോട് സമ്മതിച്ചു.
ആറു വര്‍ഷം മുന്‍പ് സൗമ്യയുടെ ഒന്നരവയസ്സുള്ള കുട്ടി മരിച്ചിരുന്നു. ഇത് സ്വാഭാവികമരണമാണെന്നാണ് ഇപ്പോള്‍ പൊലിസ് സ്ഥിരീകരിക്കുന്നത്. മൂന്നുമാസം മുന്‍പ് എട്ടുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയാണ് സൗമ്യ കൃത്യം തുടങ്ങുന്നത്. വറുത്തമീനിനൊപ്പം എലിവിഷം ചേര്‍ത്താണ് കുട്ടിക്ക് നല്‍കിയത്. മീനില്‍ വിഷംപുരട്ടിവച്ചു. ഇത് ചോറിനൊപ്പം ചേര്‍ത്ത് കുട്ടിക്ക് വായില്‍വച്ചുകൊടുക്കുകയായിരുന്നുവെന്ന് സൗമ്യ പറഞ്ഞു.
ഇതും കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞാണ് അമ്മയ്ക്ക് വിഷം നല്‍കിയത്. മീന്‍കറിയില്‍ വിഷം ചേര്‍ത്താണ് അമ്മയ്ക്ക് നല്‍കിയത്. പെട്ടെന്ന് മകള്‍ മരിച്ച അതേ രീതിയില്‍ അമ്മ മരിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. ഇത് മാറ്റാന്‍ കിണറിലെ വെള്ളത്തില്‍ അമോണിയയുടെ അംശമുണ്ടെന്ന് പറഞ്ഞു. വെള്ളം പരിശോധിക്കാന്‍ നല്‍കിയതിനു ശേഷമായിരുന്നു ഇത്. അമ്മ മരിച്ച് ഒരുമാസം കഴിഞ്ഞ് അച്ഛന് വിഷം നല്‍കി. ചോറിനൊപ്പം വിഷം കലര്‍ത്തിയ രസം കഴിക്കാന്‍ കൊടുത്തുവെന്നാണ് സൗമ്യ പറഞ്ഞത്. എന്നാല്‍, ആന്തരികാവയവ പരിശോധനയില്‍ വിഷാംശത്തിന്റെ തോത് പലതവണയായി ശരീരത്തിലെത്തിയതാണെന്ന് സംശമുണ്ട്. ഇനിയുള്ള അന്വേഷണത്തിലേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, ഇവരുടെ ചെറുമക്കളായ ഐശ്വര്യ (8), കീര്‍ത്തന (ഒന്നര) എന്നിവരാണ് പല സമയത്തായി ഒരേരീതിയില്‍ മരിച്ചത്. കീര്‍ത്തന 2012ലും മറ്റുമൂന്നുപേര്‍ മൂന്നുമാസത്തിനിടയിലുമാണ് മരിച്ചത്. ഛര്‍ദിയായിരുന്നു എല്ലാവര്‍ക്കും. സൗമ്യക്കും ഛര്‍ദിയുണ്ടായതിനെത്തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വാരം കേരളത്തെ ഞെട്ടിച്ച കണ്ണൂരില്‍ നിന്നുള്ള വാര്‍ത്തയാണിത്.പിഞ്ചുകുഞ്ഞിന്റെ ജഡം പൊന്തക്കാട്ടില്‍ നിന്നു കണ്ടെടുക്കുകയും അതിനെ കൊലപ്പെടുത്തിയത് സ്വന്തം മാതാവ് തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്ത വാര്‍ത്ത വന്നത് കൊല്ലത്ത് നിന്നായിരുന്നു. മാറുന്ന മലയാളി സ്ത്രീകളുടെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വന്തം ജീവിതസുഖവും അഭിമാനവും ലക്ഷ്യം വച്ച് എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളേയും വയോവൃദ്ധന്മാരെയും ഉറ്റവര്‍ തന്നെ കൊലപ്പെടുത്തുന്നതിന് എന്ത് നീതീകരണമാണ് നല്‍കാനാവുക.
എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!
എന്നുമിതിന്റെ ലഹരിയിലാനന്ദ
തുന്ദിലമെന്മനം മൂളിപ്പറക്കണം!
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മലയാള ഭാവകാവ്യമായ 'രമണനി'ലെ പരാമര്‍ശം പോലെ ആസ്വദിക്കാനുള്ള വെമ്പലിലാണ് എല്ലാവരും. അതിന് തടസ്സമാകുന്നതിനെ അറുത്തുമാറ്റുന്നു.ബന്ധങ്ങളൊന്നും അവിടെ ആര്‍ക്കും പ്രശ്‌നമില്ല. കലികാലത്തില്‍ പെണ്‍മനസ്സിന്റെ മാറ്റമാണ് ഭയാനകം. സൗമ്യയുടെ സംഭവത്തില്‍ തന്നെ പലറിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. മലയാളികള്‍ ഇത്രമേല്‍ മാറിക്കഴിഞ്ഞോ?
കുട്ടികളേക്കാളും കുടുംബത്തേക്കാളും തന്റെ സുഖവും സൗകര്യവും എന്ന ചിന്ത രക്ഷിതാക്കളിലേക്ക് വരുമ്പോഴാണ് അതിന്റെ തിക്തഫലങ്ങള്‍ പീഡനങ്ങളായി കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത്. കുട്ടികള്‍ക്ക് ജീവിതത്തില്‍ പ്രാധാന്യം കല്‍പിക്കാത്ത രക്ഷിതാക്കള്‍ക്കാണ് അവര്‍ ഒരു ഭാരമായി അനുഭവപ്പെടുന്നത്. ഇതാണ് അവരെ മൃഗങ്ങള്‍ പോലും ചെയ്യാന്‍ അറക്കുന്ന നീചപ്രവൃത്തികള്‍ സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനോട് കാണിക്കാന്‍ മടിയില്ലാത്തവരാക്കിത്തീര്‍ത്തത്.
ഇവിടെയാണ് ഇസ്‌ലാമിന്റെ മഹനീയമായ കുടുംബസങ്കല്‍പം 'ആധുനികത'യുടെ വീക്ഷണങ്ങളോട് ഇടഞ്ഞുനില്‍ക്കുന്നത്. വൈവാഹിക ജീവിതത്തെ നിരുത്സാഹപ്പെടുത്തുകയും ലൈംഗിക വികാരം മനുഷ്യനെ അധഃപതിപ്പിക്കുമെന്നും ജീവിതവിശുദ്ധിയെ അത് കെടുത്തിക്കളയുമെന്നും വാദിക്കുകയും ചെയ്യുന്ന പുരോഹിതമതങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീപുരുഷന്‍മാര്‍ ഇണയെ തേടുന്നത് ഒരു പുണ്യകര്‍മമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇണയുമായുള്ള ലൈംഗിക ബന്ധം അല്ലാഹു പ്രതിഫലം നല്‍കുന്ന സല്‍കര്‍മമായാണ് പ്രവാചകന്‍ പഠിപ്പിച്ചത്. വൈവാഹിക ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം ഉദാരലൈംഗികതയെ എതിര്‍ക്കുന്നു.
വിവാഹവും അതുവഴി കൈവരുന്ന മാതൃത്വം, പിതൃത്വം എന്നീ അവസ്ഥകളും ജീവിതത്തിന്റെ പൂര്‍ണതയിലേക്കുള്ള വഴികളാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നിയമാനുസൃത ഇണയാകുക, കനിവുള്ള മാതാവാകുക, ഉത്തരവാദിത്തമുള്ള പിതാവാകുക തുടങ്ങിയവയെല്ലാം 'പുരോഗമന'വിരുദ്ധമാണെന്ന് സിദ്ധാന്തിക്കുന്ന നവമുതലാളിത്തത്തിന്റെ 'ലൈംഗിക വിപ്ലവ' പദ്ധതിയോട് ഇസ്‌ലാമിന് ഒരു നിലക്കും രാജിയാകാന്‍ സാധ്യമല്ല.
വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സന്താനോല്‍പാദനം ആണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. മാതാവാകുവാനും പിതാവാകുവാനുമുള്ള ആഗ്രഹം മനുഷ്യസഹജമാണ്. അത് തല്ലിക്കെടുത്തുന്ന രൂപത്തിലുള്ള'പുരോഗമന'വാദങ്ങള്‍ പ്രകൃതിനിയമങ്ങളുടെ താളം തെറ്റലിനേ ഉതകൂ.
സന്താനവര്‍ധനവ് അനഭിലഷണീയമാണെന്ന ധാരണ പരത്തുന്ന വാദഗതികള്‍ ഭ്രൂണഹത്യ എന്ന കൊടുംപാതകത്തെ ദമ്പതിമാര്‍ക്കിടയില്‍ വ്യാപകമാക്കിയിരിക്കുന്നു. സന്താനങ്ങള്‍ സുഖജീവിതത്തിന് തടസ്സമാണ് എന്ന മനോഭാവം വളര്‍ത്തുന്ന, ശിശുപീഡനങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് ഇത്തരം വൃത്തികെട്ട വാദങ്ങള്‍. ആധുനിക മീഡിയകളും തലതിരിഞ്ഞ സിദ്ധാന്തങ്ങളും മനുഷ്യമനസ്സുകളെ എത്രത്തോളം വഷളാക്കുന്നു എന്നതാണ് നമുക്ക് ചുറ്റും നിന്ന് ഉയരുന്ന വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നത്.
ഒഴിവുസമയവും ആര്‍ത്തിയും മനുഷ്യനെ വല്ലാതെ മാറ്റിക്കളഞ്ഞു. കണ്‍സ്യൂമറിസം വളരുകയും ജീവിതം ആസ്വദിക്കാനുള്ള താല്‍പര്യം വ്യാപിക്കുകയും ചെയ്തപ്പോള്‍ അതിരു വിടുന്ന ബന്ധങ്ങള്‍ തേടുന്നതിന് ഒരുമടിയും ഇല്ലാത്തവളായി മലയാളി വനിതയും മാറി.
ടി.വി സീരിയലുകളും സിനിമകളും കാണിച്ചു തരുന്ന വഴിവിട്ട ബന്ധങ്ങളും നിറം പിടിച്ച കഥകളും യഥാര്‍ഥ ജീവിതത്തിലേക്ക് ആവാഹിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിഡ്ഢിത്തമാണ് ജീവിതം നശിപ്പിക്കുന്നത് എന്ന് തിരിച്ചറിയാന്‍ ഒരുപാട് വൈകിപ്പോകുന്നു പലരും.
ആസ്വാദനത്തിന്റെ പടവുകളില്‍ അരുതായ്മകള്‍ തേടുമ്പോള്‍ സംഭവിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ലാഭക്കൊതി മൂത്ത മുതലാളിത്വത്തിന്റെ താല്‍പര്യത്തിന് അനുസൃതമായി നമ്മുടെ ഭരണകൂടം നിലകൊള്ളുന്ന കാലത്തോളം ഇവ ഇനിയും തുടരും. അനാവശ്യങ്ങളെ സെന്‍സര്‍ ചെയ്യാനും സ്ത്രീമനസുകളുടെ ആരോഗ്യം നശിപ്പിക്കുന്ന മീഡിയകളെ നിയന്ത്രിക്കാനും നിയമം അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇത്തരം മൃഗീയവാര്‍ത്തകള്‍ ഇനിയും നമുക്ക് കേള്‍ക്കേണ്ടി വരും.
മാറുന്ന കാലത്ത് ധാര്‍മികബോധത്തിന്റെ പരിധിയില്‍ നമ്മെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കണം. നമ്മെ ചതിയില്‍ വീഴ്ത്താന്‍ പാര്‍ത്തിരിക്കുന്നവരെ കരുതിയിരിക്കുന്നതില്‍ വീഴ്ച വന്നാല്‍ ഖേദിക്കേണ്ടി വരുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."