സഊദി പരിഷ്കാരങ്ങള്‍ ഫലം കാണുന്നു
റിയാദ്: രാജ്യാന്തര വിപണിയില്‍ എണ്ണവില കൂപ്പു കുത്തിയതോടെ സഊദി സാമ്പത്തിക രംഗത്ത് പിടികൂടിയ ഞെരുക്കം ഒഴിവാക്കാനായി കണ്ടെത്തിയ പരിഷ്കരണ മാര്‍ഗങ്ങള്‍ ഫലം കാണുന്നു. എണ്ണവില കുറഞ്ഞതോടെ എണ്ണയെ മാത്രം ആശ്രയിച്ചു നിന്നാല്‍ രക്ഷയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് എണ്ണയിതര വരുമാനത്തിലേക്ക് പദ്ധതികള്‍ ആവിഷ്കരിച്ചത്. ആദ്യ ഘട്ടത്തില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇപ്പോള്‍ ഇത് വിജയമായിക്കാണുന്നതായാണ് പുറത്ത് വരുന്ന കണക്കുകള്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ സഊദി പൊതു വരുമാനത്തില്‍ പതിനഞ്ചു ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സഊദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യ രണ്ടു മൂന്നു മാസങ്ങളില്‍ 16,626 കോടി റിയാല്‍ പൊതു വരുമാനം നേടിയെന്നും എണ്ണയിതര മേഖലയില്‍ നിന്നും 5,231 കോടി റിയാല്‍ വരുമാനം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 ശതമാനം കൂടുതലാണിത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എണ്ണ വരുമാനത്തില്‍ രണ്ടു ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട വിപണിയില്‍ എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ആദ്യ പാദത്തില്‍ എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം 11,394 കോടി റിയാലാണ്. അതേസമയം പൊതു കടം 48,365 ഉയര്‍ന്നിട്ടുണ്ട്. ആദ്യ പാദത്തിന്റെ തുടക്കത്തില്‍ ഇത് 44,325 കോടി റിയാലായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദി പൊതു കടത്തില്‍ 27,740 കോടി റിയാല്‍ ആഭ്യന്തര കടവും 20,625 കോടി റിയാല്‍ വിദേശ കടവുമാണ്.
ധന സന്തുലന പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വലിയ പുരോഗതിയാണ് സഊദി കൈവരിച്ചതെന്നാണ് ആദ്യ പാദത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."