മാണിയില്‍ പ്രതീക്ഷ കൈവിടാതെ യു.ഡി.എഫ്
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാനാകാത്തവിധം കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പ്രതീക്ഷ കൈവിടാതെ യു.ഡി.എഫ്. ഇടതുപക്ഷത്തിനു പിന്തുണ നല്‍കാനുള്ള പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ നീക്കം വിജയിക്കില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തോടെ വ്യക്തമായതിനെ തുടര്‍ന്ന് മാണിയെ അനുനയിപ്പിക്കാന്‍ വീണ്ടും കളത്തിലിറങ്ങാനൊരുങ്ങുകയാണ് യു.ഡി.എഫ് നേതാക്കള്‍.
മനഃസാക്ഷി വോട്ട് പ്രഖ്യാപിച്ച് ഇടതുമുന്നണിക്ക് രഹസ്യപിന്തുണ നല്‍കാനുള്ള നീക്കംപോലും വിജയിക്കാതെയാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം പിരിഞ്ഞത്. യു.ഡി.എഫിനെ അനുകൂലിക്കുന്ന പി.ജെ ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പായിരുന്നു കാരണം. എല്‍.ഡി.എഫിന് അനുകൂലമായ നിലപാടെടുത്താല്‍ പാര്‍ട്ടി പിളരുമെന്ന വ്യക്തമായ സൂചന ജോസഫ് വിഭാഗം നല്‍കിയതിനെ തുടര്‍ന്നാണ് മാണി കടുത്ത സമ്മര്‍ദത്തിലായത്. മനഃസാക്ഷി വോട്ട് പ്രഖ്യാപിച്ച് മാറിനില്‍ക്കുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയഭാവി അപകടത്തിലാക്കുമെന്നും അവര്‍ വാദിച്ചു. ഇതോടെയാണ് തീരുമാനം മാറ്റിവയ്ക്കാന്‍ മാണി നിര്‍ബന്ധിതനായത്.
ജോസ് കെ. മാണിയുടെ സ്വരത്തില്‍ വന്ന ചെറിയ മാറ്റവും തീരുമാനത്തെ സ്വാധീനിച്ചു. യു.ഡി.എഫ് വിടാനെടുത്ത പഴയ തീരുമാനം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തോടെ വേണമെങ്കില്‍ പുനഃപരിശോധനയാവാമെന്ന സന്ദേശമാണ് ജോസ് കെ. മാണി നല്‍കിയത്. കൂടാതെ ജോസഫ് പക്ഷത്തെപ്പോലെ തന്നെ മുന്നണി ബന്ധം കൂടാതെയുള്ള രാഷ്ട്രീയ ഭാവിയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളിലെ ഈ സാഹചര്യമാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
കേരള കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയില്‍ മാണി ആര്‍ക്കു പിന്തുണ പ്രഖ്യാപിച്ചാലും പാര്‍ട്ടി വോട്ട് പൂര്‍ണമായി ആ സ്ഥാനാര്‍ഥിക്കു ലഭിക്കില്ലെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ പരമാവധി വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റാനുള്ള തന്ത്രമാണ് നേതാക്കള്‍ മെനയുന്നത്. ജോസഫ് പക്ഷവുമായി മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ ആശയവിനിമയം തുടരുന്നുമുണ്ട്. നേരത്തേ മാണിയുമായി സംസാരിച്ചിരുന്ന ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉടന്‍തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തുമെന്ന് അറിയുന്നു. നിലപാടു സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നിയോഗിച്ച ഉപസമിതി ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുന്‍പ് മാണിയുമായി കൂടിക്കാഴ്ചയ്ക്കു കളമൊരുക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."