സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി പാലക്കാട് നഗരസഭാ ബജറ്റ്
പാലക്കാട്: ഇടതു സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടുള്ള ബജറ്റാണ് ഇന്നലെ പാലക്കാട് നഗരസഭയില്‍ അവതരിപ്പിച്ചത്്. ബി. ജെ. പി നേതൃത്വത്തിലുള്ള ഭരണം നഗരസഭയില്‍ ഉടലെടുത്തതു മുതല്‍ നഗരസഭയെ നക്കി കൊല്ലുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ബജറ്റവതരിപ്പിച്ചു കൊണ്ട്് വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ പറഞ്ഞു. നഗരസഭയില്‍ സെക്രട്ടറിയെ നിയമിക്കാതെ നഗരഭരണം പ്രതിസന്ധിയിലാക്കാനാണ്് ഇടതു സര്‍ക്കാര്‍ തുനിയുന്നതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പറഞ്ഞ ഒരു വാഗ്ദാനവും നടപ്പിലാക്കത്തവരാണ് വീണ്ടും ബജറ്റവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് യു.ഡി.എഫ്. ബജറ്റവതരണം തടസപ്പെടുത്തിയത്. ഇതിനായുള്ള കൗണ്‍സില്‍ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് പാര്‍ലിമെന്റ് പാര്‍ട്ടി ലീഡര്‍ കെ. ഭവദാസ് കഴിഞ്ഞ വര്‍ഷത്തിലെ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയവ വിശദീകരിക്കതണമെന്നാവശ്യപ്പെട്ടു.
എന്നാല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഈ ആവശ്യം നിരാകരിച്ച വൈസ് ചെയര്‍മാനെ ബജറ്റവതരിപ്പിക്കാന്‍ ക്ഷണിച്ചതോടെ പ്രകടനവുമായി യു.ഡി.എഫ് അംഗങ്ങള്‍ പുരത്തിറങ്ങുകയായിരുന്നു. എന്നാല്‍ വികസന കാഴ്ചപ്പാടുള്ളതിനാലാണ് സി.പി.എം ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് സി. പി.എം. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എ. കുമാരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളുള്‍പ്പടെ നടപ്പിലാക്കുമെന്ന പ്രതീക്ഷയോടെ 259,66,38,286 രൂപ വരവും 248,75,98,335 രൂപ ചെലവും ബാക്കിയിരിപ്പായി 9,35,89,951 രൂപ പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്.
നഗരത്തിലെ ശുദ്ധജല വിതരണത്തിനായി 67.33 കോടി രൂപ , അഴുക്കുചാലുകള്‍ നിര്‍മാണത്തിന് 17.62 കോടി, യാക്കര പുഴക്ക് സമീപം ബോട്ട് സര്‍വീസ്, ആറ് പുതിയ പാര്‍ക്ക് നിര്‍മാണം, ഗവ.മെഡിക്കല്‍ കോളജിന് സമീപം, കറുകോടി എന്നിവിടങ്ങളില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ക്ക് 10 കോടിയും നഗരസഭ ഇത്തവണ നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രധാനിര്‍ദ്ദേശങ്ങള്‍.കൂടാതെ മാലിന്യ സംസ്‌കരണത്തിന് തുമ്പൂര്‍മൊഴി മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് 16.5ലക്ഷം രൂപയും കോട്ടമൈതാനം സൗന്ദര്യവല്‍ക്കരണം (1കോടി രൂപ) കാനറ ബാങ്ക് കോംപ്ലക് നിര്‍മ്മാണം(2.15 കോടി)കൂടാതെ നഗരസഭാ ഓഫീസ് സോളാര്‍വല്‍ക്കരിക്കുന്നതിന് 31 ലക്ഷം എന്നിവയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നഗരത്തിലെ വിവിധ ശ്മശാനങ്ങളിലെ നവീകരണത്തിന് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയം നിര്‍മ്മാണത്തിനായി 10 കോടിയും ഒലവക്കോട് കംഫര്‍ട്ട് സ്റ്റേഷന് 2 കോടിയും മണലി ഷോപ്പിംഗ് കോംപ്ലക്‌സിന് 8 കോടിയും വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."