ഉദ്വേഗവായനയുടെ പുഷ്‌കലകാലം
ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍നിന്നും സീരിയലുകളില്‍നിന്നും മൊബൈലെന്ന ഒറ്റമുറി ലോകത്തുനിന്നും കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുന്ന പുതുതലമുറക്കാര്‍ക്ക് കോട്ടയം പുഷ്പനാഥ് എന്ന മനുഷ്യനെ, നോവലിസ്റ്റിനെ അറിയുമോ എന്നറിയില്ല. പക്ഷെ, കൗമാരപ്രായത്തിലുള്ളവര്‍ തൊട്ട്, അറുപതുകളിലെത്തി നില്‍ക്കുന്ന വൃദ്ധര്‍ വരെ ആകാംക്ഷാപൂര്‍വം കോട്ടയം പുഷ്പനാഥിന്റെ നോവലുകള്‍ക്കു കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു, എണ്‍പതുകളില്‍.
എന്റെ ഓര്‍മയില്‍ തൊണ്ണൂറുകളിലെ പകുതിയില്‍ ഓരോ ആഴ്ചയും ഇറങ്ങുന്ന വാരികകളിലെ നോവലും കാത്ത് കിടക്കുന്നൊരു തലമുറയെ ഞാനും കണ്ടിട്ടുണ്ട്. അയലത്തെ കൃഷ്‌ണേട്ടനും സതിയേച്ചിയും ബീനേച്ചിയുമൊക്കെ തിങ്കളാഴ്ചയില്‍ ഇറങ്ങുന്ന 'മംഗളം' വാരികയും വ്യാഴാഴ്ചയിറങ്ങുന്ന 'മനോരമ' വാരികയും വാങ്ങാന്‍ കാശും, അതിന്റെ കൂടെ മിഠായിക്കുള്ള കാശും തന്നു പറഞ്ഞു വിടുമ്പോള്‍ കഴിഞ്ഞ ലക്കത്തില്‍ അവസാനിച്ച ഓരോ നോവലിലെയും കഥകള്‍ അവര്‍ പരസ്പരം പറഞ്ഞിരിക്കുന്നതു കാണാറുണ്ടായിരുന്നു. ഇവരില്‍നിന്നു വ്യത്യസ്തമായി ഡിറ്റക്ടിവ് നോവലുകള്‍ മാത്രം വായിച്ചിരുന്ന കൃഷ്‌ണേട്ടന്‍ കോട്ടയം പുഷ്പനാഥിന്റെ ഒരു കടുത്ത ആരാധകനായിരുന്നു. മറ്റുള്ള നോവലുകളോടു താല്‍പര്യമില്ലാതെ പുഷ്പനാഥിന്റെ നോവലുകളെ വായിക്കുമ്പോള്‍ കൃഷ്‌ണേട്ടന്‍ പറഞ്ഞിരുന്നത് അസാധാരണ ബുദ്ധിയും കൂര്‍മതയുമുള്ളവര്‍ക്കു മാത്രമേ ഡിറ്റക്ടിവ് നോവലുകളെഴുതാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു. വാരികകളിലേതു കൂടാതെ മറ്റേതിടങ്ങളിലും വരുന്ന കോട്ടയം പുഷ്പനാഥിന്റെ നോവലുകള്‍ തിരഞ്ഞുപിടിച്ചു വായിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന കൃഷ്‌ണേട്ടനെ കാണുമ്പോള്‍ പുഷ്പനാഥിന്റെ കഥകളിലെ ഏതോ ഒരു ഡിറ്റക്ടിവിനെ പോലെ എനിക്കു തോന്നാറുണ്ടായിരുന്നു. കൃഷ്‌ണേട്ടന്‍ മാത്രമല്ല, വാരിക വായന സജീവമായിരുന്ന കാലത്ത് ഞാന്‍ കണ്ടിരുന്ന എന്റെ അയല്‍പക്കത്തെ സാധാരണക്കാരായ പലര്‍ക്കും അന്ന് കോട്ടയം പുഷ്പനാഥ് വേറിട്ടൊരു എഴുത്തുകാരന്‍ തന്നെയായിരുന്നു.
കോട്ടയം തീവണ്ടിനിലയത്തിനു സമീപം കണിയാംകുളം സത്യനേശന്റെയും അധ്യാപിക റെയ്ചലിന്റെയും മകനായി ജനിച്ച കോട്ടയം പുഷ്പനാഥ് ചെറുപ്രായത്തില്‍ തന്നെ ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു. മുതിര്‍ന്നപ്പോള്‍ അദ്ദേഹം ടി.ടി.സി പഠനത്തിനുശേഷം കോട്ടയം ജില്ലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അധ്യാപകനായിരിക്കെ തന്നെ 1968ല്‍ രചിച്ച 'മനോരാജ്യത്തിലൂടെ ചുവന്ന മനുഷ്യന്‍' എന്ന കൃതിയിലൂടെയാണ് നോവല്‍ എഴുത്തിലേക്കു തിരിയുന്നത്.
പുഷ്പനാഥന്‍ പിള്ള എന്ന പേരില്‍നിന്ന് കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമം സ്വീകരിച്ച് എഴുതിത്തുടങ്ങിയ അദ്ദേഹം ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്ടിവ് മാര്‍ക്‌സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് മിക്ക നോവലുകളും എഴുതിയിട്ടുള്ളത്. മനോരാജ്യത്തില്‍ എഴുതി തുടങ്ങിയതിനു പിന്നാലെ 'മനോരമ'യില്‍ പാരലല്‍ റോഡ് എന്ന നോവല്‍ ആരംഭിച്ചു. ഇതോടെ സകല 'മ' പ്രസിദ്ധീകരണങ്ങള്‍ക്കും പുഷ്പനാഥ് അവിഭാജ്യഘടകമായി. പിറകെ ഒരേസമയം പത്തും പതിനഞ്ചും വാരികകള്‍ക്കു തുടര്‍നോവലുകള്‍ എഴുതുന്ന സാഹസികകൃത്യം ഏറ്റെടുക്കേണ്ടിയും വന്നു. നോവലുകള്‍ പുസ്തകമാക്കാനും വിദേശനോവലുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനും സമയം കണ്ടെത്തി. ഇതൊന്നും തന്റെ തൊഴിലായ അധ്യാപനത്തെ ബാധിച്ചതുമില്ല. ഇതിനിടയില്‍ കേരള യൂനിവേഴ്‌സിറ്റിയില്‍നിന്ന് അദ്ദേഹം ബിരുദമെടുക്കുകയും ചെയ്തു. മലയാളികള്‍ക്കിടയിലെന്ന പോലെ തമിഴിലും അദ്ദേഹത്തിന് ഒരുപാട് വായനക്കാരുണ്ടായിരുന്നു.
വായനക്കാര്‍ക്ക് എപ്പോഴും പുഷ്പനാഥിനെക്കാള്‍ അദ്ദേഹത്തിന്റെ നായകകഥാപാത്രങ്ങളായ ഡിറ്റക്ടിവ് മാര്‍ക്‌സിനെയും ഡിറ്റക്ടിവ് പുഷ്പരാജിനെയുമാണ് അടുത്തു പരിചയം. വിദേശത്തെ കേസുകള്‍ മാര്‍ക്‌സും ഇന്ത്യയിലെ കേസുകള്‍ പുഷ്പരാജുമാണു കൈകാര്യം ചെയ്തിട്ടുള്ളത്. രണ്ടുപേരും ഒരുമിച്ചു കൈകാര്യം ചെയ്ത കേസുകളുമുണ്ട്. മാര്‍ക്‌സിന്റെ കൂട്ടുകാരി എലിസബത്തിനെയും പുഷ്പരാജിന്റെ കാമുകി മോഹിനിയെയും വായനക്കാര്‍ മറക്കില്ല.
കഥാപാത്രങ്ങള്‍ കാര്‍പാത്യന്‍ മലനിരകളിലൂടെ സാഹസികയാത്ര നടത്തുന്നതും, ഇംഗ്ലണ്ടിലെ നഗരവീഥികളിലൂടെയുള്ള കുറ്റാന്വേഷണ യാത്രകളും, ബര്‍മുഡ ട്രയാംഗിളും എല്ലാം നേരിട്ടു കണ്ടറിഞ്ഞ പോലെയാണ് പുഷ്പനാഥ് എഴുതിയിട്ടുള്ളത്. എന്നാല്‍ ഈ പറയുന്ന വിദേശരാജ്യങ്ങളൊന്നും സന്ദര്‍ശിക്കാത്ത അദ്ദേഹം നിരന്തരമായ വായനയിലൂടെയാണ് ഓരോ രാജ്യങ്ങളുടെ മുക്കും മൂലയും അറിഞ്ഞുവച്ചിരുന്നത് എന്നറിയുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാതിരിക്കില്ല. അദ്ദേഹം എഴുതിയിരുന്ന ഓരോ നാടുകളിലൂടെയുമുള്ള കുറ്റാന്വേഷണ യാത്രകള്‍ അതിനു മാത്രം മികച്ചവ തന്നെയായിരുന്നു. ഒരിക്കലും കാണാത്ത രാജ്യങ്ങളിലെയും ഓരോ ഉള്‍പ്രദേശവും അദ്ദേഹത്തിനു കാണാപാഠമായിരുന്നു. ഇതില്‍നിന്നു തന്നെ ചരിത്രാധ്യാപകനായിരുന്ന പുഷ്പനാഥിന്റെ സൂക്ഷ്മനിരീക്ഷണവും വായനയും എത്രത്തോളമുണ്ടെന്നു മനസിലാക്കാം.
കുറ്റാന്വേഷണമാകുമ്പോള്‍ ചരിത്രം, ശാസ്ത്രം, പൊലിസ്, നിയമം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അറിവുണ്ടാകണം. ഇതൊക്കെ പുഷ്പനാഥ് നേടിയത് നിരന്തരമായ വായനയിലൂടെയായിരുന്നു. കുറ്റാന്വേഷണ നോവലുകള്‍ക്കു പുറമെ മാന്ത്രികനോവലുകളും അദ്ദേഹം എഴുതിയിരുന്നു. ബ്രഹ്മരക്ഷസ്, രണ്ടാം വരവ്, നീലക്കണ്ണുകള്‍, പടകാളിമുറ്റം, സൂര്യരഥം തുടങ്ങിയവയൊക്കെ ശ്രദ്ധിക്കപ്പെട്ട നോവലുകളാണ്. കാലം മാറുകയും, ട്രെന്‍ഡ് മാറുകയും ചെയ്തതോടെ ഇലക്ട്രോണിക് സ്‌ക്രീനുകളിലേക്കു പഴയ വായനക്കാര്‍ ചേക്കേറിയപ്പോള്‍ പുഷ്പനാഥിനെ പോലുള്ളവരുടെ എഴുത്തുകള്‍ മുഖ്യധാരയില്‍നിന്നു പതിയെ പിന്‍വലിഞ്ഞുപോയി. എങ്കിലും സാധാരണക്കാരായ ഒരുപാട് വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഇപ്പോഴും മലയാളിയുടെ മനസില്‍ ഉദ്വേഗജനകമായ അമരസ്മരണയായി അവശേഷിക്കുന്നു.
മുന്നൂറോളം ഡിറ്റക്ടിവ് നോവലുകളും അത്രയും മറ്റു കൃതികളും രചിച്ച പുഷ്പനാഥ് തന്നെയാണ് മലയാളത്തിലെ ഏറ്റവും ജനകീയനായ അപസര്‍പ്പക നോവലെഴുത്തുകാരന്‍ എന്നു തന്നെ പറയാം. ലേഡീസ് ഹോസ്റ്റലിലെ ഭീകരന്‍, ജരാസന്ധന്‍, റെഡ് റോബ്, ത്രിപ്പില്‍ എക്‌സ്, പ്രോജക്ട് 90, ബെര്‍മുഡ ട്രയാംഗിള്‍, ഡി ബോംബ് സീക്രട്ട്, ദയാല്‍ 003, ഡ്രാക്കുള ഏഷ്യയില്‍, കര്‍ദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, ഡെവിള്‍സ് കോര്‍ണര്‍, പാരലല്‍ റോഡ്, ഡ്രാക്കുളക്കോട്ട തുടങ്ങിയവ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്ന നോവലുകളായിരുന്നു. ഇതില്‍ തന്നെ ഒരുപാടു കൃതികള്‍ തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ നോവലുകള്‍ വെള്ളിത്തിരയിലെത്തുകയും ചെയ്തിട്ടുണ്ട്.
വായനയുടെ തലങ്ങളും സാഹിത്യത്തിന്റെ വേരുകളും കൂടെ വായനക്കാരും മാറിയപ്പോള്‍ പഴയ വാരിക നോവലുകള്‍ മലയാള മുഖ്യധാരാ സാഹിത്യത്തില്‍ പങ്കു നിഷേധിക്കപ്പെട്ട രചനകളായി മാറി. ഒരുകാലത്ത് മലയാളിയുടെ വായനാ അഭിരുചിയെ പുതുക്കിപ്പണിത കോട്ടയം പുഷ്പനാഥ് കാലങ്ങള്‍ക്കുശേഷം അവഗണനയുടെ പുറമ്പോക്കിലേക്കു തള്ളപ്പെടുകയും ചെയ്തത് വസ്തുതയാണ്. എണ്‍പതുകളില്‍ മലയാളിയുടെ വായനാനഭസില്‍ എഴുത്തുകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ചെങ്കിലും അര്‍ഹമായ പരിഗണനയൊന്നുപോലും ലഭിക്കാതെയാണ് മെയ് രണ്ടിന് എണ്‍പതാം വയസില്‍ പുഷ്പനാഥ് കാലത്തിന്റെ യവനികയിലേക്കു മറഞ്ഞത്.
മറിയാമ്മയാണു ഭാര്യ. പരേതനായ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സലിം പുഷ്പനാഥ്, സീനു, ജെമി മക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."