ലഹരിയില്‍ കേരളം പഞ്ചാബിനെ കടത്തിവെട്ടുമോ?
തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന പഞ്ചാബിനെ കേരളം കടത്തി വെട്ടുമോ? സംശയം വേണ്ട കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുക തന്നെ ചെയ്യും. ഇത് പറയുന്നത് മറ്റാരുമല്ല, സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് കഞ്ചാവിന്റെയും മറ്റു ലഹരി മരുന്നുകളുടെയും ഉപയോഗം വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലഹരിമരുന്നുകള്‍ക്ക് ഇരയാകുന്നതാകട്ടെ സംസ്ഥാനത്തെ യുവാക്കളും കുട്ടികളുമാണ്. നഗരങ്ങളിലെ ലഹരിമരുന്നുപയോഗത്തില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ് പറഞ്ഞു.
എക്‌സൈസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തെ കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ ചിത്രമിതാണ്. 1,51,273 റെയ്ഡുകള്‍ നടത്തിയതില്‍ 2085 ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1110 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംസ്ഥാന പൊലിസ് രജിസ്റ്റര്‍ ചെയ്തത് 652 കേസുകള്‍ ആണ് . ആറു കിലോഗ്രാം ഹാഷിഷും 720 കിലോഗ്രാം കഞ്ചാവും അവര്‍ പിടികൂടിയിട്ടുണ്ട്. കര്‍ശനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ലഹരിമരുന്നുപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന പഞ്ചാബിന്റെ സ്ഥിതിയിലേക്ക് അടുത്ത അഞ്ചു കൊല്ലത്തിനുള്ളില്‍ കേരളം എത്തുമെന്നും ഋഷിരാജ്‌സിങ് മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരേ കഴിഞ്ഞ രണ്ടാഴ്ചക്കിടെ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 1,000 കേസുകള്‍ ആണ്. 980 പേരെ പിടികൂടി. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറക്കാന്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്നും ആറു മാസത്തിനിടെ ലഹരി ഉപയോഗത്തില്‍ ഗണ്യമായ കുറവുവരുത്താനാണ് തീരുമാനമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
അടിക്കടി കൂടുകയാണ് സംസ്ഥാനത്തെ ലഹരി ഉപഭോഗം. ഏറ്റവും എളുപ്പം ലഹരി വസ്തുക്കള്‍ കിട്ടുന്ന ഇന്ത്യയിലെ തന്നെ മൂന്നാമത്തെ നഗരം കൊച്ചിയാണ്. ഇതേതുടര്‍ന്നാണ് ലഹരിക്കെതിരേ ഊര്‍ജിത കര്‍മ പദ്ധതിയുമായി എക്‌സൈസ് വകുപ്പ് രംഗത്തെത്തുന്നത്. ആറു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന്റെ 20 ഇരട്ടി ലക്ഷ്യം തങ്ങള്‍ കൈവരിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ പറയുന്നു.
ജൂലൈ 30 ന് മുന്‍പ് 2,000 ഹൈസ്‌കൂളുകളില്‍ പരാതി പെട്ടികള്‍ സ്ഥാപിക്കും. ഓരോ 10 ദിവസം കൂടുമ്പോഴും ഈ പെട്ടികള്‍ പരിശോധിക്കും. 1,800 സ്‌കൂളുകളില്‍ ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതില്‍ 100 സ്‌കൂളുകളില്‍ താന്‍തന്നെ നേരിട്ട് ക്ലാസുകള്‍ നടത്തും. റസിഡന്റ്‌സ് അസോസിയേഷനുകളിലും ഇത്തരം പരാതി പെട്ടികള്‍ സ്ഥാപിക്കും. അവരുടെ സഹകരണത്തോടെയും മയക്കുമരുന്ന് വിരുദ്ധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വില്‍പന സംബന്ധിച്ച് ദിനം പ്രതി നിരവധി പരാതികള്‍ എക്‌സൈസിന് ലഭിക്കുന്നുണ്ട്. ഒരുകിലോഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ ജാമ്യം ലഭിക്കുന്ന എന്‍.ഡി.പി.എസിലെ വ്യവസ്ഥ ഇളവ് ചെയ്യണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസിനും അധികാരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."