അനധികൃത ഖനനം: രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രതിയാക്കും
തിരുവനന്തപുരം: മുക്കുന്നിമലയിലെ അനധികൃത ഖനന കേസില്‍ രണ്ടു മുന്‍ ജില്ലാ കലക്ടറര്‍മാരെ പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ കലക്ടര്‍മാരായിരുന്ന ബിജു പ്രഭാകര്‍, കെ.എന്‍ സതീഷ് എന്നിവരെയാണ് പ്രതിചേര്‍ക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്.
മുക്കുന്നിമലയിലെ അനധികൃത ഖനനം തടഞ്ഞ് സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടെ തിരിച്ചുപിടിച്ച് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിക്കണമെന്ന് 2012ല്‍ അന്നത്തെ റവന്യൂ സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്ന് തിരുവനന്തപുരം കലക്ടറായിരുന്ന കെ.എന്‍ സതീഷും പിന്നീട് ചുമതലയേറ്റ ബിജു പ്രഭാകറും തുടര്‍നടപടി സ്വീകരിച്ചില്ല.
സര്‍ക്കാരില്‍ നിന്ന് ഇരുവര്‍ക്കും നേരിട്ട് നിര്‍ദേശം ലഭിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച ഫയലുകള്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റില്‍ നിന്നും ജില്ലാ കലക്ടറേറ്റില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു. മുക്കുന്നിമലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഉദ്യോഗസ്ഥ, രാഷ്ട്രീയ സഹായത്തോടെ ക്വാറി മാഫിയ ഖനനം നടത്തിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പരിശോധനയിലാണ് സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് മുന്‍ കലക്ടര്‍മാര്‍ ക്വാറി മാഫിയകള്‍ക്ക് കൂട്ടു നിന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. ബിജുപ്രഭാകറിന്റെയും കെ.എന്‍ സതീഷിന്റെയും മൊഴി ഇന്നോ നാളെയോ രേഖപ്പെടുത്തും. ഇതിനു ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."