ചോദ്യപേപ്പര്‍ മാറി നല്‍കിയതിനെതിരേയുള്ള ഹരജി വിദ്യാര്‍ഥിനി പിന്‍വലിച്ചു
കൊച്ചി : സി.ബി.എസ്.ഇ പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയതിനെതിരേ നല്കിയ ഹരജി വിദ്യാര്‍ഥിനി പിന്‍വലിച്ചു. ഇന്നലെ ഹൈക്കോടതി ഹരജി പരിഗണനയ്ക്കെടുത്തപ്പോള്‍ പിന്‍വലിക്കുകയാണെന്ന് വിദ്യാര്‍ഥിനിയുടെ അഭിഭാഷകന് അറിയിച്ചു. സിംഗിള്‍ബെഞ്ച് ഇതനുവദിച്ചു.
പത്താം ക്ലാസിലെ കണക്ക് പരീക്ഷയ്ക്ക് മുന്‍വര്‍ഷത്തെ ചോദ്യപേപ്പറാണ് തനിക്ക് കിട്ടിയതെന്നാരോപിച്ച് കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലെ അമീയ സലീമാണ് ഹരജി നല്‍കിയത്. പരീക്ഷയെഴുതി പുറത്തിറങ്ങി കൂട്ടുകാരുമായി ഉത്തരങ്ങള്‍ ഒത്തുനോക്കിയപ്പോഴാണ് പഴയ ചോദ്യ പേപ്പര്‍ കിട്ടിയ വിവരം അറിഞ്ഞതെന്നും പ്രിന്‍സിപ്പലിന് പരാതി നല്‍കിയെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹരജിക്കാരി 2016 ല്‍ തന്റെ സഹോദരന് ലഭിച്ച ചോദ്യപേപ്പര്‍ ഹാളില്‍ കൊണ്ടുവന്ന് പരീക്ഷയെഴുതിയതാകാമെന്നും ചോദ്യപേപ്പര്‍ മാറിയെന്ന് ഇന്‍വിജിലേറ്റര്‍ക്ക് പരാതി നല്‍കിയിരുന്നില്ലെന്നും സി.ബി.എസ്.ഇ ഹരജിയില്‍ വിശദീകരണം നല്‍കിയിരുന്നു. സി.ബി.എസ്.ഇയുടെ ഈ വാദങ്ങള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥിനിയുടെ അമ്മ മേയ് നാലിന് മറുപടി സത്യവാങ്മൂലവും നല്‍കിയിരുന്നു.
ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ സി.ബി.എസ്.ഇയുടെ വിശദീകരണത്തില്‍ ഹരജിക്കാരി സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും വാദത്തിനു താല്പര്യമില്ലെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ പഠനത്തിന് തടസമുണ്ടാകാതിരിക്കാനാണ് ഹരജി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന് വ്യക്തമാക്കി. ഹൈക്കോടതി ഇതനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."