മാവോയിസ്റ്റെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തിയ കേസില്‍ നദീറിനെ ഒഴിവാക്കി
കോഴിക്കോട്: കണ്ണൂരിലെ ആറളം ഫാമില്‍ തോക്കുധാരികളായ മാവോവാദികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യു.എ.പി.എ ചുമത്തിയ കോഴിക്കോട് ബാലുശ്ശേരി സ്വദേശി നദീറിനെ കേസില്‍ നിന്ന് ഒഴിവാക്കി.
നദീറിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കേസന്വേഷിക്കുന്ന കേരളാ പൊലിസിന്റെ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് നദീറിന് വിവരാവകാശ പ്രകാരം നല്കിയ മറുപടിയില്‍ പറയുന്നു.
2016 മാര്‍ച്ച് മൂന്നിന് തോക്കുധാരികളായ മാവോവാദി സംഘം ആറളം ഫാമിലെത്തി കാട്ടുതീ എന്ന മാവോവാദി പ്രസിദ്ധീകരണം വിതരണം ചെയ്തെന്നും ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
സുന്ദരി, കന്യാകുമാരി, സി.പി മൊയ്തീന് എന്നിവരുള്‍പ്പെട്ട സംഘമാണ് കോളനിയില്‍ എത്തിയതെന്നും ഇവര്‍ക്കൊപ്പം നദീറുമുണ്ടായിരുന്നെന്നും ഇയാളെ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞിരുന്നെന്നും പോലിസ് പറഞ്ഞിരുന്നു. യു.എ.പി.എ അടക്കം വിവിധ നിയമങ്ങള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നദീര്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിച്ച് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് കേസില്‍ നിന്ന് നദീറിനെ ഒഴിവാക്കിയതായി അന്വേഷണ സംഘം അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."