മെഡിക്കല്‍ കോളജിന് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് വ്യാപകമാകുന്നു
അമ്പലപ്പുഴ: നിരോധിത മേഘലയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് വ്യാപകമാകുന്നു. എക്‌സൈസും ആരോഗ്യവകുപ്പും നോക്കുകുത്തികളാകുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വടക്കെ മതിലിന് പുറത്തുള്ള കച്ചവടസ്ഥാപനങ്ങളിലാണ് പുകയില ഉല്‍പ്പന്നമായ സിഗരറ്റ്, ബീഡി തുടങ്ങിയവ വ്യാപകമായി വില്‍പ്പന നടത്തുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രക്താര്‍ബുദ രോഗികള്‍, മാനസിക രോഗത്തില്‍നിന്നും മുക്തി നേടിവരുന്ന രോഗികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇവിടെ എത്തി സിഗറ്റുകള്‍ വാങ്ങുന്നത്. എന്നാല്‍ ഇവിടെനിന്നും സിഗരറ്റ് വാങ്ങിക്കുന്നവര്‍ക്ക് കത്തിക്കാനായി തീപ്പെട്ടി നല്‍കാറില്ല.
സിഗരറ്റും തീപ്പെട്ടിയും വാങ്ങി ആശുപത്രി വളപ്പിലെ വിശ്രമസ്ഥലത്തും വാഹന പാര്‍ക്കിംഗ് കേന്ദ്രത്തിലിരുന്നുമാണ് ഇവര്‍ പുകവലിക്കുന്നത്. ഇതില്‍ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുമുണ്ട്.
ആശുപത്രിയുടെ വടക്ക് ഭാഗത്തെ മതിലിന്റെ ഇടങ്ങിയ വഴിയില്‍ കൂടി എത്തിയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ഈ വഴി കെട്ടിയടയ്ക്കണമെന്ന ആവശ്യം വളരെ നാളുകളായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ല.
ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പുകവലിക്കുന്നതിനാല്‍ നല്‍കുന്ന മരുന്നുകള്‍ ഫലപ്രദമാകാതെ വരുകയും ചികിത്സയുടെ കാലാവധി നീളുകയും ചെയ്യുന്നു.
ആരോഗ്യവകുപ്പ് അധികൃതരും എക്‌സൈസും ദേശീയ പാതയോരങ്ങളിലെ സ്‌കൂളുകളുടെയും മറ്റും സമീപപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്താറുണ്ടങ്കിലും ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാറില്ല.
ആശുപത്രി വികസന സമിതി ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."