നാലു പഞ്ചായത്തുകളില്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി
ബോവിക്കാനം: മലയോര മേഖലയിലെ നാലു പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു. മുളിയാര്‍, ബേഡഡുക്ക, ബെള്ളൂര്‍, ദേലംപാടി പഞ്ചായത്തുകളില്‍ 25ലധികം പേരാണ് ഡെങ്കിപ്പനി ബാധിച്ച് കാസര്‍കോട്ടെയും മംഗലൂരുവിലെയും ആശുപത്രികളില്‍ ചികിത്സ തേടിയത്.
മുളിയാറിലും ബെള്ളൂരിലും ആറു പേര്‍ക്കും ദേലംപാടിയില്‍ 13 പേര്‍ക്കുമാണ് പനി ബാധിച്ചത്. ബേഡഡുക്കയില്‍ പതിനഞ്ചോളം രോഗികള്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണവും രണ്ടു പേര്‍ക്കു ഡെങ്കി പനി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഡെങ്കിപ്പനിബാധിതരുടെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്റെ കൈയിലില്ല.
ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസേന നൂറോളം പേരാണ് പനിയടക്കമുള്ള രോഗങ്ങള്‍ക്കായി ചികിത്സ തേടിയെത്തുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഉറവിടങ്ങളിലെ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ കാര്യമായി നടത്തിയിരുന്നില്ലെന്നാണ് ആരോപണം.
കമുകിന്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാതെ വന്നതും റബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ യഥാസമയം മാറ്റാത്തതും കൊതുകുവളര്‍ച്ച കൂട്ടി. പല പഞ്ചായത്തുകളിലും ശുചീകരണപ്രവര്‍ത്തനം വേണ്ടതുപോലെ നടക്കുന്നില്ല. കൊതുകുനശീകരണം നടത്താന്‍ റബര്‍ കര്‍ഷകരുടെ യോഗം വിളിക്കുന്നുണ്ടെങ്കിലും നാമമാത്ര കര്‍ഷകര്‍ മാത്രമാണ് പങ്കെടുക്കുന്നത്. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ പലരും താല്‍പര്യമെടുക്കുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരും പരാതിപ്പെട്ടു. വാര്‍ഡുതല ശുചീകരണപ്രവര്‍ത്തനങ്ങള്‍ പലയിടത്തും ഇനിയും തുടങ്ങിയിട്ടില്ല. പ്രധാന ടൗണുകളിലും ചെറുകവലകളിലും ദേശീയപാതയടക്കമുള്ള പല പാതയ്ക്കരികിലും മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ഇത്തരം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരോഗ്യ വകുപ്പ് അധികൃതരോ പഞ്ചായത്ത് അധികൃതരോ തയാറാവുന്നില്ലെന്നാണ് ജനം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."